/sathyam/media/media_files/2026/03/09/ganesh-kumar-2026-03-09-18-59-12.jpg)
തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ രാജിയിലേയ്ക്ക് കാര്യങ്ങള്‍ എത്തുമെന്ന് സൂചന.
സ്വന്തം ഭാര്യ തന്നെ ഗുരുതര ആരോപണങ്ങള്‍ മന്ത്രിക്കെതിരെ ഉന്നയിച്ച സാഹചര്യത്തില്‍ വിവാദങ്ങള്‍ കത്തിക്കയറാന്‍ ഇടനല്‍കാതെ മന്ത്രിയുടെ രാജിയിലൂടെ വിവാദം ശമിപ്പിക്കാനായിരിക്കും ഇടതുമുന്നണിയും സിപിഎം നേതൃത്വവും ശ്രമിക്കുക.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിപിഎം സ്വീകരിച്ച നിലപാടും അതിനെതിരെ കോണ്‍ഗ്രസ് എടുത്ത നടപടികളും അത്ര വിദൂരത്തല്ലാതെ ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. പ്രതിപക്ഷം തീര്‍ച്ചയായും അത് താരതമ്യം ചെയ്യും എന്നുറപ്പാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇത്തരം വിവാദങ്ങളിലൂടെ കടന്നുപോകാന്‍ ഇടുതുമുന്നണി ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. അതിനുപകരം മന്ത്രിയുടെ രാജിയിലൂടെ വിവാദങ്ങള്‍ അവസാനിപ്പിക്കാനാകും രാഷ്ട്രീയ നേതൃത്വം ശ്രമിക്കുക.
മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു ഉന്നയിച്ച ആരോപണങ്ങളും അവര്‍ നിയമ സഹായം അഭ്യര്‍ത്ഥിച്ചിട്ട് ലഭിച്ചില്ലെന്ന പരാതികളും ഗൗരവമുള്ളതാണ്.
പരാതിപരിഹാര സെല്ലിലേയ്ക്ക് ബിന്ദു ഫോണ്‍ ചെയ്ത പ്രകാരം സ്ഥലത്തെത്തിയ പോലീസ് അവരുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചു എന്നതിന് പോലീസിന് ഉത്തരം പറയേണ്ടി വരും. വിഷയങ്ങള്‍ കോടതിയ്ക്കു മുമ്പിലെത്തിയാല്‍ മന്ത്രിയെ സംരക്ഷിക്കുക അത്ര എളുപ്പമായിരിക്കില്ല.
മാത്രമല്ല, മന്ത്രി ഗണേഷിന്‍റെ തറവാട് വീടായ കീഴൂട്ട് വീട്ടില്‍ രാത്രി ചെന്നപ്പോള്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ തന്‍റെ ഭര്‍ത്താവിനെ അവിടെ കണ്ടുവെന്ന ഭാര്യ ബിന്ദുവിന്‍റെ വെളിപ്പെടുത്തലും അതിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ പക്കലുണ്ടെന്ന പ്രതികരണവും ചെറിയ കാര്യങ്ങളല്ല.
ഇതേ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇതേ നാടകങ്ങള്‍ 10 വര്‍ഷം മുമ്പും ഉണ്ടായതിന്‍റെ വിവരങ്ങള്‍ അന്ന് ആദ്യ ഭാര്യതന്നെ പത്രസമ്മേളനം വിളിച്ച് പറഞ്ഞതാണ്. അതിന്‍റെ തനിയാവര്‍ത്തനമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഒരു വ്യത്യാസം മാത്രമേ ഉള്ളു; മന്ത്രിയുടെ മുഖത്ത് അടികൊണ്ട് വീര്‍ത്തതിന്‍റെ അടയാളങ്ങളും പാടുകളും ഇല്ലെന്ന് മാത്രം.
ആ ഭാര്യയല്ല, ഈ ഭാര്യയെന്ന വ്യത്യാസം വേറെയുമുണ്ട്. വിദേശത്ത് ജോലിയും താമസവുമായി കഴിഞ്ഞിരുന്ന ബിന്ദുവിന് സ്വന്തം കാര്യം നോക്കാന്‍ നല്ലവണ്ണം അറിയാം എന്നതാണ് വിലയിരുത്തല്‍.
ഭര്‍ത്താവിന്‍റെ പതിവ് സ്വഭാവങ്ങള്‍ മനസിലാക്കിയ അവര്‍ തന്‍റെ സാമ്പത്തിക ഭാഗങ്ങള്‍ നേരത്തെ സുരക്ഷിതമാക്കിയിരുന്നു എന്നാണറിവ്. ഗണേഷ് കുമാറിന്‍റെ പല സ്വത്തുക്കളും ഇതിനോടകം അവരുടെ പേരിലേയ്ക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിനെല്ലാം പുറമെ മറ്റൊരു വിവാദ നായിക ഗണേഷിനെതിരെ വിവാദങ്ങളുടെ തിരികൊളുത്താന്‍ തയ്യാറായി പുറത്തുമുണ്ട്. അതുകൂടി പുറത്തുവന്നാല്‍ പഴയ സോളാര്‍ 'കണക്കു പുസ്തകങ്ങള്‍ ' വീണ്ടും ചര്‍ച്ചചെയ്യപ്പെടും. അതിലേയ്ക്ക് കടക്കാതിരിക്കാനാകും ഇടതുമുന്നണിയുടെ ശ്രമം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us