കെഎം മാണി സഭയിൽ വലിപ്പചെറുപ്പം നോക്കാതെ പെരുമാറിയ നേതാവ്: സ്പീക്കർ എഎൻ ഷംസീർ; കെഎം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ സ്പീക്കർ പ്രകാശനം ചെയ്തു

1976 മുതൽ 2015 വരെ വിവിധ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളുടെ 615 പേജുകളുള്ള സമ്പൂർണ്ണ സമാഹാരത്തിൻ്റെ അവതാരിക എഴുതിയതും സ്പീക്കറാണ്. 

New Update
an shamseer book release-2

തിരുവനന്തപുരം: കേരള നിയമസഭയിൽ വലിപ്പചെറുപ്പം നോക്കാതെ എല്ലാവരോടും പെരുമാറിയിരുന്ന നേതാവായിരുന്നു കെ എം മാണി എന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. 

Advertisment

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ' കെ.എം മാണിയുടെ ബജറ്റ് പ്രസംഗങ്ങൾ ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള രാഷ്ട്രീയത്തിൽ അപൂർവ റെക്കോർഡുകൾ നേടിയ വ്യക്തി കൂടെയായിരുന്നു മാണി. 50 വർഷത്തിലേറെ കാലം സാമാജികൻ ആയ നേതാക്കളിൽ ഒരാൾ, 13തവണ കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിച്ച ആൾ എന്നതെല്ലാം അദ്ദേഹത്തിൻ്റെ പ്രത്യേകതകൾ ആയിരുന്നു.

1976 മുതൽ 2015 വരെ വിവിധ കാലയളവിൽ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങളുടെ 615 പേജുകളുള്ള സമ്പൂർണ്ണ സമാഹാരത്തിൻ്റെ അവതാരിക എഴുതിയതും സ്പീക്കറാണ്. 

ബജറ്റ് രേഖ സംസ്ഥാന ഭരണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എത്രത്തോളമുണ്ടാകും എന്ന് ജനങ്ങളെ കൊണ്ട് ചിന്തിപ്പിക്കുന്ന പ്രസംഗങ്ങൾ ആയിരുന്നു കെ എം മാണി നടത്തിയിരുന്നത് എന്ന് പുസ്തകം ഏറ്റുവാങ്ങിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

an shamseer book release

കാരുണ്യ പദ്ധതി പോലെ മാനുഷിക മൂല്യങ്ങൾക്ക് വില കല്പിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുന്നതും മാണിയുടെ മുഖമുദ്രയായിരുന്നു,  മന്ത്രി പറഞ്ഞു.

ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ. ജയരാജ്, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, സാഹിത്യ വിമർശകൻ കുര്യാസ് കുമ്പളക്കുഴി, പുസ്തകത്തിൻ്റെ കവർ ഡിസൈനർ അനിൽ വേഗ തുടങ്ങിയവർ പങ്കെടുത്തു.

Advertisment