/sathyam/media/media_files/2025/11/07/narendra-modi-vande-bharath-express-2025-11-07-14-29-48.jpg)
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ നാളെ മുതൽ ബംഗളുരുവിലേക്ക് കുതിച്ചുപായും. മലയാളികളുടെ ബംഗളുരു യാത്രാദുരിതം ഒരളവു വരെ പരിഹരിക്കുന്നതായിരിക്കും വന്ദേഭാരത്.
എന്നാൽ ബംഗളുരുവിൽ നിന്ന് എറണാകുളം വരെയുള്ള വന്ദേഭാരത് തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്. ബംഗളുരുവിലേക്ക് മലയാളികളുടെ അതിവേഗ ട്രെയിൻ യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതാണ് വന്ദേഭാരത്. നിലവിൽ കാസർകോട്ടേക്കും മംഗലാപുരത്തേക്കും രണ്ട് വന്ദേഭാരത് സർവീസുകളുണ്ട്.
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് നാളെ രാവിലെ 8.20ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഓൺലൈനായാണ് പ്രധാനമന്ത്രിയുടെ ഫ്ലാഗ് ഓഫ്.
ഇതേസമയം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ട്രെയിനിന് പച്ചക്കൊടി കാട്ടും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.
വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പുതിയ സർവീസ് വെർച്വലായി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഫ്ളാഗ് ഓഫും ഇതിനൊപ്പം നിർവ്വഹിക്കും .ഉദ്ഘാടന സർവ്വീസ് രാവിലെ 8ന് തുടങ്ങി വൈകിട്ട് 5.50ന് ബെംഗളൂരുവിലെത്തും.
ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസമാണ് എറണാകുളം ബെംഗളൂരു വന്ദേഭാരത് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്ന്: രാവിലെ 5:10ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:50ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളത്ത് നിന്ന്: മടക്കയാത്ര ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ അവസാനിക്കും.
ഒൻപത് പ്രധാന സ്റ്റോപ്പുകളാണ് ട്രെയിനിനുണ്ടാവുക. കേരളത്തിൽ തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പുകളുള്ളത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കർണാടകയിലെ കൃഷ്ണരാജപുരം (കെ.ആർ. പുരം) എന്നിവയാണ് മറ്റു പ്രധാന സ്റ്റോപ്പുകൾ. ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ വഴിയായിരിക്കും സർവീസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെങ്കിലും പതിവ് സർവീസ് 14നു ശേഷമായിരിക്കുമെന്നാണു സൂചന. 8 കോച്ചുകളുള്ള ട്രെയിനിന്റെ റിസർവേഷൻ, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകും.
ട്രെയിൻ ഓടുന്നതോടെ 600ൽ ഏറെ സീറ്റുകൾ കൂടിയാണു ബെംഗളൂരു യാത്രക്കാർക്ക് അധികമായി ലഭിക്കുന്നത്.അറ്റകുറ്റപ്പണി, ശുചീകരണം എന്നിവയ്ക്കുള്ള സൗകര്യം കൃഷ്ണരാജപുരത്തെ യാർഡിലാണ് സജ്ജീകരിക്കുന്നത്.
ഉദ്ഘാടന ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണു പുറപ്പെടുക. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടും.
തെക്കൻ കേരളത്തിൽ നിന്ന് ബംഗളുരുവിലേക്ക് യാത്രാ ദുരിതം പരിഹരിക്കാൻ സർവീസ് തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് പരക്കെ ആവശ്യമുയരുന്നുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് ഏറ്റവുമധികം പേർ ബംഗളുരുവിലേക്ക് യാത്ര ചെയ്യുന്നത്.
ആഘോഷക്കാലത്ത് ട്രെയിനുകളിൽ കാലുകുത്താൻ ഇടമുണ്ടാവില്ല. ടിക്കറ്റുകൾ ദിവസങ്ങൾക്ക് മുന്നേ ബുക്കിങ് പൂർത്തിയായതിനാൽ മറ്റ് വഴികൾ ആശ്രയിക്കുകയാണ് യാത്രക്കാർ.
നൂറുകണക്കിന് സ്വകാര്യ ബസുകളാണ് തെക്കൻ ജില്ലകളിൽ നിന്ന് ബംഗളുരുവിലേക്ക് നിത്യേന സർവീസ് നടത്തുന്നത്. സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദം കാരണമാണ് കേരളത്തിലേക്ക് ബംഗളുരുവിൽ നിന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കാത്തത് എന്ന ആക്ഷേപവുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us