/sathyam/media/media_files/hUF8eofGoFW1IoDZ0cVK.jpg)
തിരുവനന്തപുരം: വയനാട്ടിലെ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് – വയനാട് തുരങ്കപാത പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ പുനരാലോചിക്കും. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാത ഇപ്പോൾ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേപ്പാടിയിലാണ് അവസാനിക്കുന്നത്.
വനഭൂമി ഏറെ വേണ്ടതും മലകളടക്കം തുരന്നുള്ളതുമായ ഇരട്ട തുരങ്കപ്പാതയിൽ പുനരാലോചന വേണമെന്ന് ഉന്നത ഉദ്യോഗസ്ഥരും പരിസ്ഥിതി സംഘടനകളും ഒന്നടങ്കം സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചുരം റോഡിന് ബദലായി വയനാട്ടിലേക്ക് മികച്ച യാത്രാമാർഗമായേക്കാവുന്ന പദ്ധതി ഉപേക്ഷിക്കുന്നത് തിരിച്ചടിയാവുമോ എന്ന ചിന്തയും സർക്കാരിനുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാർഗമാണ് പുതിയ പാത. മലകൾ തുരന്ന് ഇരട്ട തുരങ്കമുണ്ടാക്കിയാൽ പ്രകൃതിയുടെ തിരിച്ചടി ഭയാനകമാവുമെന്ന് ഒരു വിഭാഗവും പശ്ചിമഘട്ടം തുരന്ന് കൊങ്കൺ റെയിൽവേയുണ്ടാക്കിയിട്ടും പ്രശ്നമില്ലെന്ന് മറുഭാഗവും വാദിക്കുന്നുണ്ട്.
മലബാറിന്റെ അഭിമാന പദ്ധതിയായി സർക്കാർ അവതരിപ്പിക്കുകയും നയപ്രഖ്യാപനത്തിലടക്കം ഇടം പിടിക്കുകയും ചെയ്തതാണ് കോഴിക്കോട് – വയനാട് തുരങ്കപാത. പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണമെന്ന വ്യവസ്ഥയിലാണ് അനുമതി.
5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തിയിട്ടുമുണ്ട്. നാലു വില്ലേജുകളിലെ ഭൂമിക്കു പുറമേ, കുറിച്ചിപട്ട തേക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങൾ വെട്ടിമാറ്റിയാൽ 10.6 ഹെക്ടർ ഭൂമിയിൽ കൂടി മരം വച്ചുപിടിപ്പിക്കാമെന്ന് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു.
ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പ്രാഥമിക അനുമതി. സംസ്ഥാന – ദേശീയ പാതകളുമായി ബന്ധമില്ലാത്തതിനാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി പദ്ധതിക്കു തേടേണ്ടതില്ല. സംസ്ഥാനം സ്വന്തം നിലയിൽ പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചിട്ടുണ്ട്.
8.735 കിലോമീറ്ററിലെ തുരങ്കപ്പാതയ്ക്ക് കണക്കാക്കുന്ന ചെലവ് 2134 കോടി രൂപയാണ്. ആകെ ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി: 14.995 ഹെക്ടർ. ഖനനമാലിന്യ നിർമാർജനത്തിന് വേണ്ടി: 10 ഹെക്ടർ ഏറ്റെടുക്കണം. ഉപയോഗിക്കേണ്ട വനഭൂമി: 34.30 ഹെക്ടർ (ഇതിൽ 34.10 ഹെക്ടർ ഭൂഗർഭപാത)∙ അനുബന്ധ റോഡുകൾക്കായി വേണ്ട വനഭൂമി: 0.21 ഹെക്ടർ എന്നിങ്ങനെയാണ് കണക്ക്.
മല തുരക്കുന്നതിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ വേണ്ടിയാണ് സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നത്. കോഴിക്കോട് ഭാഗത്ത് ഇതിനു വേണ്ടിയുള്ള പകുതിയോളം ഭൂമി ലഭ്യമായിക്കഴിഞ്ഞു.
കോഴിക്കോട് – വയനാട് തുരങ്കപാത നിർമാണത്തിന് താൽപര്യം പ്രകടിപ്പിച്ച് ഇരുപത്തിയഞ്ചോളം വൻകിട നിർമാണ കമ്പനികൾ രംഗത്തുണ്ട്. കൊങ്കൺ റെയിൽവേയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സമീപ റോഡും രണ്ടു പാലങ്ങളും ഉൾപ്പെടുന്ന ഒരു പാക്കേജും ഇരട്ട തുരങ്കപാത മാത്രമായി മറ്റൊന്നുമായി രണ്ട് ടെണ്ടറുകളും വിളിച്ചു. കോഴിക്കോട് ജില്ലയിൽ 45 സർവേ നമ്പറുകളിൽ ഉള്ള ഭൂമി ഏറ്റെടുക്കാൻ 40 കോടിയും വയനാട്ടിൽ 15 കോടിയുമാണ് നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്ടെ 14 പേർക്കുള്ള തുക അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു കഴിഞ്ഞു.
വയനാട്ടിലെ ഭൂ ഉടമകളുമായുള്ള ചർച്ചയും നഷ്ടപരിഹാര പാക്കേജ് തീരുമാനവും പൂർത്തിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പദ്ധതിയിൽ പുനരാലോചന നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുമോയെന്ന ഭയവും സർക്കാരിനുണ്ട്.
ടണൽ തുടങ്ങുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലായി 4.8238 ഹെക്ടർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്. പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്.
താമരശേരി ചുരത്തിലൂടെയുള്ള ദുരന്ത യാത്രയ്ക്ക് പരിഹാരമായാണ് മേപ്പാടി– കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ മേഖലയിൽ ദേശീയ പാത 66 വികസിപ്പിക്കുന്നതിൽ ഗണ്യമായ പുരോഗതി നേടിയിട്ടുണ്ട്. ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത എന്ന സുപ്രധാന പദ്ധതി 2024 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നു’ എന്നാണ് നയപ്രഖ്യാപനത്തിൽ സർക്കാർ ഉൾപ്പെടുത്തിയത്.
ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസവും ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ദേശീയ പാത 766ന്റെ ഭാഗമാണ് താമരശേരി ചുരം. കേരളത്തിൽ തന്നെ ഇത്രയേെറ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന മറ്റൊരു ദേശീയപാതയുമുണ്ടാകില്ല.
മലബാറിലെ ആളുകൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്കു പോകുന്നത് താമരശേരി ചുരം വഴിയാണ്. ദിവസവും ഏകദേശം മുപ്പതിനായിരത്തോളം വാഹനങ്ങൾ ചുരം കടന്നു പോകാറുണ്ട്. എന്നാൽ ഇത്രയും വാഹനങ്ങളെ ഉൾക്കൊള്ളാൻ മാത്രം ശേഷിയുള്ളതല്ല ചുരം റോഡ്. അതിനാൽ തന്നെ ബദൽപാത അത്യാവശ്യമാണെന്ന് രണ്ട് പതിറ്റാണ്ടു മുൻപ് തന്നെ ആവശ്യം ഉയർന്നതാണ്.
2020 സെപ്റ്റംബറിൽ, 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ആനക്കാംപൊയിൽ കള്ളാടി – തുരങ്കപാത ഉടൻ നിർമാണം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചു. അതോടെയാണ് തുരങ്ക പാത നിർമാണത്തിനു ചൂടുപിടിച്ചത്.
തുടർന്ന് കൊങ്കൺ റെയിൽവേയുടെ നേതൃത്വത്തിൽ പഠനം നടത്തി സർവേ പൂർത്തിയാക്കി ടെൻഡർ ക്ഷണിച്ചു. നാലു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. തുരങ്കപാതയ്ക്ക് 2014 ൽ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തിയതാണ്. 2016 ൽ സർക്കാർ ഇ.ശ്രീധരനുമായി ചർച്ച നടത്തുകയും ചെയ്തു.
2017 ലെ സംസ്ഥാന ബജറ്റിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ 20 കോടി രൂപ വകയിരുത്തി. തുടർന്ന് തുരങ്കപാതയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കലും നിർമാണവും കൊങ്കൺ റെയിൽവേ കോർപറേഷനെ ഏൽപിച്ചു. കൊങ്കൺ റെയിൽവേ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈൻമെന്റ് തയാറാക്കി.
വയനാട് മേപ്പാടി ഭാഗത്തും ചൂരൽമല ഭാഗത്തും അവസാനിക്കുന്ന നാല് അലൈൻമെന്റുകളാണ് തയാറാക്കിയത്. മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈൻമെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. പരമാവധി കാട് ഒഴിവാക്കിയുള്ള അലൈൻമെന്റാണ് തിരഞ്ഞെടുത്തത്. അതു പ്രകാരം മറിപ്പുഴ ഭാഗത്ത് 70 മീറ്റർ നീളത്തിൽ പാലവും അനുബന്ധ റോഡും നിർമിക്കും.
സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റർ ദൂരത്തിൽ തുരങ്കവും പിന്നീട് കള്ളാടി ഭാഗത്തേക്ക് അനുബന്ധറോഡും രണ്ടുവരി പാതയായി നിർമിക്കും. ചുരത്തിലെ ഗതാഗതക്കുരുക്കിന് ശ്വശത പരിഹാരമാകുന്ന തുരങ്കപാത ഉപേക്ഷിക്കരുതെന്ന ആവശ്യവുമുണ്ട്.