/sathyam/media/media_files/AYHmLClkgiRbmJpk7EVP.jpg)
തിരുവനന്തപുരം: സോളാർ കേസ് പോലെയാണ് സ്വർണക്കടത്ത് കേസെന്നും അത് ഏറ്റുപിടിക്കാൻ താൻ തയ്യാറായില്ലെന്നും തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏറ്റുപിടിക്കണമെന്ന നിർദേശവുമായി ചിലർ തന്നെ സമീപിച്ചിരുന്നു. അന്ന് ആഞ്ഞടിച്ചിരുന്നെങ്കിൽ സോളർ കേസ് ഏറ്റുപിടിച്ചവരും താനും തമ്മിൽ എന്തു വ്യത്യാസമാണുണ്ടാവുക.
നിയമസഭയിൽ വച്ചു താൻ മുഖ്യമന്ത്രി പിണറായി വിജയനോട്, കാലം താങ്കളുടെ മുഖത്തുനോക്കി കണക്കു ചോദിക്കുകയാണെന്ന് പറഞ്ഞു. മലയാള മനോരമയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായിരുന്ന ജോൺ മുണ്ടക്കയത്തിന്റെ സോളർ(വി)ശേഷം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു രണ്ട് കേസുകളുടെയും അണിയറക്കഥകൾ സതീശൻ വെളിപ്പെടുത്തിയത്.
സ്വർണക്കടത്ത് വിവാദത്തിൽ പ്രതിപക്ഷനേതാവ് ആഞ്ഞടിച്ചില്ലെന്ന വിമർശനം ഉയർന്നിരുന്നു. സോളർ കേസിന് ആധാരമായ കത്തു തയാറാക്കാൻ ഒത്താശ ചെയ്യുകയും പണം ചെലവഴിക്കുകയും അതു മാധ്യമങ്ങൾക്കു നൽകുകയും ചെയ്തവർ ഇപ്പോഴും സമൂഹത്തിൽ മാന്യന്മാരായി നടക്കുന്നുണ്ട്. കെട്ടിച്ചമച്ച കത്താണു വിവാദങ്ങൾ സൃഷ്ടിച്ചത്.
ആദ്യം 21 പേജും പിന്നീടു 30 പേജുമായി മാറിയ ആ കത്ത് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. കത്ത് രൂപപ്പെട്ടതിന്റെ അണിയറ സംഭവങ്ങളെല്ലാം പിന്നീട് അന്വേഷണം നടത്തിയ സി.ബി.ഐ യുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഉമ്മൻ ചാണ്ടിയെയും സർക്കാരിനെയും തകർക്കുന്നതിനുള്ള സമരമായിരുന്നു പ്രതിപക്ഷം നടത്തിയത്. സെക്രട്ടേറിയറ്റ് വളയൽ സമരം പരിഹാസ്യമായി. എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കാൻ ജോൺ ബ്രിട്ടാസ് മുതൽ പലരും ഇടപെട്ടു. അങ്ങനെയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത്.
ജുഡീഷ്യൽ കമ്മിഷനായി നിയമിതനായ റിട്ട. ജഡ്ജിയെക്കുറിച്ച് കേട്ടപ്പോൾ താൻ തലയിൽ കൈവച്ചുപോയി. അദ്ദേഹത്തെ കമ്മിഷനായി നിയമിച്ചതിൽ ഉമ്മൻ ചാണ്ടിയെ താൻ അതൃപ്തി അറിയിച്ചു. റിട്ട.ജഡ്ജിയെ തീരുമാനിച്ചതിനു പിന്നിൽ അഡ്വക്കറ്റ് ജനറൽ കെ.പി.ദണ്ഡപാണിയെയും മന്ത്രി കെ. ബാബുവിനെയുമാണ് പലരും സംശയിച്ചത്. വേറെ ചിലരാണു ശുപാർശ ചെയ്തതെന്നു പിന്നീടു മനസിലായി.
ഈ റിപ്പോർട്ട് ഉണ്ടായതിന്റെ പിന്നാമ്പുറ നാടകങ്ങളെക്കുറിച്ച് സി.പി.ഐ നേതാവ് സി.ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടിനെ ഹൈക്കോടതി തള്ളിക്കളഞ്ഞുനെന്നും സതീശൻ പറഞ്ഞു.
സോളാർ കേസന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ സദാചാര പൊലീസിന്റെ മാനസികാവസ്ഥയിലായിരുന്നെന്നും സ്ത്രീ-പുരുഷ ബന്ധത്തിന്റെ മസാലകഥകളാണ് കമ്മിഷൻ തേടിയിരുന്നതെന്നും മുൻ ഡി.ജി.പിയും സോളാർ അന്വേഷണ സംഘത്തലവനുമായിരുന്ന എ. ഹേമചന്ദ്രൻ 'നീതി എവിടെ' എന്ന പുസ്തകത്തിലും വെളിപ്പെടുത്തിയിരുന്നു.
കമ്മിഷന്റെ മാനസികാവസ്ഥ പ്രതികൾ മുതലെടുത്തെന്നും തെളിവിനായി പ്രതികളെയാണ് കമ്മിഷൻ ആശ്രയിച്ചതെന്നും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ കമ്മിഷന് വ്യഗ്രതയുണ്ടായിരുന്നെന്നും പുസ്തകത്തിലുണ്ട്. കണ്ടെത്തലുകൾ ചോദ്യംചെയ്ത് ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ പോയതോടെ റിപ്പോർട്ട് അൽപ്പായുസായിപ്പോയി.
റിപ്പോർട്ടിൽ സ്വകാര്യത, വ്യക്തിയുടെ അന്തസ് തുടങ്ങിയ മൗലികാവകാശങ്ങളുടെ ഗുരുതര ലംഘനമുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. റിപ്പോർട്ടിലെ സിംഹഭാഗവും നീക്കി. അശ്ലീലം അതിരുകടക്കുന്ന സിനിമ സെൻസറിംഗിൽ വെട്ടിമാറ്റുന്നതു പോലെയായിരുന്നു അത്. സോളാർ തട്ടിപ്പും അനുബന്ധ വിഷയങ്ങളും അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷന്റെ താത്പര്യം 'അനുബന്ധ' വിഷയങ്ങളിലായിരുന്നു. കമ്മിഷന്റെ 'കഠിനാധ്വാനം' ഇക്കാര്യത്തിലാണെന്ന് നേരത്തേയറിയാമായിരുന്നു.
സാമ്പത്തിക തട്ടിപ്പായിരുന്നു അന്വേഷണ വിഷയമെങ്കിലും സ്ത്രീ- പുരുഷ ബന്ധത്തിന്റെ മസാലകഥകൾ വല്ലതും കിട്ടിയോ എന്നാണ് കമ്മിഷൻ തേടിയിരുന്നത്. ഒരു പ്രതിയുടെ കുട്ടിയുടെ പിതൃത്വം അന്വേഷിച്ചോ എന്ന ചോദ്യവും നേരിടേണ്ടിവന്നു. തട്ടിപ്പുകേസും ഇതുമായെന്ത് ബന്ധമെന്ന് ജഡ്ജിയോട് ആരുപറയാൻ ? കമ്മിഷന്റെ തമാശകളും അരോചകമായിരുന്നു.
ഇതേപ്പറ്റി ഡിജിപിയോട് പരാതിപ്പെട്ടിരുന്നു. ഒരു സാങ്കൽപ്പിക ചോദ്യമുണ്ടെന്ന മുഖവുരയോടെ, അന്ന് അറസ്റ്റിലായിരുന്ന സരിതാനായരുടെ ആകൃതി, പ്രകൃതി, വസ്ത്രധാരണം എന്നിവയെക്കുറിച്ച് കമ്മിഷൻ വാചാലനായി. 'അങ്ങനെയുള്ള ഒരാളെ കണ്ടാൽ പിന്നെ മറക്കുമോ' എന്ന ചോദ്യവുമുന്നയിച്ചു. 'വീണ്ടും കാണുമ്പോൾ ഓർത്തേക്കാം' എന്ന് നയപരമായ മറുപടി നൽകിയപ്പോൾ 'അങ്ങനെയാണോ പറയേണ്ടത് നമ്മൾ മറക്കില്ല' എന്നായിരുന്നു കമന്റ്.
സരിതാനായർ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ഫോൺ വിളിച്ചിട്ടില്ലെന്ന് മൊഴിനൽകിയെങ്കിലും രേഖപ്പെടുത്തിയില്ല. ഫോൺ വിളിയില്ലെന്ന തന്റെ റിപ്പോർട്ടുകൊണ്ടാണ് ഉമ്മൻചാണ്ടി ക്രിമിനൽ കുറ്റത്തിൽ നിന്ന് രക്ഷപെട്ടതെന്ന 'കണ്ടുപിടുത്ത'വും കമ്മിഷൻ നടത്തി.
സോളാർ വിവാദനായികയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നിങ്ങനെ 10 വർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാകുറ്റങ്ങളാണ് ഉമ്മൻചാണ്ടിക്കെതിരേ കെട്ടിച്ചമച്ചത്. കേസിന് ആധാരമായ പരാതിക്കാരിയുടെ കത്ത് അടിമുടി വ്യാജമാണെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
50 ലക്ഷം രൂപ കൈപ്പറ്റി കത്ത് പരാതിക്കാരി മറ്റു ചിലർക്ക് കൈമാറുകയായിരുന്നു. ഉമ്മൻചാണ്ടിക്കെതിരേ നേരിട്ടുള്ള തെളിവോ സാഹചര്യത്തെളിവോ ഇല്ലെന്നും സാമ്പത്തിക ആരോപണത്തിനടക്കം രേഖയില്ലെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കെട്ടിച്ചമച്ച സാക്ഷിമൊഴികളും വിലയ്ക്കെടുത്ത സാക്ഷികളെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ഉപയോഗിച്ചാണ് കേസ് ബലപ്പെടുത്തിയതെന്നാണ് സി.ബി.ഐ റിപ്പോർട്ടിലുള്ളത്.
പണം നൽകി കള്ളമൊഴി കൊടുപ്പിച്ചെന്ന് രണ്ട് സാക്ഷികൾ വെളിപ്പെടുത്തി. പരാതിക്കാരിയെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് ഉന്നതർ നിർദ്ദേശിച്ചിരുന്നു. സി.ബി.ഐയ്ക്ക് മുന്നിലെത്തിയത് 19 പേജുള്ള കത്താണ്. പരാതിക്കാരിയുടെ മൊഴിയിൽ 30 പേജുണ്ടായിരുന്നു. പക്ഷേ കോടതിയിൽ നൽകിയത് 4 പേജുള്ള കത്ത് മാത്രമെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ട്.
പീഡന പരാതിയുന്നയിച്ച ദിവസം അവർ ക്ലിഫ്ഹൗസിൽ എത്തിയിരുന്നില്ലെന്നും വ്യാജമൊഴി നൽകാൻ പി.സി. ജോർജ്ജിനോടാവശ്യപ്പെട്ടതുമടക്കം കണ്ടെത്തിയാണ് പരാതിക്ക് പിന്നിലെ ഗൂഢാലോചന സി.ബി.ഐ സ്ഥിരീകരിച്ചത്. ഉമ്മൻചാണ്ടിക്ക് പുറമെ കെ.സി.വേണുഗോപാൽ, അടൂർപ്രകാശ്, അബ്ദുള്ളക്കുട്ടി, ഹൈബി ഈഡൻ എന്നിവർക്കും സിബിഐ ക്ലീൻചിറ്റ് നൽകിയിട്ടുണ്ട്.