/sathyam/media/media_files/9NSTMi7gNOqOHs4PjmHC.jpg)
തിരുവനന്തപുരം: അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതിന് ബി.എസ്.എഫ് ഡയറക്ടർ ജനറൽ പദവിയിൽ നിന്ന് പുറത്താക്കി കേരളത്തിലേക്ക് തിരിച്ചയച്ച ഡി.ജി.പി റാങ്കുള്ള നിതിൻ അഗർവാളിന് കേരളാ പോലീസിൽ എന്ത് പദവി നൽകുമെന്ന് സർക്കാർ തലപുകഞ്ഞ് ആലോചിക്കുന്നു.
തിരിച്ചെത്തുന്നതോടെ കേരളാ പോലീസിലെ ഏറ്റവും സീനിയറാവും നിതിൻ. 2026വരെ കാലാവധിയുമുണ്ട്. അദ്ദേഹത്തേക്കാൾ ജൂനിയറായ ഷേക്ക് ദർവേഷ് സാഹിബാണ് നിലവിലെ പോലീസ് മേധാവി.
നിതിൻ അഗർവാളിനെ പോലീസിൽ നിയമിക്കണോ അതോ വിജിലൻസ്, ജയിൽ, എക്സൈസ് പോലെ മറ്റേതെങ്കിലും വിഭാഗത്തിൽ നിയമിക്കണോ എന്നാണ് സർക്കാരിന്റെ ചിന്ത. ബി.എസ്.ഫിന്റെ മേധാവിയായിരുന്ന ഉദ്യോഗസ്ഥനെ കേരളത്തിൽ അപ്രധാന സ്ഥാനത്ത് നിയമിക്കുകയാണെങ്കിൽ ഒതുക്കപ്പെട്ടു എന്ന ചിന്ത ശക്തമാവും. അതിനാൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകരാത്ത തരത്തിലുള്ള നിയമനമാവും നൽകുകയെന്നാണ് അറിയുന്നത്.
പാകിസ്ഥാൻ അതിർത്തിയിൽ ഭീകരരുടെയും പാക് സൈനിക കമാൻഡോകളുടെയും നുഴഞ്ഞുകയറ്റം തടയുന്നതിൽ വീഴ്ചവരുത്തിയതിനെത്തുടർന്നാണ് ബി.എസ്.എഫ് ഡയറക്ടർ ജനറൽ നിതിൻ അഗർവാളിനെ കേന്ദ്രസർക്കാർ നിർബന്ധപൂർവം കേരളാ കേഡറിലേക്ക് തിരിച്ചയച്ചത്.
അപൂർവവും അസാധാരണവുമാണ് ഇത്തരമൊരു അച്ചടക്ക നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ ക്യാബിനറ്റ് അപ്പോയ്ന്റ്‌മെന്റ്സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 2023 ജൂണിൽ ബി.എസ്.എഫ് മേധാവിയായ നിതിന് 2026 ജൂലൈ 30 വരെ തുടരാമായിരുന്നു.
കാശ്മീരിലെ അതിർത്തി കാക്കുന്നത് ബി.എസ്.എഫാണ്. സേനയിൽ അഗർവാളിന് നിയന്ത്രണമില്ലാതായെന്നും മറ്റ് സേനകളുമായുള്ള ഏകോപനം പാളിയെന്നും കണ്ടെത്തിയാണ് കേന്ദ്രനടപടി.
അതിർത്തിയിലെ കാര്യങ്ങളിൽ കരസേനയുമായി ഏകോപനമുണ്ടാക്കാൻ കഴിയാതിരുന്നതാണ് നിതിന് വിനയായത്. സൈനിക ഓഫീസർമാരുമായി ഒത്തുപോകാൻ നിതിന് കഴിഞ്ഞില്ല. മുതിർന്ന പട്ടാള ഓഫീസർമാർ വിളിക്കുമ്പോൾ നിതിനെ ഫോണിൽ ലഭിക്കുമായിരുന്നില്ലെന്നും വിവരമുണ്ട്.
2 മാസത്തിനിടെ അതിർത്തിയിൽ നുഴഞ്ഞുകയറിയുള്ള അക്രമങ്ങൾ വർദ്ധിച്ചിരുന്നു. സ്പെഷ്യൽ ഡയറക്ടറായിരുന്ന വൈ.ബി ഖുറാനിയെ ഒഡിഷ കേഡറിലേക്ക് തിരിച്ചയച്ചു.
കാർഗിൽ വിജയ് ദിവസ ആഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി താക്കീതിന് നൽകിയതിന്റെ തൊട്ടടുത്ത ദിവസം പാക് സേനയുടെ സഹായത്തോടെ ജമ്മുകാശ്‌മീരിലെ കുപ്‌വാര ജില്ലയിൽ മച്ചൽ സെക്‌ടറിൽ നിയന്ത്രണ രേഖയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു.
ഒരു മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കം നാല് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിന്റെ തിരിച്ചടിയിൽ പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു. കാർഗിലിൽ വൻ തിരിച്ചടി നേരിട്ടിട്ടും പാകിസ്ഥാൻ പഠിച്ചില്ലെന്നും ഇന്ത്യയ്‌ക്കെതിരെ നിഴൽ യുദ്ധം തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഈ ആക്രമണം.
2021 ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ ധാരണയുണ്ടാക്കുന്നതിന് മുൻപ് പാകിസ്ഥാന്റെ ബോർഡർ ആക്‌ഷൻ ടീമിന്റെ (ബാറ്റ്) ആക്രമണം പതിവായിരുന്നു. പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ, ഇടവേളയ്‌ക്ക് ശേഷം ബാറ്റിന്റെ നേതൃത്വത്തിലുള്ള ഇടപെടൽ മേഖലയിൽ അസ്വസ്‌ഥതയുണ്ടാക്കാനുള്ള പാക് നീക്കം വെളിവാക്കുന്നു.
ജമ്മുകാശ്‌മീരിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിടയുള്ളത് കണക്കിലെടുത്ത് ഭീകരാക്രമണങ്ങളുണ്ടാകുമെന്ന് ഇന്റലിജൻസ് വിവരങ്ങളുണ്ടായിരുന്നു. എങ്കിലും ആഴ്‌ചകളായി അതിർത്തിയോടു ചേർന്ന കുപ്‌വാര, രജൗരി, പൂഞ്ച്, ദോഡ മേഖലകളിൽ അടക്കം ഭീകരാക്രമണം വർദ്ധിച്ചത് കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.
ഈമാസം മാത്രം ഭീകരാക്രമണത്തിൽ 11 സൈനികർ ജമ്മുകാശ്‌മീരിൽ വീരമൃത്യുവരിച്ചു. 23 ന് പൂഞ്ച് ജില്ലയിലെ 7 ജാട്ട് റെജിമെന്റിലെ ലാൻസ് നായിക് സുഭാഷ് ചന്ദറും (28), 15ന് ദോഡ കൃഷ്ണ ഘാട്ടി സെക്‌ടറിൽ നടന്ന ഏറ്റുമുട്ടലിൽ 10 രാഷ്ട്രീയ റൈഫിൾസിലെ ഒരു ക്യാപ്‌റ്റൻ അടക്കം മൂന്ന് സൈനികരും 8 ന്, കത്വയിലെ മച്ചേഡി വനമേഖലയിൽ 22 ഗർവാൾ റൈഫിൾസിലെ അഞ്ച് സൈനികരും കൊല്ലപ്പെട്ടിരുന്നു.
ജൂൺ 9 നും 12 നും ഇടയിൽ നടന്ന വിവിധ സംഭവങ്ങളിൽ ഏഴ് തീർത്ഥാടകരും ഒരു ബസ് ഡ്രൈവറും ഒരു സി.ആർ.പി.എഫ് കോൺസ്റ്റബിളും കൊല്ലപ്പെട്ടു. ഗുരുതര വീഴ്ച ഏകോപനത്തിൽ ഉണ്ടായെന്ന് വിലയിരുത്തിയാണ് നിതിനെതിരായ നടപടി.
1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിതിൻ അഗർവാളിനെ സംസ്ഥാന പോലീസ് മേധാവിയാക്കാൻ നേരത്തേ പരിഗണിച്ചിരുന്നു. സീനിയറായ നിതിന്റെ പേര് പട്ടികയിൽ മുന്നിലായിരുന്നു. കേന്ദ്ര സർവീസിലായതിനാൽ സംസ്ഥാനത്തേക്ക് തിരിച്ചെത്താൻ അദ്ദേഹം സന്നദ്ധനായിരുന്നില്ല.
നിലവിൽ ഏറ്റവും സീനിയറായ നിതിൻ പൊലീസിലേക്ക് തിരിച്ചെത്തുന്നതോടെ അതിനൊത്ത പദവി അദ്ദേഹത്തിന് നൽകേണ്ടി വരും. വിജിലൻസ് മേധാവി ടി.കെ.വിനോദ് കുമാർ സ്വയം വിരമിക്കുമ്പോൾ ആ പദവി നൽകുമോയെന്ന് വ്യക്തമല്ല.
സശസ്ത്ര സീമാബൽ (എസ്.എസ്.ബി) ഡയറക്‌ടർ ജനറൽ ദൽജീത് സിംഗ് ചൗധരിക്ക് ബി.എസ്.എഫ് മേധാവിയുടെ അധികചുമതല നൽകി. അദ്ദേഹം നിതിൻ അഗർവാളിൽ നിന്ന് ചുമതല ഏറ്റെടുത്തു. 1990 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.