ശബരിമല സ്വർണ്ണക്കൊള്ള. കടുത്ത പ്രതിരോധത്തിൽ സിപിഎം. ഉദ്യോഗസ്ഥർക്ക് പുറമേ രാഷ്ട്രീയ നേതാക്കളിലേക്കും നിഴൽ വിരിച്ച് അറസ്റ്റ് നടപടികൾ. വാസു, പത്മകുമാർ, പി എസ് പ്രശാന്ത് എന്നിവർ അങ്കലാപ്പിൽ. നിലവിലെ ബോർഡിലേക്കും ആരോപണം നീണ്ടതോടെ ഉത്തരം മുട്ടി എൽഡിഎഫും സർക്കാരും

നിലവിൽ വാസുവിനെതിരെ മാത്രമാണ് നിർണായക തെളിവുകൾ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വാസുവിനെ വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുക. 

New Update
a padmakumar n vasu ps prasanth
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കുള്ള വിഷയത്തിൽ കടുത്ത പ്രതിരോധത്തിലേക്ക് സിപിഎം. ദേവസ്വം ഉദ്യോഗസ്ഥർക്ക് പുറമേ രാഷ്ട്രീയ നേതാക്കളിലേക്ക് കൂടി അറസ്റ്റ് നീങ്ങിയേക്കും എന്ന തിരിച്ചറിവാണ് സിപിഎമ്മിനെ കുഴക്കുന്നത്. 

Advertisment

മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായ എൻ വാസു അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് അഭ്യൂഹങ്ങൾ ശക്തിപ്പെടുകയാണ്. ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ചുവന്ന വെളിപ്പെടുത്തലാണ് വലിയ രീതിയിൽ സിപിഎമ്മിനെ ഉലയ്ക്കുന്നത്. 


പല കാലയളവുകളിലായി എൽഡിഎഫ് പ്രതിനിധാനം ചെയ്യുന്ന ദേവസ്വം പ്രസിഡണ്ടും അംഗങ്ങളും സംശയ നിഴലിൽ തുടരുമ്പോൾ സിപിഎമ്മിന്റെയും സർക്കാരിന്റെയും വിശ്വാസതയ്ക്കാണ് കോട്ടം തട്ടുന്നത്. 

നിലവിൽ വാസുവിനെതിരെ മാത്രമാണ് നിർണായക തെളിവുകൾ ഇതുവരെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വാസുവിനെ വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുക. 

സിപിഎമ്മിലെ ഉന്നത നേതൃത്വത്തിന്റെ വിശ്വസ്തൻ എന്ന നിലയിൽ വാസു സുപരിചിതനാണ്. പി കെ ഗുരുദാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഇദ്ദേഹം സിപിഎമ്മിലെ നേതാക്കളുടെ ഗുഡ് ബുക്കിൽ ഉള്ള ആളുമാണ്.  

അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആയതിനാൽ തന്നെ അറസ്റ്റ് ഒഴിവാക്കാനാവാത്ത അവസ്ഥയും ഉണ്ട്. 


മുൻ പ്രസിഡണ്ട് എ പത്മകുമാർ, നിലവിലെ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്ത് എന്നിവരും അങ്കലാപ്പിലാണ്. തങ്ങളുടെ കാലത്തും അഴിമതി മറയില്ലാതെ നടന്നുവന്ന റിപ്പോർട്ടാണ് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 


പുറത്തുവന്ന വിധിയിലെ പരാമർശത്തിൽ മറ്റു പ്രസിഡണ്ടുമാരെ കൂടി അന്വേഷണത്തിന്റെ പരിധിയിലേക്ക് എത്തിക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.

സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എ പത്മകുമാർ ബോർഡ് പ്രസിഡൻ്റായിരുന്ന കാലത്ത് ശബരിമലയിൽ മൊത്തം കുത്തഴിഞ്ഞ അവസ്ഥയാണെന്നും നിയമപരമായി ഒന്നും നടക്കുന്നില്ലെന്നും അറിയിച്ച് മുൻ തിരുവാഭരണം കമ്മീഷണർ ദേവസ്വം ബോർഡിന് എഴുതിയ കത്ത് പുറത്ത് വന്നതോടെയാണ് പത്മകുമാറിന്റെ കാര്യം പരുങ്ങലിലായത്. 


അയ്യപ്പൻ്റെ പേരിൽ ഇവിടെ നടക്കുന്നതെല്ലാം നിയമവിരുദ്ധമായാണ് എന്നാണ് തിരുവാഭരണം കമ്മീഷണറായിരുന്ന ആർ ജി രാധാകൃഷ്ണൻ ബോർഡിനെ രേഖാമൂലം അറിയിച്ചത്. 


2019 സെപ്റ്റംബർ 3ന് നൽകിയ കത്തിന്റെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്.ഭഗവാൻ്റെ വസ്തുവകകൾ ഒന്നും സുരക്ഷിതമല്ല, അതിലുപരി ഒന്നും വ്യവസ്ഥാപിതമല്ല, സ്വർണ ഉരുപ്പടികളുടെ സ്റ്റോക്കിൻ്റെ കാര്യത്തിലടക്കം ഒരുകാര്യത്തിലും വെരിഫിക്കേഷൻ നടക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ കത്തിൽ പറയുന്നുണ്ട്. 

നടവരവ് സാധനങ്ങളുടെ കൂടുതൽ, കുറവ് സ്റ്റേറ്റ്മെൻ്റുകൾ മാസത്തിൽ ഒരിക്കലോ ആറ് മാസത്തിൽ ഒരിക്കലോ പോലും മേലാഫീസിലേക്ക് അയക്കാറില്ല. 

നിയമപ്രകാരം മേലാഫീസിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളുടെ എണ്ണപ്പടി പരിശോധന നടക്കാറില്ല. ഇത് സംബന്ധിച്ച രജിസ്റ്ററുകൾ ഒന്നും തന്നെ സൂക്ഷിക്കുന്നില്ല. ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രഥമ പരിഗണന നൽകേണ്ടത് സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ഉരുപ്പടികളടെ നടവരവിലും വിനിയോഗത്തിലുമാണ്. 


എന്നാൽ ഈ സംഗതികൾക്ക് ഏറ്റവും അവസാനത്തെ പരിഗണനയാണ് ലഭിക്കുന്നത്. തന്മൂലം ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങളും നടവരവായ ഉരുപ്പടികളും സുരക്ഷിതമാണോ എന്നും ആശങ്കപ്പെടേണ്ടതുണ്ട്. 


ആകയാൽ എത്രയും വേഗം തിരുവാഭരണങ്ങളുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ബോർഡ് പുറപ്പെടുവിച്ചിട്ടുള്ള നിയമങ്ങൾ കർശനമായി അനുവർത്തിക്കാൻ എല്ലാ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും ഉത്തരവ് നൽകേണ്ടതാണെന്നും കത്തിൽ പറയുന്നു. 

എന്നാൽ ഇത്തരം ഒരു കത്ത് ലഭിച്ചിട്ടും ബോർഡോ പ്രസിഡണ്ടോ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. നിലവിലെ അധ്യക്ഷനായ പി എസ് പ്രശാന്തിലേക്ക് കൂടി അന്വേഷണം നീണ്ടതോടെ രഷ്ട്രീമായി എൽഡിഎഫിനും സർക്കാരിനും കടുത്ത തിരിച്ചടിയാണ് കോടതി തിരഞ്ഞെടുപ്പ് കാലത്ത് നൽകിയിട്ടുള്ളത്.

Advertisment