/sathyam/media/media_files/HJSiZrG0KR5PCLeSap2C.jpg)
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി, പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനും പ്രതിരോധ പ്രവർത്തനം നടത്താനും ശേഷിയില്ലാതെ വെറും ദുരന്തമായി മാറിയെന്ന് ആക്ഷേപം.
കാലാവസ്ഥാ മുന്നറിയിപ്പിനെച്ചൊല്ലം കേന്ദ്രവും സംസ്ഥാനവും തമ്മിൽ വലിയ തർക്കത്തിലാണ്. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കിട്ടിയാലും ഇല്ലെങ്കിലും സംസ്ഥാനം സ്വന്തമായി സ്വകാര്യ ഏജൻസികളിൽ നിന്ന് കാലാവസ്ഥാ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
കോടിക്കണക്കിന് രൂപയാണ് ഈ സ്വകാര്യ ഏജൻസികൾക്ക് നൽകുന്നത്. പണം വാങ്ങുന്ന ഏജൻസികൾ കൃത്യമായി വിവരങ്ങൾ നൽകുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര ഏജൻസികളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി അപഗ്രഥിച്ച് മുന്നറിയിപ്പുകൾ കൃത്യമായി നൽകേണ്ടതും മുന്നറിയിപ്പുകൾ പ്രാദേശികതലത്തിൽ എത്തിക്കേണ്ടതും പ്രതിരോധ സംവിധാനങ്ങൾ മുൻകൂട്ടി ഒരുക്കേണ്ടതും ദുരന്ത നിവാരണ അതോറിട്ടിയാണ്.
അതിന് അതോറിട്ടിക്ക് കഴിയുന്നില്ല. പകരം ദുരന്തമുണ്ടാകുമ്പോഴുള്ള രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയിലാണ് അതോറിട്ടിയുടെ ശ്രദ്ധ. സാമൂഹികപ്രതിരോധവും സന്നാഹമൊരുക്കലുമാണ് പുതിയ കാലഘട്ടത്തിലെ ദുരന്തനിവാരണമെന്ന് മനസിലാക്കാതെയാണ് പഴയകാലഘട്ടത്തിലുണ്ടായിരുന്ന ദുരിതാശ്വാസം, പുനരധിവാസം എന്നിവയിൽ അതോറിട്ടി ഊന്നൽ നൽകുന്നത്.
ദുരന്തനിവാരണ അതോറിട്ടിയടെ ചെയർമാൻ മുഖ്യമന്ത്രിയാണ്. റവന്യുമന്ത്രി വൈസ്ചെയർമാനും. ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണ നിർവഹണസമിതി. 2016-നുശേഷം നടന്ന പുനഃസംഘടനയിലൊന്നും വിദഗ്ദ്ധ അംഗങ്ങളെ ഉൾപ്പെടുത്താത്തിയിട്ടേയില്ല.
ഫലത്തിൽ ഇപ്പോൾ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമല്ലാതെ വിദഗ്ദ്ധർ ഈ അതോറഇട്ടിയിൽ ഇല്ല. രണ്ട് വിദഗ്ദ്ധ അംഗങ്ങൾ ഉൾപ്പെടെ എട്ട് അംഗങ്ങളും ഓരോ മേഖലയ്ക്കും ഉപദേശകസമിതികളുമായാണ് വേണ്ടത്.
ജില്ലകളിൽ ജില്ലാ കളക്ടർ ചെയർമാനായ ഒരു ജില്ലാതല ദുരന്തനിവാരണ കമ്മിറ്റിയുമുണ്ട്. വിവിധ വകുപ്പുകളുടെ സഹായത്തോടെ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നതാണ് അതോറിട്ടിയുടെ പ്രധാന പണി. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാഹചര്യങ്ങളിൽ വകുപ്പുകളുടെ പ്രവർത്തനം, ഏകോപനം എന്നിവ പരിശോധിക്കുന്നതിനും കുറവുകൾ നികത്തുന്നതിനുമെന്ന പേരിലാണിത്.
പ്രളയ ദുരന്തമുണ്ടായപ്പോൾ, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തലവൻ ശേഖർ കുര്യാക്കോസ് വിദേശത്തായിരുന്നെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോഴും ഇദ്ദേഹം വിദേശത്തായിരുന്നു.
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ മേധാവിയും അതോറിട്ടി മെമ്പർ സെക്രട്ടറിയുമായ ശേഖർ കുര്യാക്കോസ് വിദേശത്ത് പോയതാണ് പ്രതിപക്ഷം അന്ന് സഭയിൽ ഉന്നയിച്ചത്.
കാലാവസ്ഥാ പ്രവചനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളെ മാത്രം ആശ്രയിക്കാതെ നാസയുടെയും യൂറോപ്യൻ യൂണിയന്റെയും സൗജന്യമായി ലഭിക്കുന്ന വിവരങ്ങൾ കൂടി ഉപയോഗിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടിയുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം എന്താണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്നേ ചോദിച്ചിരുന്നു. തീവ്രമഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഒന്നും ചെയ്യുന്നില്ല.
ദുരന്തനിവാരണ കൈപ്പുസ്തകം തമാശകൾ നിറഞ്ഞതാണ്. ദുരന്തനിവാരണത്തിന് ഓരോ ജില്ലയിലും പ്രത്യേക പ്ലാൻ വേണം. എല്ലാ ഏജൻസികളുടെയും വിവരം ശേഖരിച്ച് ശക്തമായ മുന്നറിയിപ്പ് സംവിധാനം സജ്ജമാക്കുകയാണ് വേണ്ടത് - തുടങ്ങിയ പ്രതിപക്ഷ ആവശ്യങ്ങൾ ഗൗരവത്തോടെ എടുത്തിരുന്നെങ്കിൽ ഇപ്പോൾ ഉരുൾദുരന്തമുണ്ടായ ചൂരൽമല പതിറ്റാണ്ടുകൾക്ക് മുൻപ് തയ്യാറാക്കിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടതല്ല എന്ന് പറയേണ്ട സ്ഥിതി സർക്കാരിന് ഉണ്ടാവുമായിരുന്നില്ല.
മികച്ച ദുരന്തനിവാരണ പ്ലാനിന്റെ അഭാവം, താഴെത്തട്ടിൽ ബോധവത്‌കരണ പ്രവർത്തനങ്ങൾ എത്താത്തത്, അപകടമേഖലയുടെ വാർഡുതല ഭൂപടം തയ്യാറാക്കാത്തത്, പ്രവർത്തിക്കാത്ത മുന്നറിയിപ്പു സംവിധാനങ്ങൾ തുടങ്ങിയ വീഴ്ചകൾ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.
കേരളം സ്ഥാപിച്ച 351 മുന്നറിയിപ്പുസംവിധാനങ്ങളിൽ 289 എണ്ണവും പ്രവർത്തനക്ഷമമല്ലെന്ന് രണ്ടുതവണയാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അനക്കമില്ല.
പഴയ വിവരങ്ങളും കണക്കുകളുമാണ് ഇപ്പോഴും ദുരന്തനിവാരണ അതോറിട്ടി ആശ്രയിക്കുന്നത്. 2010-ലെ വിവരങ്ങൾ അടിസ്ഥാനമാക്കി 2012-ൽ തയ്യാറാക്കി 2016-ൽ അംഗീകാരം നൽകിയ ദുരന്തനിവാരണപദ്ധതിയാണ് കേരളം ഇപ്പോഴും പിന്തുടരുന്നത്.
2017-ൽ വന്ന ഓഖി ചുഴലിക്കാറ്റോ, അടുത്തവർഷമുണ്ടായ പ്രളയമോ അതിവർഷമോ ഉരുൾപൊട്ടലുകളോ ഒന്നും ഈ പദ്ധതി പരിഷ്കരിക്കുന്നതിനിടയാക്കിയിട്ടില്ല. അതിനാലാണ് ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ ചൂരൽമല അടക്കമുള്ള പ്രദേശങ്ങളുടെ സ്വഭാവം മാറിയത് സർക്കാരോ ദുരന്തനിവാരണ അതോറിട്ടിയോ അറിയാതെ പോയത്.