/sathyam/media/media_files/2025/02/14/U3uCyTrPDRToYCWa1Wz7.webp)
തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വൺ വിദ്യാർഥിയുടെ മരണത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ ആരോപണവുമായി കുടുംബം. കുട്ടിയെ ക്ലർക്ക് മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആർഡിഒക്ക് മുന്നിൽ പറഞ്ഞു. പ്രൊജക്റ്റ് സീൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളിലെ ക്ലർക്കുമായി വാക്കു തർക്കം ഉണ്ടായിരുന്നു.
ഇന്ന് രാവിലെയാണ് കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിയായ ബെൻസൺ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
കുറ്റിച്ചൽ സ്വദേശികളായ ബെന്നി ജോർജിന്റെയും സംഗീതയുടെയും മകനാണ് ആത്മഹത്യ ചെയ്ത എബ്രഹാം ബെൻസൺ. ഇന്നലെ രാത്രി കാണാതായ ബെൻസണെ രാവിലെ ആറുമണിയോടെയാണ് സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രോജക്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം മരണത്തിലേക്ക് നയിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
തർക്കം ഉണ്ടായ കാര്യം ബെൻസൺ പറഞ്ഞിരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ നിർദ്ദേശം നൽകിയിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി സ്കൂളിൽ ജോലിചെയ്യുന്ന ക്ലാർക്ക് സനൽനെതിരെയാണ് ആരോപണം. ക്ലർക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
സംഭവത്തിൽ ആരോപണ വിധേയനായ ക്ലർക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തിൽ ക്ലർക്കിനോട് അന്വേഷിച്ചപ്പോൾ ഒന്നും പറഞ്ഞില്ലെന്നും പ്രിൻസിപ്പൾ പ്രീത ആർ ബാബു പറഞ്ഞു. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.