കേരള മാറ്റി കേരളം ആയത് ഗുണമോ ദോഷമോ ? പേരുമാറ്റം നടപ്പിലാക്കാൻ ചെലവ് 3000 കോടിയിലേറെ. ടൂറിസം മേഖലയിലടക്കം തിരിച്ചടിക്കും സാദ്ധ്യത. കേരള, കേരളം എന്നിവ രണ്ട് സ്ഥലങ്ങളെന്ന് വിദേശസഞ്ചാരികൾ തെറ്റിദ്ധരിക്കപ്പെടാം. കേരള സർക്കാർ എന്നത് കേരളം സർക്കാരാവുമോ. കേരള ഹൗസും കേരള ഹൈക്കോടതിയും കേരള സർവകലാശാലയും എങ്ങനെ മാറ്റും. പൊതുമേഖലാ സ്ഥാപനങ്ങളിലെ കേരളയും മാറ്റാനാവുമോ. പേരുമാറ്റത്തിൽ കടുത്ത ആശയക്കുഴപ്പവുമായി സർക്കാർ

സര്‍ക്കാര്‍ രേഖകള്‍, നിയമ രേഖകള്‍, പാസ്‌പോര്‍ട്ട്, രാജ്യാന്തര തലത്തില്‍ പ്രയോഗിക്കുന്ന പേരുകള്‍, മാപ്പുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയിലെല്ലാം  ‘കേരളം’ എന്നതു ‘കേരളം’ ആകും.

New Update
keralam
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റിയതിലൂടെ സംസ്ഥാനത്തിന് അധികചെലവുണ്ടാവുക മൂവായിരം കോടിയിലേറെ രൂപയെന്ന് വിലയിരുത്തൽ. കേരള എന്ന് എവിടെയെല്ലാം ഉപയോഗിക്കുന്നുണ്ടോ അവിടെയെല്ലാം കേരളം എന്ന് മാറ്റേണ്ടി വരും. 

Advertisment

സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, മുദ്രകൾ, കത്തിടപാടുകൾക്ക് ഉപയോഗിക്കുന്ന കടലാസുകൾ എന്നിവയിലെല്ലാം പേരുമാറ്റേണ്ടിവരും. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും വെബ്‌സൈറ്റുകൾ, പോർട്ടലുകൾ, ആപ്പുകൾ എന്നിവയിലും തിരുത്തൽ വേണ്ടിവരും. 


സർക്കാർ രേഖകളെല്ലാം മാറ്റേണ്ടിവരും. ഒറീസയുടെ പേര് ഒഡിഷ എന്ന് മാറ്റിയപ്പോൾ അവിടെ ഔദ്യോഗിക രേഖകളിലെല്ലാം പേരുമാറ്റം പ്രാബല്യത്തിലാക്കാൻ മൂവായിരം കോടിയോളം രൂപ ചെലവിട്ടെന്നാണ് വിലയിരുത്തൽ.

കേരവൃക്ഷങ്ങളുടെ നാട് എന്ന അർത്ഥത്തിൽ കേരളം എന്ന് സംസ്ഥാനത്തിന് പേര് നൽകണമെന്ന് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. നിയമസഭ ഇക്കാര്യത്തിൽ പ്രമേയം പാസാക്കി കേന്ദ്രത്തിന് അയയ്ക്കുകയും ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് പേരുമാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. 

എന്നാൽ കേരള എന്ന പേര് കേരളം എന്നാക്കിയതോടെ മലയാളത്തിലെ എഴുത്തിലും വായനയിലും ഇത് അഭംഗിയാണെന്ന വാദവും ഉയരുന്നുണ്ട്. കേരള സർക്കാർ (ഗവൺമെന്റ് ഓഫ് കേരള) എന്നതിന് പകരം കേരളം സർക്കാർ എന്ന് വേണ്ടിവരുമെന്നതാണ് ഇതിൽ പ്രധാനം. 


കേരള നിയമസഭ, കേരള ഹൗസ്, കേരള ഹൈക്കോടതി, കേരള സർവകലാശാല എന്നിവയുടെയെല്ലാം പേരുമാറിയാൽ അഭംഗിയുണ്ടാവുമെന്നാണ് വിലയിരുത്തൽ. മലയാളത്തിൽ വായിക്കാനുള്ള സൗകര്യം പരിഗണിച്ച് ഇവ പഴയപടി തുടരണമെന്നാണ് ആവശ്യം. 


സംസ്ഥാനത്തിന്റെ പേര് കേരളം എന്നും മറ്റൊന്നിനൊപ്പം ചേർത്ത് പറയുമ്പോൾ കേരള എന്നും പറയുന്നതാണ് ഭംഗിയെന്ന വിലയിരുത്തലുമുണ്ട്. നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരിനൊപ്പം കേരള എന്നാണ്. ഇതെല്ലാം കേരളം എന്നാക്കിയാൽ പേരിന്റെ ഭംഗി തന്നെ ഇല്ലാതാവുന്ന സ്ഥിതിയാണ്.

2024 ജൂണ്‍ 24നാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം കേരള എന്നത് കേരളം എന്നാക്കി മാറ്റണമെന്ന് പ്രമേയം പാസാക്കിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം, നിലവിലുള്ള സംസ്ഥാനങ്ങളുടെ പേര് മാറ്റാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. അത്തരം ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ ശുപാര്‍ശയുണ്ടാവണമെന്നു മാത്രം. 


കേരളം എന്ന് പേരുമാറ്റത്തിനുള്ള ബിൽ കേന്ദ്രം ആദ്യം നിയമസഭയുടെ പരിഗണനയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം രാഷ്ട്രപതിയുടെ ശുപാര്‍ശയോടെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇത് പാസാക്കിയതിനു ശേഷമാകും  നിയമം പ്രാബല്യത്തിലാകുന്ന തീയതി വിജ്ഞാപനം ചെയ്യുക.


സംസ്ഥാനത്തിന്റെ സീല്‍, ലോഗോ, ലെറ്റര്‍ പാഡ്, ഔദ്യോഗിക ബോര്‍ഡുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലെല്ലാം ‘കേരളം’ എന്നായി മാറുകയും ചെയ്യും. പേരു മാറുന്നതോടെ പഴയ രേഖകള്‍ അസാധുവാകില്ല. ഇവ ഉടനെ പുതുക്കേണ്ട ആവശ്യമില്ല. 

സര്‍ക്കാര്‍ രേഖകള്‍, നിയമ രേഖകള്‍, പാസ്‌പോര്‍ട്ട്, രാജ്യാന്തര തലത്തില്‍ പ്രയോഗിക്കുന്ന പേരുകള്‍, മാപ്പുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയിലെല്ലാം  ‘കേരളം’ എന്നതു ‘കേരളം’ ആകും. വിദേശ രാജ്യങ്ങളുമായോ രാജ്യാന്തര ഏജന്‍സികളുമായോ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടിട്ടുള്ള കരാറുകളിലും പേരുമാറ്റം ആവശ്യമായി വരും. 


മലയാളത്തിൽ ഇപ്പോൾ കേരളം കേരളംതന്നെയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മാറ്റംവരുക. മാറ്റം നിലവിൽ വരുമ്പോൾ ഇംഗ്ലീഷിൽ സംസ്ഥാനസർക്കാരിനെ ‘ഗവൺമെന്റ് ഓഫ് കേരളം’ എന്നാവും രേഖപ്പെടുത്തുക. എന്നാൽ, മലയാളത്തിൽ ‘കേരളസർക്കാർ’ എന്നുവേണോ ‘കേരളം സർക്കാർ’ എന്നാക്കണോ എന്നതിലടക്കം ഇനിവേണം തീരുമാനമുണ്ടാവാൻ.


'കേരള' എന്നത് 'കേരളം' ആയി മാറുമ്പോൾ അത് ടൂറിസം രംഗത്തെ രാജ്യാന്തര തലത്തിൽ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്. അന്താരാഷ്ട്ര സഞ്ചാരികൾ മുൻകൂട്ടി ബുക്ക് ചെയ്തത് കേരള ടൂറിസത്തിലേക്കാണ്. 

ഇത് മാറി കേരളം ആവുമ്പോൾ കേരളയും കേരളവും രണ്ട് സ്ഥലങ്ങളാണോയെന്ന് വിദേശ ടൂറിസ്റ്റുകൾക്ക് സംശയമുണ്ടാവാൻ ഇടയുണ്ട്. ഇത് ബുക്കിങ്ങുകളെ ചെറിയ രീതിയിലെങ്കിലും ബാധിക്കാം. 


ലോഗോകൾ, പരസ്യ ബോർഡുകൾ, ആഗോളതലത്തിലുള്ള പ്രൊമോഷണൽ വിഡിയോകൾ, ബ്രോഷറുകൾ, വെബ്സൈറ്റ്,സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയെല്ലാം മാറ്റാൻ വലിയ തുക ചെലവാക്കേണ്ടി വരും. 


കേരള എന്നത് കേരളം ആവുമ്പോൾ അത് ഇന്റർനെറ്റ് സെർച്ചിൽ പ്രതിഫലിക്കാനും സമയമെടുക്കും. പഴയ ലിങ്കുകൾ പുതിയതിലേക്ക് കൃത്യമായി റീഡയറക്ട്   ചെയ്യുകയും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ പുതിയ പേര് പ്രചരിപ്പിക്കുകയും ചെയ്യേണ്ടി വരുമെന്ന് ടൂറിസം മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. 

റീ ബ്രാൻഡ് ചെയ്യപ്പെടേണ്ടി വരുമ്പോൾ കേരള ടൂറിസം എന്നത് കേരളം ടൂറിസം എന്നാക്കി മാറ്റേണ്ടി വരും.

Advertisment