/sathyam/media/media_files/2026/02/23/2000-crore-contract-signed-2026-02-23-14-53-48.jpg)
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമുദ്ര-വ്യാവസായിക കുതിപ്പിന് പുതിയ അധ്യായം രചിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേരള സർക്കാർ.
ഇതുമായി ബന്ധപ്പെട്ട് ഐ.ഒ.സി.എൽ, കോൺകോർ, സി.ഡബ്ല്യു.സി എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) ഒപ്പുവെച്ചു.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വിസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
വെറുമൊരു തുറമുഖ നിർമ്മാണം എന്നതിനപ്പുറം വിഴിഞ്ഞത്തെ പൂർണ്ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മൂന്ന് വൻകിട കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് തുടക്കമിടുന്നത്.
തുറമുഖാധിഷ്ഠിത വ്യവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ സാമ്പത്തിക പരിവർത്തനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നതിനും വി.ഐ.എസ്.എൽ-നെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ യോഗത്തിൽ ഡയറക്ടർ ബോർഡ് എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ വികസന പ്രവർത്തനങ്ങൾ.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കുമ്പോഴും, അവിടെയെത്തുന്ന കപ്പലുകൾക്കാവശ്യമായ ഇന്ധനം, യാർഡുകൾ, ചരക്ക് നീക്കാനുള്ള റെയിൽ ഗതാഗതം എന്നീ തന്ത്രപ്രധാന സംവിധാനങ്ങൾ പൊതുമേഖലയിൽ തന്നെ സർക്കാർ ഉറപ്പാക്കുന്നു.
ചരക്ക് കൈമാറ്റത്തിലെ കുത്തകവൽക്കരണം തടഞ്ഞ് വ്യാപാരികൾക്ക് ന്യായമായ നിരക്ക് ലഭ്യമാക്കാനും രാജ്യത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പുവരുത്താനും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഈ വികസന മാതൃക വഴി സാധിക്കും.
ഇന്ധന സുരക്ഷയ്ക്ക് ഐ.ഒ.സി.എൽ (₹700 കോടി): വിഴിഞ്ഞത്തെത്തുന്ന കൂറ്റൻ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനായി കേന്ദ്ര മഹാരത്ന കമ്പനിയായ ഐ.ഒ.സി.എൽ വൻകിട ബങ്കറിങ് സിലിറ്റികൾ നിർമ്മിക്കും.
ഇതോടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഹബ്ബായി വിഴിഞ്ഞം മാറും. ഗതാഗത ശൃംഖലയ്ക്ക് കോൺകോർ (₹600 കോടി): റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയായ കോൺകോർ റെയിൽ വഴി ചരക്ക് സുരക്ഷിതമായി രാജ്യമെമ്പാടും എത്തിക്കാനുള്ള കണ്ടെയ്‌നർ ഡിപ്പോകളും ചരക്ക് നീക്ക സംവിധാനങ്ങളും വികസിപ്പിക്കും.
ഭീമൻ ലോജിസ്റ്റിക് പാർക്കിന് സി.ഡബ്ല്യു.സി (₹700 കോടി): അത്യാധുനിക മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പാർക്കിനും വലിയ ഗോഡൗണുകൾക്കുമായി കേന്ദ്ര വെയർഹൗസിങ് കോർപ്പറേഷൻ 700 കോടി രൂപ മുതൽമുടക്കും.
സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെ നിർമ്മിക്കുന്ന ഈ പാർക്കിൽ വലിയ കോൾഡ് സ്റ്റോറേജുകളും കയറ്റുമതി അനുബന്ധ യൂണിറ്റുകളും സജ്ജീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us