/sathyam/media/media_files/2025/11/10/election-commission-of-india-2025-11-10-15-18-35.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇത് പാലിച്ചായിരിക്കണം പ്രചാരണവും വോട്ടുപിടുത്തവുമെല്ലാം.
നിരീക്ഷണത്തിന് സംവിധാനങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശസ്വയംഭരണ സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ ജില്ലാ, ബ്ലോക്ക്‌പഞ്ചായത്തുകളുടെ കാര്യത്തിൽ, അതത് നിയോജകമണ്ഡലങ്ങളിലും പ്രസ്തുത നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാണ്.
ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ പഞ്ചായത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എന്നാൽ, മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളുടെ കാര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ മാത്രമാണ് മാതൃകാ പെരുമാറ്റച്ചട്ടം ബാധകമായിരിക്കുക.
വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ വംശപരമോ ജാതിപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടുവാൻ പാടില്ല.
അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മൂന്നുവർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. മറ്റു രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അത് അവരുടെ നയങ്ങളിലും പരിപാടികളിലും, പൂർവ്വകാലചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രമായി ഒതുക്കി നിറുത്തേണ്ടതാണ്.
മറ്റു കക്ഷികളുടെ നേതാക്കന്മാരുടേയും പ്രവർത്തകരുടേയും സ്ഥാനാർത്ഥികളും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യജീവിതത്തിൻ്റെ വിവിധവശങ്ങളെക്കുറിച്ച് രാഷ്ട്രീയകക്ഷികളും വിമർശിക്കരുത്. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് മറ്റ്കക്ഷികളെയും അവയിലെ പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ വോട്ട് തേടാൻപാടില്ല. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി മതസ്ഥാപനങ്ങൾ, മോസ്കുകൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ മറ്റ് ആരാധനാലയങ്ങൾ ഉപയോഗിക്കരുത്.
ഏതെങ്കിലും സ്ഥാനാർത്ഥിക്കോ സമ്മതിദായകനോ അവർക്ക് താത്പര്യമുള്ള വ്യക്തികൾക്കോ എതിരെ സാമൂഹികബഹിഷ്കരണം, സാമൂഹിക ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികൾ ഉയർത്തരുത്.
സമ്മതിദായകർക്ക് പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ വോട്ടെടുപ്പ് ദിവസം പോളിംഗ്സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിൻ്റെ കാര്യത്തിൽ 200 മീറ്ററിനുള്ളിലും വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുൻപുള്ള 48 മണിക്കൂർ സമയത്ത് പൊതുയോഗങ്ങൾ നടത്തുക, പോളിംഗ്സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും എത്ര എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കേണ്ടതാണ്.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവർത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അവലംബിക്കരുത്.
രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ അവരുടെ അനുയായികളോ ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ പാടില്ല.
സർക്കാർ ആഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട്ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റ് പ്രചരണോപാധികളും തടസ്സമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകണം.
ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാർത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവച്ചിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തേണ്ടതാണ്.
പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങൾക്ക് വേണ്ടി വരുന്ന ചെലവ്, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തും.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യും.
ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും, പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാർട്ടിയോ ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പോലീസിന് സാധ്യമാകത്തക്കവിധം സ്ഥാനാർത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണം.
തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഓരോ രാഷ്ട്രീയകക്ഷികളും, സ്ഥാനാർത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്.
ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്യോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പാടില്ല.
ഒരു കക്ഷിയുടെ യോഗം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു കക്ഷി ജാഥ നടത്തുവാൻ പാടില്ല. ഒരു കക്ഷിയുടെ ചുവർപരസ്യങ്ങൾ മറ്റു കക്ഷികളുടെ പ്രവർത്തകർ നീക്കം ചെയ്യരുത്. ഇതു മൂലം എന്തെങ്കിലും ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ടവർക്ക് പോലീസ് സഹായം തേടാവുന്നതാണ്.
പൊതുയോഗങ്ങൾ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവർത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.
ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയോ സ്ഥാനാർത്ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുൻകൂട്ടി തീരുമാനിക്കേണ്ടതാണ്.
ലോക്കൽ പോലീസിന് ആവശ്യമായ ക്രമീകരണം നടത്തുന്നതിലേക്കായി പരിപാടിയുടെ സംഘാടകർ ലോക്കൽ പോലീസ് അധികാരികളെ പരിപാടിയെ സംബന്ധിച്ചു മുൻകൂട്ടി അറിയിക്കേണ്ടതാണ്. ജാഥകൾ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകൾ നടത്താൻ തീരുമാനിക്കുകയാണെങ്കിൽ, സംഘാടകർ തമ്മിൽ മുൻകൂട്ടി ബന്ധപ്പെടുകയും ജാഥകൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും ഗതാഗതതടസ്സം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉണ്ടാകാതിരിക്കാനും ധാരണയിലെത്തുകയും വേണം.
ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കൽ പോലീസിൻ്റെ സഹായം തേടണം. മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും പാടില്ല.
അധികാരത്തിൽ വന്നാൽ ഏതെങ്കിലും പാരിതോഷികങ്ങളോ സൗജന്യങ്ങളോ നൽകുമെന്ന് തിരഞ്ഞെടുപ്പ്പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യാൻ പാടില്ല.
അനധികൃതമായി ബോർഡുകൾ/ബാനറുകൾ/പതാകകൾ/തോരണങ്ങൾ/ഹോർഡിംഗുകൾ എന്നിവ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാൻ പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാർത്ഥികളും പത്രം, ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വിവിധമാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നത് നിയമാനുസൃതമായിരിക്കേണ്ടതാണ്.
രാഷ്ട്രീയകക്ഷികൾ അവരവരുടെ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റികാർഡുകളും നൽകേണ്ടതാണ്. സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക സ്ലിപ്പുകൾ വെള്ളകടലാസിൽ ആയിരിക്കണം. അവയിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ, ചിഹ്നമോ ഉണ്ടാകാൻ പാടില്ല.
200 മീറ്റർ പഞ്ചായത്തിനെ സംബന്ധിച്ച് പോളിംഗ്സ്റ്റേഷന്റെ പരിധിയിലോ മുനിസിപ്പാലിറ്റിയെ സംബന്ധിച്ച് പോളിംഗ്സ്റ്റേഷന്റെ 100 മീറ്റർ പരിധിയിലോ രാഷ്ട്രീയകക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക്, വസ്ത്രങ്ങൾ, തൊപ്പി മുതലായവയൊന്നും ഉപയോഗിക്കുവാൻ പാടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us