നമ്പർ വൺ ആരോഗ്യ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മൂന്നു ദിവസമായി ഒപിയില്ല. വിദ്യാർത്ഥികൾക്ക് ക്ലാസില്ല. ഒപികളിൽ സീനിയർ ഡോക്ടർമാർ എത്തുന്നില്ല. രോഗികളെ പരിശോധിക്കുന്നത് പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും. നാളെ മുതൽ രോഗികളുടെ ഓപ്പറേഷനുകളും നിർത്തുമെന്ന് ഡോക്ടർമാർ. ജനങ്ങൾ മെഡിക്കൽ കോളേജുകളിലേക്ക് എത്തേണ്ടെന്ന് ഡോക്ടർമാർ. ശമ്പളകുടിശിക പ്രശ്നത്തിൽ സമയത്ത് തീരുമാനമെടുക്കാതെ വഷളാക്കി സർക്കാർ

എൻട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കാമെന്നും ശമ്പളപരിഷ്കരണ കുടിശ്ശികയ്ക്ക് നിയമോപദേശം തേടാമെന്നും, നിയമോപദേശം അനുകൂലമാണെങ്കിൽ കുടിശ്ശിക നൽകാമെന്നും സർക്കാർ നൽകിയ ഉറപ്പു പാലിക്കാത്തതാണ് ഇപ്പോഴത്തെ കടുത്ത സമരത്തിന് വഴിവച്ചത്.

New Update
medical college doctors strike
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ അനിശ്ചിതകാല ഓ പി ബഹിഷ്കരണത്തിനൊപ്പം അടിയന്തരമായതൊഴികെയുള്ള  ശസ്ത്രക്രിയകളും നിർത്തുമെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചത് സർക്കാരിന് വൻ തിരിച്ചടിയായി. 

Advertisment

നാളെ മുതലാണ് ‌ഓപ്പറേഷനുകളും നിർത്തുന്നത്. ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക നൽകുന്നതിനുള്ള കാലതാമസമാണ് സമരത്തിന്റെ കാരണം. 


ശമ്പള കുടിശിക നൽകാൻ നിയമ തടസമില്ലെന്ന് നിയമവകുപ്പിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂട്ടാക്കാതെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിടുകയാണെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിറ്റിഎ ആരോപിക്കുന്നത്.


മൂന്ന് ദിവസമായി ഒ.പി ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും ശക്തമായി തുടരുകയാണ് ഡോക്ടർമാർ. ഒ.പികളിൽ സീനിയർ ഡോക്ടർമാർ എത്തിയില്ല. പി.ജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരുമാണ് ഒ.പിയിൽ രോഗികളെ പരിശോധിച്ചത്. 

വിദ്യാർത്ഥികളുടെ പഠനവും മുടങ്ങി. എല്ലാ മെഡിക്കൽ കോളേജുകളിലും ധർണ്ണ നടത്തി. 2025 ജൂലൈ ഒന്നു മുതൽ തുടങ്ങിയ പ്രതിഷേധത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലാത്തതിനാലാണ് ഡോക്ടർമാർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. 

പ്രത്യക്ഷ സമരം ഒഴിവാക്കുവാനായി കഴിഞ്ഞ 6 വർഷം സംഘടന നിവേദനങ്ങൾ നൽകുകയും അധികാരികളുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു തീരുമാനവും ഉണ്ടായില്ല. സംഘടന മുൻകൂറായി നോട്ടീസ് നൽകിയിട്ടാണ് സമരം ആരംഭിച്ചതും തുടരുന്നതും.


എൻട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കുക, 2016 മുതലുള്ള ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുക, പുതിയ തസ്തികകൾ ആവശ്യത്തിന് സൃഷ്ടിക്കാതെ താത്കാലിക സ്ഥലംമാറ്റം വഴി പുതിയ മെഡിക്കൽ കോളേജുകൾ നടത്താൻ ശ്രമിക്കുന്നത് അവസാനിപ്പിക്കുക, രോഗി പരിചരണത്തിന് ആവശ്യമായ അത്രയും ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കുക, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.


എൻട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കാമെന്നും ശമ്പളപരിഷ്കരണ കുടിശ്ശികയ്ക്ക് നിയമോപദേശം തേടാമെന്നും, നിയമോപദേശം അനുകൂലമാണെങ്കിൽ കുടിശ്ശിക നൽകാമെന്നും സർക്കാർ നൽകിയ ഉറപ്പു പാലിക്കാത്തതാണ് ഇപ്പോഴത്തെ കടുത്ത സമരത്തിന് വഴിവച്ചത്.

ജനുവരി 18ന് ശമ്പളക്കുറവ് പരിഹരിക്കുവാനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും അത് ആർക്കും ഗുണം ലഭിക്കാത്ത തീരുമാനമായിരുന്നു. 


സംഘടനയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആരോഗ്യവകുപ്പ്, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ഡി.എം.ഇ എന്നിവരുമായുള്ള ചർച്ചയിൽ ഫെബ്രുവരി രണ്ടിന് എൻട്രി കേഡർ ശമ്പള അപാകത പരിഹരിക്കുവാനുള്ള ഉത്തരവ് പരിഷ്കരിക്കുമെന്ന് അറിയിച്ചു. 


ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുന്നതിനുള്ള നിയമോപദേശം ഈ ചർച്ചയ്ക്ക് ശേഷം മാത്രമാണ് തേടിയത്. എൻട്രി കേഡർ ശമ്പളക്കുറവ് പരിഹരിക്കുവാനുള്ള ഉത്തരവ് അതിനുശേഷം പരിഷ്കരിച്ച് ഇറക്കി.  

ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുന്ന കാര്യത്തിൽ നിലവിൽ തടസ്സമുള്ള കേസുകൾ യു.ജി.സി. ഗ്രാന്റ് ഉള്ള കോളേജ് അധ്യാപകരുടെ കാര്യത്തിലാണ് ഉള്ളത്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളത്തിൽ യു.ജി.സി. ഗ്രാന്റ് ബാധകമല്ല. 

മാത്രമല്ല, മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് 2016 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയുള്ള ശമ്പളപരിഷ്കരണ കുടിശ്ശിക ലഭിക്കുവാനുള്ളപ്പോൾ, ഈ കാലയളവിലെ 2019 ഏപ്രിൽ മുതൽ തന്നെ കോളേജ് അധ്യാപകർക്ക് ശമ്പളപരിഷ്കരണം ശമ്പളമായിട്ടുതന്നെ ലഭിച്ചു. 

മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ശമ്പളക്കുടിശ്ശിക നൽകുന്നത് തടയുന്ന ഒരു വ്യവഹാരവും കോടതികളിൽ നിലവിലില്ല. കോളേജ് അധ്യാപകർക്ക് ശമ്പളമായി നൽകിയ സമയത്തുള്ള കുടിശ്ശിക മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് നൽകുന്നതിൽ ഒരു വിധത്തിലുള്ള നിയമപ്രശ്നവും ഉണ്ടാവുകയില്ല.

health minister veena george


ആരോഗ്യമന്ത്രി ഉന്നയിക്കുന്ന നിയമപ്രശ്നം കോളേജ് അധ്യാപകരുടെ യു.ജി.സി ഗ്രാന്റുമായി ബന്ധപ്പെട്ടതാണെന്നും അത് മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ബാധകമല്ലെന്നും കെ.ജി.എം.സി.ടി.എ പറയുന്നു.


ഇക്കാര്യത്തിൽ ധനകാര്യ വകുപ്പ് നിയമോപദേശം തേടിയപ്പോൾ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് ശമ്പളക്കുടിശ്ശിക അനുവദിക്കുന്നതിനു നിലവിലുള്ള കോടതി വ്യവഹാരങ്ങൾ ഒന്നും തടസ്സമല്ലെന്ന് നിയമ വകുപ്പിൽ നിന്നും നിയമോപദേശം ലഭിച്ചിരുന്നു. ഈ ഫയൽ ഫെബ്രുവരി 13ന് ധനമന്ത്രിയുടെ മുന്നിലെത്തിയെങ്കിലും തുടർനടപടികൾ  ഉണ്ടായിട്ടില്ല.
 
മെഡിക്കൽ കോളേജ് ഡോക്ടർമാർ വോട്ട് ബാങ്ക് അല്ലാത്തതാകാം മറ്റു സംസ്ഥാന ജീവനക്കാർക്ക് ശമ്പളപരിഷ്കരണ കുടിശ്ശിക പൂർണ്ണമായി നൽകുവാൻ ഉത്തരവിറക്കിയിട്ടും ഡോക്ടർമാരെ അവഗണിച്ചതിന് കാരണമെന്നാണ് കെ.ജി.എം.സി.ടി.എ പറയുന്നത്. 


നിപ്പയുടെയും കോവിഡിന്റെയും കാലഘട്ടത്തിൽ മുൻനിര പോരാളികളായി ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്തി അഹോരാത്രം പ്രയത്നിച്ച ഡോക്ടർമാരോട് ആണ് ഈ അനീതി കാണിക്കുന്നത്. ഈ സമരം മൂലം രോഗികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണ്.  


മെഡിക്കൽ കോളേജ് ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിട്ടിട്ട് അതിന്റെ ഉത്തരവാദിത്തം ഡോക്ടർമാരുടെ തലയിൽ കെട്ടിവയ്ക്കുവാനുള്ള ശ്രമം അപലപനീയമാണെന്നും തികച്ചും ന്യായമായ ആവശ്യങ്ങൾ നിരാകരിച്ച് ജനാധിപത്യപരമായി നടത്തുന്ന സമരത്തെ അടിച്ചമർത്തുവാനുള്ള ശ്രമങ്ങൾ അത്യന്തം ഹീനവും നിന്ദ്യവുമാണെന്നും സംഘടന പറയുന്നു.

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഗവൺമെൻറ് ഡോക്ടേഴ്സ് അസോസിയേഷൻ കെജിഎംസിറ്റിഎ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. 

കേരളത്തിൽ നടക്കുന്ന ഈ സംഭവവികാസങ്ങൾ ദേശവ്യാപകമായ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും അവർ അറിയിച്ചു. സമരത്തിന് പിജി വിദ്യാർത്ഥികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇത് കൂടാതെ ഐ എം എ, ഡോക്ടേഴ്സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വിറ്റി, കെ ജി എം ഒ എ, കെ ജി ഐ എം ഓ എ, കോളേജ് യൂണിയനുകൾ, പാരൻ്റ് ടീച്ചേഴ്സ് അസോസിയേഷനുകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 


ഫെബ്രുവരി 19-ന് സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തും. ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. 

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം സർക്കാർ മെഡിക്കൽ കോളേജുകളുടെ നിലനിൽപിനും ആശുപത്രികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ളതാണ്. 

ഈ സമരത്തിനോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും അടിയന്തിര ചികിത്സയ്ക്ക് ഒഴികെ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടി അഭ്യർത്ഥിച്ചു.

Advertisment