തിരുവനന്തപുരം: തീവ്രമായ മഴയോ നിർത്താതെയുള്ള മിതമായ മഴയോ ഉണ്ടായാൽ എവിടെയും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം. 13 ജില്ലകളും ഉരുൾ ഭീഷണിയിലാണ്. 2018 മുതലുണ്ടായ പ്രളയങ്ങൾക്ക് ശേഷമാണ് ഉരുൾപൊട്ടൽ സാദ്ധ്യതയേറിയതെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയും ഫിഷറീസ് യൂണിവേഴ്സിറ്റിയും നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഭീഷണിയേറെ. ഉരുൾപൊട്ടൽ സാധ്യതയേറിയ മേഖലകളിൽ അതിതീവ്രമായ മഴയുണ്ടായാൽ (24മണിക്കൂറിൽ 21സെന്റിമീറ്ററോ അതിലേറെയോ) അപകട ഭീഷണി ഏറുമെന്നാണ് വിലയിരുത്തൽ. മൂന്ന് ദിവസം തുടർച്ചയായി പെയ്യുന്ന മഴ പത്ത് സെന്റീമീറ്ററിൽ കൂടുതലായാലും ഉരുൾപൊട്ടാം. അതായത് മഴയെ ആശ്രയിച്ചായിരിക്കും ഉരുൾപൊട്ടൽ ഭീഷണി എന്ന സ്ഥിതിയാണ്.
വനനശീകരണം, മറ്റ് പരിസ്ഥിതി ആഘാതങ്ങൾ, മണ്ണിൻ്റെ ശിഥിലീകരണം എന്നിവയ്ക്കൊപ്പം തുടർച്ചയായി പെയ്യുന്ന മഴയാണ് (മഴയുടെ തീവ്രത) ഉരുൾപൊട്ടൽ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി വിദഗ്ദ്ധർ പറയുന്നത്. കാലവർഷം ശക്തമാകുന്ന സമയത്താണ് സംസ്ഥാനത്ത് ഉരുൾപൊട്ടലുകളിൽ അധികവും - കാലാവസ്ഥ വകുപ്പിൻ്റെ പഠനങ്ങൾ പറയുന്നു.
2018 ഓഗസ്റ്റിലെ മഴക്കാലത്ത് കേരളത്തിലെ 10 ജില്ലകളിലായി 341 ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീട് 2019 മുതൽ എല്ലാ വർഷവും ചെറുതും വലുതുമായ ഉരുൾപൊട്ടലുകൾ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായി. 1990 മുതൽ 2020 വരെ കേരളത്തിലുണ്ടായത് 3575 ഉരുൾപൊട്ടലുകളാണ്.
സംസ്ഥാനത്തെ 15 ശതമാനത്തോളം പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാദ്ധ്യതയുള്ളതും അഞ്ച് ജില്ലകൾ തീവ്രഭീഷണിയുള്ളതുമാണ്. മുൻകൂട്ടി കണ്ടെത്താനാവാത്ത ഉരുൾപൊട്ടലിനെ പ്രതിരോധിക്കാൻ അപകടമേഖലകളിൽ നിന്ന് ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത് അസാദ്ധ്യവുമാണ്.
വടക്കൻ ജില്ലകളിൽ കഴിഞ്ഞദിവസം ഉരുൾ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയാണെന്നാണ് വിലയിരുത്തൽ. തൃശ്ശൂർ മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ 8.30 വരെ പെയ്ത അതിതീവ്രമഴയാണ് ദുരന്തങ്ങൾ വിതച്ചത്. സ്വയം നിയന്ത്രിത കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം വടക്കൻ ജില്ലകളിൽ 20 ഇടങ്ങളിലാണ് 200 മില്ലീമീറ്ററോ അതിന് മേലെയോ മഴ ലഭിച്ചത്.
വയനാട് പടിഞ്ഞാറത്തറ ഡാമിൽ 333 മില്ലീമീറ്റർ മഴ ലഭിച്ചു. 115.6 മില്ലീമീറ്ററിൽ കൂടുതൽ പെയ്യുന്നതിനെയാണ് അതിതീവ്രമഴ എന്ന് വിളിക്കുന്നത്. 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ളത് തീവ്രമഴയും. വയനാട് തേറ്റമലയിൽ ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 409 മില്ലീമീറ്റർ മഴപെയ്തു. കള്ളാടിയിൽ 373, പുത്തുമല 372 എന്നിങ്ങനെയും മഴ പെയ്തു.
കക്കയം (363), എളനാട് (346.4), നിരവിൽപ്പുഴ (343), വടക്കാഞ്ചേരി (338), നെല്ലിയാമ്പതി (322), ലക്കിടി (320), സുഗന്ധഗിരി (312), ആലത്തൂർ (300), വാഴാനി (300) എന്നിവയാണ് അദ്ദേഹം ക്രോഡീകരിച്ച കണക്കുപ്രകാരം മഴ തകർത്തുപെയ്ത ഇടങ്ങൾ. 105 ഇടങ്ങളിൽ 180 മില്ലീമീറ്ററിലേറെ മഴ ലഭിച്ചു. 77 ഇടങ്ങളിൽ 200 മില്ലീമീറ്ററിലേറെയും മഴ കിട്ടി. ഈ കനത്ത മഴയാണ് വിവിധ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വഴിവച്ചത്.
ചെറിയ വീടുകളെ പോലും കാണാൻ കഴിയുന്ന രീതിയിലുള്ള സാറ്റലൈറ്റ് മാപ്പിംഗ് ചെയ്തിരുന്നെങ്കിൽ മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതലുകളെടുക്കാമായിരുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. തുടർച്ചയായി മഴ പെയ്തപ്പോഴാണ് മണ്ണും പാറയും ഇളകിയത്. ഇതു കണ്ടുപിടിക്കുന്നതിൽ വന്ന വീഴ്ചയാണ് കൂടുതൽ ആളപായമുണ്ടാകാൻ കാരണം.
മഴമാപിനികൾ ഉദ്യോഗസ്ഥർ കൃത്യമായി വിലയിരുത്താറുണ്ടായിരുന്നില്ലെന്നും വിലയിരുത്തലുണ്ട്. ഇനിയെങ്കിലും സർക്കാർ വേണ്ട മുൻ കരുതലുകൾ എടുക്കണം. ചെരിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റിത്താമസിപ്പിക്കണം. മണ്ണിടിച്ചിൽ ഉണ്ടാവുന്ന പ്രദേശങ്ങളുടെ മാപ്പ് കേന്ദ്രസർക്കാർ സ്ഥാപനമായ സെസ് തയ്യാറാക്കിയിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് ഏറ്റവും കുറവ് തേയില കിട്ടുന്ന സ്ഥലം അതായത് തോട്ടത്തിന് തീരെ പറ്റാത്ത സ്ഥലത്താണ് തൊഴിലാളികൾക്ക് താമസ സ്ഥലം ഒരുക്കിയത്. ഇതിന് പകരം ശാസ്ത്രീയമായ രീതിയിൽ ജനങ്ങളുടെ താമസം ആസൂത്രണം ചെയ്യണം. കൂടുതൽ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ താമസം അനുവദിക്കരുതെന്നും വിദഗദ്ധർ പറയുന്നു.