/sathyam/media/media_files/passing-out-parrade.jpg)
തിരുവനന്തപുരം: കേരളാ പോലീസിൽ കുട്ടൻ പിള്ള പോലീസിന്റെ കാലം കഴിയുകയാണ്. ഇന്ന് രാവിലെ പാസിംഗ് ഔട്ടിലൂടെ കേരളാ പോലീസിന്റെ ഭാഗമായ 333 പേരിൽ മിക്കവരും ഉന്നത ബിരുദധാരികളാണ്. എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും എം.ബി.എയും എം.എസ്.ഡബ്യുവും നേടിയവരും ഇക്കൂട്ടത്തിലുണ്ട്. കൂടുതൽ വിദ്യാസമ്പന്നർ സേനയിൽ എത്തുന്നതോടെ, പോലീസിന്റെ മുഖച്ഛായ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജനങ്ങളോടുള്ള പെരുമാറ്റവും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. എസ്.എ.പി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ബി.ടെക്ക് ബിരുദധാരികളായ 29 പേരും എം.ടെക്ക് ഉള്ള ഒരാളും ഉണ്ട്. 105 പേർക്ക് ബിരുദവും 13 പേർക്ക് ബിരുദാനന്തര ബിരുദവും ഉണ്ട്.
കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ 11 പേർ എൻജിനീയറിംഗ് ബിരുദധാരികളാണ്. ഡിഗ്രി യോഗ്യയതയുള്ള 85 പേരും എം.എസ്.ഡബ്ള്യുവും എം.ബി.എയും ഉൾപ്പെടെയുള്ള പി.ജി ബിരുദങ്ങൾ നേടിയ 24 പേരും ഈ ബാച്ചിൽ ഉണ്ട്.
പരിശീലനം പൂർത്തിയാക്കിയ 333 പേരാണ് ഇന്ന് പോലീസ് സേനയുടെ ഭാഗമായത്. തിരുവനന്തപുരം പേരൂർക്കട എസ് എ പി ക്യാമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.
തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 179 പേരും കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ 154പേരുമാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. തിരുവനന്തപുരം പനവൂർ സ്വദേശി എസ് അക്ഷയ് ആയിരുന്നു പരേഡ് കമാൻഡർ. മുല്ലൂർ സ്വദേശി രാഹുൽ കൃഷ്ണൻ എൽ. ആർ സെക്കൻഡ് ഇൻ കമാൻഡർ ആയി.
എസ് എ പി യിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഇൻഡോർ കേഡറ്റായി എസ് പി ജയകൃഷ്ണനും മികച്ച ഔട്ട്ഡോർ കേഡറ്റായി എം ആനന്ദ് ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. എസ്. സാജിർ ആണ് മികച്ച ഷൂട്ടർ. വി കെ വിജേഷ് ആണ് ഓൾ റൗണ്ടർ. കെ.എ.പി അഞ്ചാം ബറ്റാലിയനിൽ പരിശീലനം നേടിയ ഏറ്റവും മികച്ച ഇൻഡോർ കേഡറ്റ് എം എം വിഷ്ണുവാണ്. എൽ ആർ രാഹുൽ കൃഷ്ണൻ മികച്ച ഔട്ട്ഡോർ കേഡറ്റും ഡോൺ ബാബു മികച്ച ഷൂട്ടറുമായി. എം എസ് അരവിന്ദ് ആണ് ഓൾ റൗണ്ടർ. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പാസിംഗ് ഔട്ട് ചടങ്ങിൽ പങ്കെടുത്തു.
പൊലീസിന്റെ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാത്തവർ സേനയുടെ ഭാഗമായുണ്ടാവില്ലെന്നും തെറ്റുചെയ്തവർ സേനയിൽ തുടരുന്നത് പൊലീസിന്റെ യശസ്സിനെ ബാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ല. ഒറ്റപ്പെട്ട സംഭവമാണെങ്കിൽ പോലും പൊലീസിന് അവമതിപ്പുണ്ടാക്കുന്നവർ സേനയുടെ ഭാഗമായുണ്ടാവില്ല. ആരുടേയും കഞ്ഞികുടി മുട്ടിക്കുന്നതല്ല സർക്കാർ രീതിയെങ്കിലും സേനയ്ക്ക് ചേരാത്ത രീതിയിലുള്ള തെറ്റുണ്ടായാൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാവില്ല.
മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം ഇത് ബാധകമാണ്. പൊലീസ് സേനയാകെ യശസ്സ് നേടിയ ഘട്ടത്തിലും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ശരിയല്ലാത്ത ചെയ്തികൾ സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും സമൂഹം അവയെ ഗൗരമായി ശ്രദ്ധിക്കുന്നു.
പൊലീസന്റെ ഭാഗത്തുന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്ന് നാടും ജനങ്ങളും കരുതുന്ന കാര്യങ്ങൾ ഉണ്ടായാൽ അതിനെതിരെ വിമർശനമുയരും. അതിൽ അസ്വസ്ഥത വേണ്ട. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത കാട്ടണം.
ചിലർ സേനയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. യഥാർത്ഥത്തിൽ സേന അത്തരമൊരു ചെയ്തി അംഗീകരിക്കുന്നില്ല. ജനങ്ങൾ പൊലീസുമായി സഹകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.