പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയിൽ പാവയ്ക്കാ പോലെ കിടക്കുന്ന കേരളത്തിൽ 13 ജില്ലകളിലും ഉരുൾപൊട്ടൽ ഭീഷണി. സംസ്ഥാനത്തെ 14.4 ശതമാനം ഭൂപ്രദേശം എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളത്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണിയിൽ. 700 വീടുകൾ അതീവ ഗുരുതര ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലത്തെന്നും റിപ്പോ‌ർട്ട്. കേരളത്തിന് കടുത്ത ഭീഷണിയായി ഉരുൾപൊട്ടൽ മാറുമ്പോൾ

നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണു കൂടുതൽ സാദ്ധ്യത. പുറമേ 25 താലൂക്കുകളും സാദ്ധ്യതാപ്പട്ടികയിലുണ്ട്.

New Update
wayanad disaster-2

തിരുവനന്തപുരം: കേരളത്തിലെ 13ജില്ലകളിലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നെന്ന് ജിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ സഹായത്തോടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ 700 വീടുകൾ അതീവ ഗുരുതര ഉരുൾപൊട്ടലുണ്ടാവാൻ ഇടയുള്ള മേഖലകളിലാണുള്ളത്.

Advertisment

ഇവിടങ്ങളിലെ ജനങ്ങളെ പൂർണമായി മാറ്റിപ്പാർപ്പിക്കണമെന്നാണ് ശുപാ‌ർശ. മഹാപ്രളയത്തിന് ശേഷം പ്രാദേശികാടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലായിരുന്നു ഇക്കാര്യം കണ്ടെത്തിയത്. അന്ന് റവന്യൂ മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തു.


സംസ്ഥാനത്തെ 14.4 ശതമാനം ഭൂപ്രദേശം എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതാണെന്നാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ കണ്ടെത്തൽ. 5607.5 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ഉരുൾപൊട്ടലിനു സാദ്ധ്യതയുണ്ടെന്നാണു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഭൂപടങ്ങൾ വ്യക്തമാക്കുന്നത്.


ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ 1848.3 ചതുരശ്രകിമീ പ്രദേശത്തും അതി തീവ്ര അപകട സാദ്ധ്യതയാണുള്ളത്. മിതമായ തോതിൽ അപകടസാധ്യതയുള്ളത് 3759.2 ചകിമീ പ്രദേശത്താണ്. ഇതിൽ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അപകടസാധ്യത കൂടുതൽ.

നെടുമങ്ങാട് (തിരുവനന്തപുരം), മീനച്ചിൽ, കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്പൻചോല (ഇടുക്കി), ചിറ്റൂർ, മണ്ണാർക്കാട് (പാലക്കാട്), നിലമ്പൂർ, ഏറനാട് (മലപ്പുറം), തളിപ്പറമ്പ് (കണ്ണൂർ) താലൂക്കുകളിലാണു കൂടുതൽ സാദ്ധ്യത. പുറമേ 25 താലൂക്കുകളും സാദ്ധ്യതാപ്പട്ടികയിലുണ്ട്.


ഏതുനിമിഷവും ഉരുൾപൊട്ടലിനു സാദ്ധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് കവളപ്പാറ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്‌.ഐ) പുറത്തിറക്കിയ റിപ്പോർട്ടിൽ അപകടകരമായ രീതിയിൽ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള മേഖലകളിൽ ഒന്ന് വയനാട്ടിലെ മേപ്പാടിയായിരുന്നു. അതിനു സമീപമാണ് ഇപ്പോഴത്തെ ദുരന്തം.


ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണിയിലാണെന്നാണ് ഫിഷറീസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ കണ്ടെത്തിയത്. 2018ലെ പ്രളയത്തിനു ശേഷം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യത 3.46 ശതമാനം കൂടിയെന്നും ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം കണ്ടെത്തി.

നിർമ്മിതബുദ്ധി അടിസ്ഥാനമായുള്ള ഡീപ് ലേണിംഗ് സാങ്കേതികവിദ്യയിലൂടെ കേരളത്തിന്റെ 10 ഭൂപടങ്ങളാണ് തയ്യാറാക്കിയത്. 1990 മുതൽ 2020 വരെ കേരളത്തിലുണ്ടായ 3575 ഉരുൾപൊട്ടലുകളെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം.


2018 മുതലുള്ള ഉരുൾപൊട്ടലുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് അപകടസാദ്ധ്യത വർദ്ധിച്ചെന്ന കണ്ടെത്തൽ. കേരളത്തിലെ 13 ശതമാനം പ്രദേശങ്ങൾ കടുത്ത ഉരുൾപൊട്ടൽ ഭീഷണിയിൽ. ഹൈറേഞ്ചിൽ 600 മീറ്ററിന് മുകളിലുള്ള സ്ഥലങ്ങളിൽ 31 ശതമാനവും അപകടമേഖലയിലാണ്. ഇതിൽ 10 മുതൽ 40 ഡിഗ്രി വരെ ചെരിവുള്ള പ്രദേശങ്ങളിൽ ഭീഷണി വളരെ കൂടുതലാണ്.  പെട്ടെന്ന് പെയ്തവസാനിക്കുന്ന പെരുമഴയിൽ വെള്ളം കുത്തിയൊലിക്കുന്നത് ഉയർന്ന പ്രദേശങ്ങളിൽ ഭീഷണി വർദ്ധിപ്പിക്കുന്നു.


ജിയോളജിക്കൽ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരന്തങ്ങൾ നേരിടാൻ സർക്കാർ നൽകിയ മുൻകരുതൽ നിർദ്ദേശങ്ങളെല്ലാം അവഗണിക്കപ്പെട്ടു. പ്രധാന നിർദ്ദേശങ്ങൾ ഇവയായിരുന്നു- മലയോര ജില്ലകളിൽ ദിവസവും ഭൂജല, മൈനിംഗ് ആൻഡ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകലിലൊന്നിലെ ജിയോളജിക്കൽ അസിസ്റ്റന്റിനെയോ, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥനെയോ, അസിസ്റ്റന്റ് ജിയോളജിസ്റ്റിൽ കുറയാത്ത ഉദ്യോഗസ്ഥനെയോ ഷിഫ്റ്റടിസ്ഥാനത്തിൽ 24 മണിക്കൂറും നിയോഗിക്കണം.

മഴയുടെ പ്രവചനത്തെ അടിസ്ഥാനപ്പെടുത്തി ജില്ലാ അതോറിറ്റികൾക്ക് ജില്ലയിലെ ഉരുൾ പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ സാദ്ധ്യത സംബന്ധിച്ച അവലോകന വിവരം ജിയോളജിസ്റ്ര് കൈമാറണം.

2018ൽ ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ബാധിക്കുകയും വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്ത വീടുകളിൽ താമസിക്കുന്നവരെയും പുറമ്പോക്കിലെ വീടുകൾ തകർന്നവരെയും ദുരിതാശ്വാസസഹായം ഉപയോഗിച്ചുള്ള വീടിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചിട്ടില്ലാത്ത കുടുംബങ്ങളെയും ജില്ലയിൽ മഴയുടെ മഞ്ഞ അലർട്ട് ലഭിക്കുമ്പോൾ ക്യാമ്പുകളിലേക്ക് മാറാൻ ഉപദേശിക്കണം. 

ഇതിനായി ഈ കുടുംബങ്ങളുടെ മൊബൈൽ നമ്പർ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററുകളിൽ സൂക്ഷിക്കണം. ജില്ലയിൽ ഓറഞ്ച് അലർട്ടാണെങ്കിൽ നിർബന്ധമായും ക്യാമ്പുകളിലേക്ക് മാറ്റണം. കാലവർഷ, തുലാവർഷ മാസങ്ങളിൽ ഈ കുടുംബങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും അവർക്കായി ക്യാമ്പ് നടത്തണം എന്നീ നിർദ്ദേശങ്ങളും പാലിക്കപ്പെട്ടില്ല.

Advertisment