നവകേരള സർവേയെന്ന പേരിൽ ഖജനാവിലെ ഇരുപതു കോടി ചെലവിട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സ്ക്വാഡ് വർക്ക്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കാനും ചുളുവിൽ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനുമുള്ള കുറുക്കുവഴി. 2031ൽ വികസിത കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമെന്ന സർക്കാർ വാദം വകവയ്ക്കാതെ ഹൈക്കോടതി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സർവേ റദ്ദാക്കിയത് സർക്കാരിന് വൻപ്രഹരം

ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ സർവേയുടെ ആദ്യഘട്ട നടത്തിപ്പിനായാണ് 20 കോടി രൂപ അനുവദിച്ചത്. ഇത് തെറ്റാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്.

New Update
pinarai vijayan high court
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഖജനാവിലെ ഇരുപതു കോടി ചെലവിട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുമുന്നണിയുടെ ഇലക്ഷൻ ക്യാമ്പെയിനായി നവകേരള സർവേ നടത്താനുള്ള സർക്കാരിന്റെ വഴിവിട്ട നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. 

Advertisment

സർക്കാരിന്റെ കാലാവധി തീരാൻ നാലുമാസം മാത്രം സമയമുള്ളപ്പോൾ നടത്തുന്ന സർവേ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ഹൈക്കോടതിയിലെത്തിയ ഹർജിയിലുണ്ടായിരുന്നത്. 


ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാനെന്ന പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രാഷ്ട്രീയ പ്രചാരണത്തിനാണ് സർക്കാർ ഒരുങ്ങിയത്. 

ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ സർവേയുടെ ആദ്യഘട്ട നടത്തിപ്പിനായാണ് 20 കോടി രൂപ അനുവദിച്ചത്. ഇത് തെറ്റാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള നവകേരള സർവേ സർക്കാർ ചെലവിൽ നടത്തുന്ന എൽഡിഎഫ് സ്ക്വാഡ് പ്രവർത്തനത്തിനു സമാനമായിരുന്നു. 


പ്രകടന പത്രികയുണ്ടാക്കാനുള്ള കുറുക്കുവഴി കൂടിയായിരുന്നു ഇത്. സാമൂഹിക സന്നദ്ധസേനയിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നാണ് വോളണ്ടിയർമാരെ തിരഞ്ഞെടുക്കേണ്ടിയിരുന്നതെങ്കിലും ഡിവൈഎഫ്ഐക്കാരാണ് വോളണ്ടിയർമാരായത്. 


നവകേരള പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമുള്ള പഠനപരിപാടിയാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഉത്തരവിലുണ്ടായിരുന്നു. 

മാർച്ച് 31ന് പഠന റിപ്പോർട്ട് സർക്കാരിനു കൈമാറേണ്ടതായിരുന്നു. എന്നാൽ അതിന് മുൻപു തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നതിനാൽ തുടർ നടപടികൾ അസാദ്ധ്യമായിരുന്നു. 


തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് സർവേയ്ക്ക് പിന്നിലെന്നും സി.പി.എം പ്രവർത്തകരേയും അനുഭാവികളേയുമാണ് സർവേ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ പക്കൽ ആവശ്യത്തിന് വിവരങ്ങളുണ്ടെന്നുമൊക്കെയുള്ള ഹർജിക്കാരുടെ വാദങ്ങൾ ശരിവച്ചാണ് സർവേ ഹൈക്കോടതി റദ്ദാക്കിയത്.


വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണ്സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയെന്നാണ് സർക്കാർ വാദിച്ചത്. 

അതേസമയം, സി.പി.എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ സെപ്തംബർ 23ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേയ്ക്ക് മന്ത്രിസഭ തീരുമാനിച്ചതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. 


എന്നാൽ കത്തിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നാണ് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചത്. തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയെ കക്ഷി ചേർക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. 


സർവേയ്ക്കുള്ള വോളണ്ടിയർമാരിൽ എത്ര ശതമാനം ഇടതുപക്ഷക്കാരുണ്ടെന്നും പാർട്ടി താത്പര്യത്തിൽ ആർക്കെങ്കിലും അവസരം നിഷേധിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. 

ഔദ്യോഗിക സർവേയാണെങ്കിൽ ആസൂത്രണ വകുപ്പു മുഖാന്തിരമാണ് നടത്തേണ്ടതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.


ഭാവി കേരള വികസന നിർദ്ദേശങ്ങൾ, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികൾ എന്നിവയെ കുറിച്ച് ജനങ്ങളിൽ നിന്ന് വിവരം ശേഖരിക്കാനായിരുന്നു സർവേ. സർക്കാർ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തിരുന്നു. 


ഒരു വാർഡിൽ രണ്ട് സന്നദ്ധപ്രവർത്തകരെന്ന നിലയിൽ 85,000 സന്നദ്ധ പ്രവർത്തകരെയാണ് നിയോഗിച്ചിരുന്നത്. നാല് ചോദ്യങ്ങളാണ് സർവേയിലുണ്ടായിരുന്നത്. 

വികസന നിർദേശങ്ങൾ, നടപ്പാക്കുന്ന പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങൾ, നടപ്പാക്കേണ്ട ക്ഷേമപദ്ധതികൾ, നിലവിലെ ക്ഷേമ പദ്ധതികളിലുണ്ടാകേണ്ട മാറ്റങ്ങൾ എന്നിങ്ങനെയാണവ. 


2031ൽ വികസിത കേരളം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർവേ. വികസന പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സർവേയെന്നാണ് സർക്കാർ നിലപാട്.


അതേസമയം, സർവേയ്ക്കായി സർക്കാർ ഉത്തരവു പ്രകാരം രൂപീകരിക്കുന്ന ജില്ലാ, നിയമസഭാ മണ്ഡല, തദ്ദേശസ്ഥാപന സമിതികളിൽ പാർട്ടി ആളെ കണ്ടെത്തി കൊടുക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികൾക്ക് അയച്ച കുറിപ്പിൽ ആവശ്യപ്പെട്ടത് പുറത്തായതോടെ സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞു. 

ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ ജില്ലാ സെക്രട്ടറിമാർ പാർട്ടി സെന്ററിനു നൽകണമെന്നായിരുന്നു സിപിഎം സെക്രട്ടറിയുടെ നിർദേശം. 

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു പ്രചാരണ പരിപാടി സർക്കാർ ചെലവിൽ ആവിഷ്കരിക്കുകയും വിശദാംശങ്ങൾ പാർട്ടി നിശ്ചയിച്ച് നടപ്പാക്കുകയും ചെയ്യുന്ന തട്ടിപ്പിനാണ് ഹൈക്കോടതി ഇന്ന് തടയിട്ടത്.

Advertisment