ഭക്ഷണവും മീനും പലവ്യഞ്ജനവും പോലെ മദ്യവും വീട്ടിലിരുന്ന് ആപ്പിൽ ഓർഡർ ചെയ്യാം. കേരളത്തിൽ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് അനുമതി നൽകാൻ കേന്ദ്രം. മദ്യം വീട്ടിലെത്തിക്കുക സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് ആപ്പുകൾ വഴി. ദുരുപയോഗം ഒഴിവാക്കാൻ ആധാർ അധിഷ്‍ഠിത രജിസ്ട്രേഷൻ വേണ്ടിവരും. ഒന്നാം തീയതിയിലെ ‍ഡ്രൈ ഡേയും ഒഴിവാക്കും. കേരളത്തിലെ മദ്യവിൽപ്പനയുടെ വരുമാനം കൂട്ടുന്ന തീരുമാനങ്ങൾ ഉടൻ

കേരളത്തിനു പുറമേ  തമിഴ്‌നാട്, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലും ആപ്പ് വഴിയുള്ള ഹോം ഡെലിവറിക്ക് അനുമതി ലഭിച്ചേക്കും. നിലവിൽ മദ്യത്തിന് ഹോം ഡെലിവറി ഉള്ളത് ഒഡിഷയിലും പശ്ചിമ ബംഗാളിലുമാണ്. കേരളത്തിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി നടത്താനാണ് സാദ്ധ്യത.

New Update
liqure

തിരുവനന്തപുരം: ഭക്ഷണവും മീനും അവശ്യസാധനങ്ങളും പലവ്യഞ്ജനവുമൊക്കെ ഫോണിൽ ഓർഡർ ചെയ്യും പോലെ ഇനി മദ്യവും വീട്ടിലിരുന്ന് ഫോണിൽ ഓർഡർ ചെയ്ത് വരുത്താം. മദ്യത്തിന്റെ ഹോം ഡെലിവറി ഏർപ്പെടുത്താനുള്ള പദ്ധതിയുടെ ട്രയലിന് കേരളത്തിനും കേന്ദ്രം അനുമതി നൽകും.

Advertisment

കേരളത്തിനു പുറമേ  തമിഴ്‌നാട്, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലും ആപ്പ് വഴിയുള്ള ഹോം ഡെലിവറിക്ക് അനുമതി ലഭിച്ചേക്കും. നിലവിൽ മദ്യത്തിന് ഹോം ഡെലിവറി ഉള്ളത് ഒഡിഷയിലും പശ്ചിമ ബംഗാളിലുമാണ്. കേരളത്തിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി നടത്താനാണ് സാദ്ധ്യത.


ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.


മദ്യത്തിന്റെ ഹോം ഡെലിവറിക്ക് കേന്ദ്രം അനുമതി നൽകിയാൽ വിലകൂടിയ പ്രിമിയം ബ്രാൻഡ് മദ്യത്തിന് ഹോംഡെലിവറി  നടപ്പാക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ മേധാവികളുടെ യോഗത്തിലും ഈ നിർദ്ദേശം ഉയർന്നിരുന്നു.

ബെവ്കോ , കൺസ്യൂമർഫെഡ് ചില്ലറ വില്പനശാലകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാമെന്നതാണ് ഒരു ഗുണം. ഹോം ഡെലിവറിയിലൂടെ കുറഞ്ഞത് മൂവായിരം പേർക്കെങ്കിലും ഉപജീവനമാർഗ്ഗമാവും. പ്രിമിയം ബ്രാൻഡുകളുടെ വില്പന വർദ്ധിക്കുന്നതിലൂടെ സർക്കാരിന്റെ വരുമാനവും ഗണ്യമായി കൂടും.  

പശ്ചിമബംഗാളിൽ 2020 മുതൽ ഇത് നടപ്പാക്കി. ഒഡീഷയാണ് മറ്റൊരു സംസ്ഥാനം. ഇവിടെ നടപ്പാക്കാൻ അബ്കാരി നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടിവരും. പാർട്ടിതലത്തിലും ഇടതു മുന്നണിയിലും ചർച്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം. അതിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിന്റെ കരട് തയ്യാറാക്കും.

കോവിഡ് കാലത്ത് കൺസ്യൂമർഫെഡ് ഹോംഡെലിവറി സംവിധാനത്തെക്കുറിച്ച് ആലോചിച്ചെങ്കിലും തുടക്കത്തിൽ തന്നെ വ്യാപകമായ എതിർപ്പ് വന്നതോടെ നീക്കം ഉപേക്ഷിച്ചു. പുതിയ ആലോചന വരുമ്പോഴും ശക്തമായ എതിർപ്പുണ്ടായേക്കാം. അതിനാൽ എല്ലാ വശങ്ങളും ആലോചിച്ചാവും തീരുമാനം.


ആധാർകാർഡ് അടക്കമുള്ള രേഖഖളുടെ അടിസ്ഥാനത്തിൽ കൂടിയ വിലയുള്ള മദ്യത്തിനാണ് സൗകര്യം നടപ്പാക്കുക എന്നതിനാൽ ദുരുപയോഗ സാദ്ധ്യത കുറവായിരിക്കുമെന്നാണ് പ്രതീക്ഷ. ഒന്നാം തീയതിയിലെ വിദേശ മദ്യ ചില്ലറ വില്പനശാലകളുടെയും ബാറുകളുടെയും അവധി മാറ്റണമെന്ന നിർദ്ദേശം ടൂറിസം വകുപ്പിന്റെയും ചില ഉന്നത ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഇടതു മുന്നണിയിലെ ചർച്ചയ്ക്ക് ശേഷമാവും ഇക്കാര്യത്തിലും അന്തിമ തീരുമാനമെടുക്കുക.


ബാറുടമകൾ നേരത്തെ മുതൽ ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് അവധി തുടരണമെന്ന അഭിപ്രായമാണ്. ഒന്നാം തീയതി അവധി നീക്കിയാൽ ശക്തമായ രാഷ്ട്രീയ എതിർപ്പ് നേരിടണ്ടി വരുമെന്ന ആശങ്ക സർക്കാരിനുണ്ട്.

പ്രതിദിനം ശരാശരി 50 കോടിയോളമാണ് ബെവ്കോയുടെ ആകെ വിറ്റുവരവ്. അവധി നീക്കുമ്പോൾ വർഷത്തിൽ 12 ദിവസത്തെ അധികവരുമാനം സർക്കാരിന് കിട്ടും. ഒന്നാം തിയതികളിലെ മദ്യനിരോധനം പിൻവലിച്ചാൽ ടൂറിസം, ആഗോള സമ്മേളനങ്ങൾ എന്നിവയിൽ കേരളത്തിന് കുതിപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടു‌ന്നത്.

ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് വഴിമാറുന്ന ആഗോള സമ്മേളനങ്ങൾ, വിവാഹങ്ങൾ എന്നിവയെ ആകർഷിച്ച് വൻവരുമാനം നേടാനും സഹായിക്കും. രാത്രി 12 വരെ മദ്യം വിളമ്പാൻ അനുമതി വേണമെന്നും ടൂറിസം മേഖല ആവശ്യപ്പെടുന്നു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഡ്രൈഡേ നീക്കാൻ ശുപാർശ ചെയ്‌തത്. ഒന്നാം തിയതികളിൽ മദ്യവില്പന ഒഴിവാക്കിയത് കോടികളുടെ വരുമാനനഷ്ടം വരുത്തുന്നതും വിലയിരുത്തിയാണ് ശുപാർശ.

കോവളം, വർക്കല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ 11 വരെ മദ്യം നൽകാൻ അനുമതിയുണ്ട്. കൊച്ചി, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ആലപ്പുഴ ഉൾപ്പെടെ ഏറ്റവുമധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ രാത്രി 12 വരെ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം.


ഡ്രൈഡേ ഒഴിവാക്കുന്നത് ഏറ്റവുമധികം ഗുണകരമാകുക വിവാഹങ്ങൾ, ആഗോള സമ്മേളനങ്ങൾ എന്നിവയ്ക്കാണ്. ഡ്രൈഡേയുടെ പേരിൽ സമ്മേളനങ്ങൾ വഴിമാറിപ്പോകുന്നുണ്ട്. വൻകിട വിവാഹാഘോഷങ്ങൾ കേരളത്തിൽ നടക്കാറുണ്ട്. നാലുദിവസം വരെ നീളുന്നതാണ് ആഘോഷങ്ങൾ.


വടക്കേയിന്ത്യൻ നഗരങ്ങളിലെ കോടീശ്വരന്മാരാണ് ഇതിനായി വരുന്നത്. ആഘോഷ ദിവസങ്ങൾക്കിടയിൽ ഒന്നാം തിയതി വന്നതിനാൽ മാറിപ്പോയ നിരവധി വിവാഹങ്ങളുണ്ടെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു.

Advertisment