/sathyam/media/media_files/37iIvRvRCWbLHRveQbQI.jpg)
തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരേ ലളിതകുമാരി കേസിലെ സുപ്രീംകോടതി ഉത്തരവനുസരിച്ച് പ്രാഥമിക അന്വേഷണം നടത്തണമെന്ന് അമിക്കസ് ക്യൂരി ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ അന്വേഷണം വേണ്ടെന്ന വിജിലൻസിന്റെ നിലപാട് പരിഹാസ്യമായി മാറുകയാണ്.
പൊതുപ്രവർത്തകൻ ഗിരീഷ്ബാബുവിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വസ്തുതാ പരിശോധനയ്ക്കായാണ് ഹൈക്കോടതി അമിക്കസ് ക്യൂരിയായി നിയോഗിച്ച യുവ അഭിഭാഷകൻ അഖിൽ വിജയ് ആണ് റിപ്പോർട്ട് നൽകിയത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള പരാതികളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം അഭികാമ്യമാണ് എന്നാണ് അമിക്കസ് ക്യൂരി ഹൈക്കോടതിയെ അറിയിച്ചത്. അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യുകുഴൽനാടന്റെ ഹർജി നേരത്തേ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. അന്വേഷണം ആവശ്യമില്ലെന്നാണ് വിജിലൻസ് അന്ന് കോടതിയിൽ നിലപാടെടുത്തത്.
കമ്പനികളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും എംഎൽഎയും ഉൾപ്പെട്ടവർ സിഎംആർഎൽ കമ്പനി അധികൃതരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഗിരീഷ് ബാബു ഹർജിയിൽ ആരോപിച്ചു.
പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരിൻ്റെ ചുരുക്കെഴുത്തുകൾ മാത്രം അടങ്ങിയ ഡയറി നേരത്തേ കേന്ദ്രഏജൻസികൾ കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് 2 വർഷത്തിനിടെ 1.72 കോടി ലഭിച്ചു. അവർ ഇതുവരെ ചെയ്ത സേവനങ്ങൾ എന്താണെന്ന് അറിയില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തേ മാത്യുകുഴൽനാടന്റെ സമാന പരാതിയിലെ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നും ഹാജരാക്കിയ തെളിവുകളിൽ അഴിമതിയുടെ ഒരു തുണ്ടുപേപ്പർ പോലും കണ്ടെത്താനായില്ലെന്നമാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധിച്ചത്. കേന്ദ്രസ്ഥാപനമായ ഐ.ആർ.ഇ.എല്ലും സംസ്ഥാന സ്ഥാപനമായ കെ.എം.എം.എല്ലുമാണ് ശശിധരൻ കർത്തയുടെ സ്ഥാപനമായ സി.എം.ആർ.എല്ലിന് ധാതുമണൽ നൽകിയത്.
ഇത് സൗജന്യമായാണ് നൽകിയതെന്ന പരാതിയില്ല. പൊതുവിപണിയിലെ വിലയ്ക്ക് മണൽ നൽകിയതിൽ അഴിമതി കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. 2018ലെ പ്രളയത്തിന്റെ മറവിൽ കുട്ടനാടിനെ രക്ഷിക്കാനെന്ന വ്യാജേന തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് മണൽ നീക്കി കുറഞ്ഞവിലയ്ക്ക് സി.എം.ആർ.എല്ലിന് നൽകിയെന്നായിരുന്നു ഹർജിയിലെ ആരോപണം.
സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ കെ.എം.ഇ.ആർ.എല്ലിന്റെ കൈവശമുള്ള അധികഭൂമി ക്രമവത്കരിക്കാൻ ഇളവുനൽകിയെന്നാണ് മറ്റൊരു ആരോപണം. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് മുഖ്യമന്ത്രി അപേക്ഷ പരിഗണിക്കാൻ പറഞ്ഞെന്നതുകൊണ്ടുമാത്രം അഴിമതിയാവില്ല. ഈ നിർദ്ദേശമുണ്ടായിട്ടും ലാൻഡ്ബോർഡ് സി.എം.ആർ.എല്ലിന്റെ അപേക്ഷ രണ്ടുവട്ടം തള്ളി.
സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായപ്പോൾ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. ഇതിൽ എങ്ങനെ അഴിമതി ആരോപിക്കാനാവും. സി.എം.ആർ.എല്ലിന് വഴിവിട്ട് ഔദാര്യം ചെയ്യാൻ ഇത്തരമൊരു തീരുമാനത്തിന്റെ ആവശ്യമുണ്ടോ ? ഉന്നയിച്ച ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഹർജിക്കാരനായില്ല. ഹാജരാക്കിയ ആധികാരികതയില്ലാത്ത വേ-ബില്ലിൽ എന്ത് സാധനമാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല - കോടതി പറഞ്ഞു.
ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതം ആണെന്ന കണ്ടെത്തലും കോടതി നടത്തിയിരുന്നു. സി.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥൻ ആദായനികുതി സെറ്റിൽമെന്റ് ബോർഡിന് നൽകിയ മൊഴിയിൽ നിരവധി രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളും പണംവാങ്ങിയെന്നുണ്ടായിരുന്നു.
അവർക്കെതിരേ അന്വേഷണം ആവശ്യപ്പെടാതെ മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ മാത്രം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണ്. സേവനം നൽകാതെ വീണയുടെ കമ്പനിക്ക് 1.72കോടി രൂപ നൽകിയെന്നും ഇതിനു ശേഷമാണ് സി.എം.ആർ.എല്ലിനു വേണ്ടി മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതെന്നുമായിരുന്നു കുഴൽനാടന്റെ ആരോപണം.
വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലല്ലാതെ വിജിലൻസ് അന്വേഷണം പാടില്ലെന്നും കോടതികൾ ഉത്തരവിടരുതെന്നും ഉന്നത കോടതികളുടെ ഉത്തരവുകളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി കുഴൽനാടന്റെ ഹർജി തള്ളിയത്.
മാസപ്പടിക്കേസിൽ മാത്യുകുഴൽനാടൻ എം.എൽ.എ കോടതിയിൽ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവില്ലെന്നാണ് വിജിലൻസ് കോടതിയിൽ നിലപാടെടുത്തത്. സി.എം.ആർ.എൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നൽകിയെന്ന ആരോപണം തെളിയിക്കുന്ന തെളിവുകളാണില്ലാത്തത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് എക്കലും മണ്ണും മൂന്നുദിവസത്തിനകം നീക്കണമെന്ന ജില്ലാകളക്ടറുടെ കത്ത്, കെ.എം.ആർ.എല്ലിന്റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരായ ഹൈക്കോടതിയുടെ ഉത്തരവ്, ഇതിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നിർദ്ദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവയാണ് കുഴൽനാടൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.
സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ സർക്കാർ ഉത്തരവ് വിജിലൻസും ഹാജരാക്കി. ഈ സ്ഥിതിക്ക് മുഖ്യമന്ത്രി എന്ത് സഹായമാണ് സി.എം.ആർ.എല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കുഴൽനാടനായില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള മുൻനിലപാട് വിജിലൻസ് ആവർത്തിച്ചു.
സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ കെ.എം.ഇ.ആർ.എല്ലിന്റെ പക്കലുള്ള അധികഭൂമിയിൽ ഖനനത്തിന് ഇളവുതേടിയുള്ള അപേക്ഷ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ സർക്കാരിലുണ്ട്. സർക്കാരിനോ സർക്കാർ അനുബന്ധ സ്ഥാപനത്തിനോ മാത്രമേ ഖനനാനുമതിയുള്ളൂ എന്ന കേന്ദ്രനിയമത്തെതുടർന്ന് അപേക്ഷ തള്ളുകയായിരുന്നു.
വീണ്ടും അപേക്ഷയെത്തിയപ്പോൾ പിണറായി, വേണ്ടതുചെയ്യാൻ റവന്യൂ സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഇത് റവന്യൂ സെക്രട്ടറി തള്ളി. ഇതിനെതിരേ സി.എം.ആർ.എൽ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചു. റവന്യൂവകുപ്പ് വീണ്ടും അപേക്ഷ നിരസിച്ചു. പുതിയ പ്രോജക്ട് ഹാജരാക്കിയാൽ പരിഗണിക്കാമെന്ന ഉത്തരവിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് കമ്പനിക്ക് അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചെന്ന് കുഴൽനാടൻ വാദിച്ചത്.
എന്നാൽ മുൻപ് ഇത്തരം പരാതികളിലും ആരോപണങ്ങളിലും ലളിതകുമാരി കേസിലെ ഉത്തരവ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ബാർ ഉടമയായ ബിജു രമേശ് സ്വകാര്യ ചാനലിൽ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്.
ലളിതകുമാരി കേസിലെ ഉത്തരവ് പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്നാണ് അന്ന് കാരണമായി പറഞ്ഞത്. എന്നാൽ ഇടക്കാല സെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവിൽ വെളിപ്പെടുത്തിയിരിക്കുന്ന വസ്തുതകൾക്ക് ജുഡീഷ്യൽ സ്വഭാവമുള്ളതായതിനാൽ പ്രാഥമിക അന്വേഷണത്തിന് മതിയായ കാരണമാണെന്ന് വിലയിരുത്തപ്പെടുന്നു.
അന്വേഷണത്തിൽ എന്തെങ്കിലും തിരിച്ചറിയാവുന്ന കുറ്റം വെളിപ്പെടുത്തിയാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കുകയുമാവാം. വസ്തുക്കളോ കുറവുകളോ കാരണം പരാതി നിരസിച്ച കോടതിയുടെ ഉത്തരവ് തെറ്റാണെന്നും അമിക്കസ് ക്യൂരി ചൂണ്ടിക്കാട്ടുന്നു.