ജീവനക്കാരുടെ വിവരങ്ങൾ ചോർത്തി ഭരണനേട്ടങ്ങൾ സന്ദേശമയച്ചതിന് ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് പ്രഹരം. ഡേറ്റാ ചോർച്ചയിൽ പോലീസിന് കേസെടുക്കേണ്ടി വരും. ശമ്പള സോഫ്‍റ്റ്‍‍വെയറിലുള്ള വിവരങ്ങൾ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് എങ്ങനെയെന്ന് ഹൈക്കോടതി. ജഡ്ജിമാർക്കും ഇത്തരം സന്ദേശങ്ങൾ അയച്ചെന്ന് ഹർജിക്കാ‌ർ. ദുരുപയോഗം ചെയ്തത് അഞ്ച് ലക്ഷത്തോളം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ

ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. ഇത് സർക്കാർ തന്നെ ലംഘിച്ചിരിക്കുന്നു.

New Update
pinarai vijayan
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചതിനെതിരേ ഹൈക്കോടതി നിലപാടെടുത്തതോടെ ഇതുസംബന്ധിച്ച പരാതിയിൽ പോലീസിന് കേസെടുക്കേണ്ട സ്ഥിതിയായി.

Advertisment

ഡാറ്റാ ചോർച്ചയിൽ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച ഹൈക്കോടതി കേസ് വെള്ളിയാഴ്ച്ച വാദം കേൾക്കാൻ മാറ്റിവച്ചിരിക്കുകയാണ്. മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സന്ദേശങ്ങൾ അയക്കുന്നത് തടഞ്ഞിട്ടുമുണ്ട്.


ഡേറ്റ വിവരങ്ങൾ ചോർത്തിയതാരെന്നും കുറ്റക്കാർ ആരെന്നും അന്വേഷിക്കണമെന്ന്  എഎച്ച്എസ്ടിഎ പ്രസിഡന്റ് എസ്. മനോജ് ആണ് പോലീസിൽ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷണം നടത്താൻ സൈബർ സെൽ തയ്യാറാകണമെന്ന് എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടിരിക്കുകയാണ്.


ഇക്കാര്യത്തിൽ പോലീസിന് നിലപാടെടുക്കേണ്ടി വരും. സർക്കാർ ജീവനക്കാരുടെയും പൗരന്മാരുടെയും വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ അയച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി തടഞ്ഞുകൊണ്ട് ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്.

സ്പാ‌ർക്ക്അടക്കമുള്ള സോഫ്റ്റ്‌വെയർ നിന്ന് വിവരങ്ങൾ മുഖ്യമത്രിയുടെ ഓഫീസിലേക്ക് മാറ്റിയത് എങ്ങനെ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഒരാളുടെ അനുമതി ഇല്ലാതെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് എന്ത് അധികാരം എന്നും കോടതി ചോദിച്ചു.  


സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റു സേവനങ്ങൾക്കുമായി രജിസ്റ്റർ ചെയ്‌തവർക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാരിന്റെ നേട്ടങ്ങൾ എന്നു അവകാശപെട്ട് സന്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണു കോടതി ഇത്തരം കടുത്ത പരാമർശങ്ങൾ നടത്തിയത്.


ജഡ്ജിമാർക്ക് അടക്കം ഇത്തരം സന്ദേശങ്ങൾ അയച്ചു എന്ന് ഹർജിയിൽ ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണം ശരിയാണെങ്കിൽ വളരെ ഗൗരവതരമാണെന്നും കോടതി അഭിപ്രായപെട്ടു. സർക്കാരിന് എതിരെ കടുത്ത വിമർശനം ആണു കോടതി നടത്തിയത്.

കാലിക്കറ്റ്‌ സർവകലാശാല സിന്ഡിക്കേറ്റ് അംഗവും അസോസിയേറ്റ് പ്രൊഫസ്സറുമായ ഡോ. പി.റഷീദ് അഹമ്മദ്‌, സെക്രട്ടേറിയറ് ജീവനക്കാരൻ കെ.എം അനിൽ കുമാർ എന്നിവർ നൽകിയ ഹർജ്ജിയിലാണ് ജസ്റ്റിസ്‌ ബെച്ചു കുര്യൻ തോമസ് വിമർശനം നടത്തിയത്. 


ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതാവകാശത്തിന്റെ  ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിനെതിരായ ഹർജി. സർക്കാർ ജീവനക്കാരുടെ ശമ്പളം, സേവന വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന അതീവ സുരക്ഷിതമായ സ്പാർക്ക് പോർട്ടലിൽ നൽകിയിട്ടുള്ള ഫോൺ നമ്പറുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചിരിക്കുന്നത്.


ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ശേഖരിക്കപ്പെട്ട ഈ വിവരങ്ങൾ ജീവനക്കാരുടെ മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ സ്വഭാവമുള്ള പ്രചാരണങ്ങൾക്കായി ഉപയോഗിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

ഏകദേശം അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത് ഗൗരവകരമായ പൊതുതാൽപര്യമുള്ള വിഷയമാണെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


സന്ദേശങ്ങളുടെ ഉള്ളടക്കവും നിയമലംഘനവും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് അയച്ച സന്ദേശങ്ങളിൽ സർക്കാരിന്റെ വികസന നേട്ടങ്ങൾ, ഡി.എ. വർദ്ധനവ്, ജീവനക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ വിവിധ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ് ഉൾപ്പെട്ടിരുന്നത്.


എന്നാൽ, വ്യക്തിഗത വിവരങ്ങൾ കൈമാറാൻ സമ്മതം നൽകാത്ത സാഹചര്യത്തിൽ ഇത്തരമൊരു നടപടി സ്വീകരിച്ചത്  നിയമ ലംഘനമാണെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.

ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. ഇത് സർക്കാർ തന്നെ ലംഘിച്ചിരിക്കുന്നു. വ്യക്തിഗത ഡാറ്റ ഉടമയുടെ സമ്മതമില്ലാതെ മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുന്നത് പുതിയ ഡിജിറ്റൽ നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്.

ഏപ്രിലിൽ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സർക്കാർ ഡാറ്റാബേസ് ഉപയോഗിച്ച് വോട്ടർമാരായ ജീവനക്കാരെ സ്വാധീനിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.


സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.


മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചുള്ള ഇത്തരം സന്ദേശങ്ങൾ അയക്കുന്നത് ഉടനടി തടയണമെന്നും സ്വകാര്യത ലംഘിച്ചതിന് ഹർജിക്കാർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ.

സന്ദേശങ്ങൾ അയയ്ക്കുന്നത് തടഞ്ഞ കോടതി, മറ്റു കാര്യങ്ങളിൽ വിശദമായ വാദത്തിനായി മാറ്റി. ഡിജിറ്റൽ കാലഘട്ടത്തിൽ സർക്കാർ കൈവശമുള്ള പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾക്ക് എത്രത്തോളം സുരക്ഷിതത്വമുണ്ടെന്ന കാര്യത്തിൽ ഹൈക്കോടതിയുടെ വിധി നിർണ്ണായകമാകും.

Advertisment