/sathyam/media/media_files/2026/01/21/bms-dharna-2026-01-21-14-11-33.jpg)
തിരുവനന്തപുരം: "നയാ പൈസ ഡിഎ ഇല്ലാത്ത ഞങ്ങൾക്കും ജീവിക്കണം. ക്ഷാമബത്ത ഔദാര്യമല്ല; അവകാശമാണ്" എന്ന മുദ്രാവാക്യമുയർത്തി കെഎസ്ടി എംപ്ലോയീസ് സംഘിൻ്റെ നേതൃത്വത്തിൽ ചീഫ് ഓഫീസിൽ നിന്ന് ആരംഭിച്ച കെഎസ്ആർടിസി ജീവനക്കാരുടെ ഗതാഗത മന്ത്രി ഓഫീസ് മാർച്ചും ധർണ്ണയും ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എംപി രാജീവൻ ഉദ്ഘാടനം ചെയ്തു.
"ക്ഷമയുടെ നെല്ലിപ്പലക കണ്ട ജീവനക്കാരെ സർക്കാർ ഇനിയും പരീക്ഷിക്കാൻ നിൽക്കരുത്. പ്രതിപക്ഷത്തിരുന്നപ്പോൾ അവകാശ സമരങ്ങൾ ഉദ്ഘാടനം നടത്തി നടന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ശമ്പളവും ഡി എ യും അവകാശമല്ല, സർക്കാരിൻ്റെ ഔദാര്യമാണെന്ന് പറയുന്നു.
ഇത് ഭരണത്തിൽ എത്താൻ കൂടെ നിന്ന ജീവനക്കാരെ കാര്യം കഴിഞ്ഞ് പുറം കാലിന് തൊഴിക്കുന്ന സമീപനമാണിത്. വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ കേരളത്തിൽ പൂജ്യം ശതമാനം ഡിഎയുമായി കെഎസ്ആർടിസി ജീവനക്കാർക്ക് എത്ര കാലം മുന്നോട്ടു പോകാൻ കഴിയും ? ഇക്കാരണത്താൽ തന്നെ കടം കയറി ജീവനക്കാർ ആത്മഹത്യ ചെയ്യുകയാണ്.
സർക്കാർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. പങ്കാളിത്ത പെൻഷൻ കുടിശ്ശിക 450 കോടിയായി. ഇതിൽ ഉൾപ്പെട്ട ജീവനക്കാർ വിരമിക്കുമ്പോൾ പെൻഷൻ കിട്ടുന്നില്ല. ഇടതുപക്ഷ സർക്കാർ അവരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
രണ്ടര വർഷം ജോലി ചെയ്യുന്ന മന്ത്രിമാരുടെ പാർട്ടി നോമിനികളായ പി എമാർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ, ഫാമിലി പെൻഷൻ. മുപ്പതും മുപ്പത്തഞ്ചും വർഷം സർക്കാരിനെ സേവിക്കുന്നവർക്ക് പങ്കാളിത്ത പെൻഷൻ.
കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങി നൽകാതെ പഴഞ്ചൻ ബസുകളുടെ കാലാവധി നീട്ടി നൽകി യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ വച്ച് സർക്കാർ പന്താടുന്നു.
ജീവനക്കാർ അടച്ച പിഎഫ് തിരികെ നൽകുന്നില്ല. പ്രമോഷൻ നിഷേധിക്കുന്നു. ക്ഷാമബത്ത ചോദിക്കുമ്പോൾ ശമ്പളം ഇത്രയൊക്കെ മതി എന്ന് പറയാൻ കീഴൂട്ട് വീട്ടിൽ ആനപ്പിണ്ഡം വാരാൻ നിൽക്കുന്നവരല്ല കെഎസ്ആർടി സി ജീവനക്കാർ.
ഇത്തരം മാടമ്പിത്തരം ഒരു സർക്കാറിനും ഭൂഷണമല്ല. വിഷയങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ബിഎംഎസ്സിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വരും - രാജീവൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സി. ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജനറൽ സെക്രട്ടറി എസ്. അജയകുമാർ സ്വാഗതം ആശംസിച്ചു.
ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി.നായർ, ട്രഷറർ ആർ. എൽ. ബിജുകുമാർ, സംസ്ഥാന സെക്രട്ടറി എസ്. ആർ. അനീഷ് എന്നിവർ ആശംസാ പ്രസംഗവും സംസ്ഥാ സെക്രട്ടറി എം.ആർ. രമേഷ് കുമാർ കതജ്ഞതയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us