/sathyam/media/media_files/eip1hEvXQjggk3yCKIlt.jpg)
തിരുവനന്തപുരം: മലമുകളിൽ നിന്ന് മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കി ഒഴുകിയെത്തിയ ഉരുൾപ്രളയത്തിൽ കാടിന്റെ ഉള്ളറിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉള്ളുപൊള്ളുകയാണ്. ഉരുളൊഴുകി ദുരന്തഭൂമിയായി മാറിയ ദുർഘടപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനൊപ്പം വിവിധ സേനകൾക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയാവുന്നത് സംസ്ഥാന വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.
ദുരന്തം ആദ്യം നേരിൽ കണ്ടതും വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ. അന്നു മുതൽ തുടരുകയാണ് അവിശ്രമം രക്ഷാപ്രവർത്തനം. ചാലിയാറിലെ ദുർഘടമേഖലകളിൽ നടക്കുന്ന തിരച്ചിലില്‍ വഴികാട്ടുന്നതും കാടിനെ തൊട്ടറിയുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ. മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ മൃതദേഹങ്ങൾ വനം മേഖലകളിൽ നിന്ന് കണ്ടെത്താനുള്ള തിരച്ചിൽ നയിക്കുന്നതും വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.
കനത്ത മഴയോടൊപ്പം കാട്ടാനകളും വന്യമൃഗങ്ങളും ഈ പ്രദേശങ്ങളിൽ ജനവാസ കേന്ദ്രത്തിലെത്തുന്നു എന്ന് വിവരം കിട്ടിയതിനെ തുടർന്നാണ് വനപാലകസംഘം മുണ്ടക്കൈ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിൽ നിന്നും ജൂലൈ 29 അർധരാത്രിയോടെ ചൂരൽമലയിലെത്തുന്നത്.
പാലത്തിനരികിൽ അസാധാരണമായവിധം പാലത്തിൽ വെള്ളം ഉയരുന്നതാണ് സംഘം കണ്ടത്. ഉടൻ തന്നെ സമീപവാസികളെ അറിയിച്ചു. തുടർന്ന് നീലിക്കാപ്പ് ഭാഗത്തേക്ക് പുറപ്പെടുന്ന വേളയിലാണ് ഉരുൾപൊട്ടലുണ്ടായെന്ന വിവരം ലഭിക്കുന്നത്.
തിരികെ ചൂരൽമലയിലെത്തുമ്പോള്‍ വീടുകളും പരിസരവും പ്രളയജലത്തിൽ മുങ്ങുന്നു. ജീപ്പിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള വെളിച്ചത്തിലാണ് നിരവധി പേർ ജലപ്രവാഹം ഒഴിവാക്കി സുരക്ഷിത സ്ഥാനത്തേക്കെത്തിയത്. നാൽപത്തഞ്ചോളം പേരെ രക്ഷിക്കാനായി.
ഇതിനകം ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ. പ്രദീപന്റെ നേതൃത്വത്തിൽ കൂടുതൽ വനപാലകരെത്തി. മേപ്പാടി റേഞ്ച് ഓഫീസർ സഞ്ജയ് കുമാറും റാപിഡ് റെസ്പോൺസ് ടീമും കൂടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ഉരുൾ പൊട്ടിയത്. ഉരുൾ പ്രവാഹത്തിൽ നിന്നും പലരും രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ. ശിവകുമാർ ഓർമ്മിച്ചെടുത്തു.
വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടവർക്കിടയിലേക്കെത്തിയ കാട്ടാനകളെ തുരത്താനും വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നിൽ നിന്നു. പടവെട്ടിക്കുന്ന്, കൊയ്‌നാക്കുളം എന്നിവടങ്ങളിൽ നിന്നും നിരവധി പേരെ രക്ഷിച്ചു. നേരം പുലർന്നതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ടറിഞ്ഞത്.
കനത്ത മഴയെയും മൂടൽ മഞ്ഞിനെയും വകവെക്കാതെ ഭൂപ്രദേശത്തിന്റെ എല്ലാഭാഗങ്ങളും നേരിട്ടറിയുന്ന വനപാലകർ രക്ഷാപ്രവർത്തനങ്ങള്‍ക്കെല്ലാം വഴികാട്ടിയായി. ആളുകളെ വീണ്ടെടുക്കാനും സേന ഉണർന്നു പ്രവർത്തിച്ചു.
കുതിച്ചൊഴുകുന്ന മലവെള്ളത്തിന് കുറുകെ കയറിൽ തൂങ്ങി മറുകരകടന്നാണ് കൽപ്പറ്റ റെയിഞ്ചർ കെ. ഹാഷിഫും സംഘവും രക്ഷയ്ക്കായി നിലവിളിച്ച ഒരാളെ അതിസാഹസികമായി ജീവിതത്തിലേക്ക് കൈപിടിച്ചത്. പ്രതിദിനം നൂറോളം ജീവനക്കാരാണ് ആദ്യദിവസം മുതൽ രക്ഷാപ്രവർത്തനത്തിലുള്ളത്.
ചാലിയാറിന്റെ തീരങ്ങളിൽ നിന്നും ഒട്ടേറെ മൃതദേഹങ്ങളാണ് വനപാലകർ കണ്ടെത്തിയത്. ഏറാട്ടുകുണ്ട് ആദിവാസി സങ്കേതത്തിൽ ഒറ്റപ്പെട്ട 26 പേരെ സ്ട്രച്ചറിലും ചുമലിലേറ്റിയും അട്ടമല ക്യാമ്പിലേക്ക് എത്തിച്ചു. ഏറാട്ടുകുണ്ടിൽ നിന്നും കാണാതായ ആദിവാസി കുടുംബത്തെ തേടി റെയിഞ്ച് ഓഫീസർ കെ.ഹാഷിഫും സംഘവും കാടുകയറി.
അവശ നിലയിൽ കണ്ടെത്തിയ ആദിവാസി യുവതി ശാന്തയെയും ഭർത്താവ് കൃഷ്ണനെയും രണ്ടുമക്കളെയും സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചു. കിടക്കവിരി മുറിച്ച് കുട്ടികളെ നെഞ്ചോട് ചേർത്ത് കെട്ടിയാണ് വനപാലകർ പാറയിടുക്കുകൾ താണ്ടിയത്. ഫോറസ്റ്റ് ഓഫീസര്‍ വി.എസ്.ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.അനിൽകുമാർ, ജി.ശിശിര, അനൂപ് തോമസ് എന്നിവരായിരുന്നു ഈ ദൗത്യത്തിലുണ്ടായിരുന്നത്.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.എസ് ദീപ, നോർത്തേൺ സർക്കിൾ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ. രാമൻ തുടങ്ങിയ ഉന്നതോദ്യോഗസ്ഥരാണ് വനംവകുപ്പ് രക്ഷാദൗത്യം നയിക്കുന്നത്.