ഉരുൾ വിഴുങ്ങിയ വയനാടിനെ പുതുക്കിപ്പണിയാനുള്ള ചരിത്രദൗത്യം ചീഫ് സെക്രട്ടറി വി.വേണുവിന്. ഈ മാസം 31ന് വിരമിക്കുന്ന വേണുവിനെ റീബിൽഡ് വയനാടിന്റെ തലവനാക്കും. കേന്ദ്രസഹായം നേടിയെടുക്കുന്നതും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതും ചുമതല. കേന്ദ്ര- സംസ്ഥാന ഏകോപന ചുമതലയുള്ളതിനാൽ ക്യാബിനറ്റ് റാങ്കും നൽകിയേക്കും

പുനരധിവാസം സംബന്ധിച്ച് വിശദ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറേണ്ടതും കേന്ദ്രപാക്കേജ് നേടിയെടുക്കേണ്ടതും സമയബന്ധിതമായി ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി ദുരന്തബാധിതരെ പുനരധിവസിപ്പിക്കേണ്ടതും അദ്ദേഹത്തിന്റെ ചുമതലയായിരിക്കും.

New Update
dr. v venu

തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ പുനർനിർമ്മിക്കാനുള്ള പ്രത്യേക ദൗത്യത്തിന്റെ തലവനായി ഈമാസം 31ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ. വി വേണുവിനെ നിയോഗിക്കും. 4000 കോടി ചെലവിൽ കൂറ്റൻ ടൗൺഷിപ്പുണ്ടാക്കി ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.


Advertisment

ഇതിനായി റീബിൽഡ് വയനാട് എന്ന പേരിൽ പ്രത്യേക അതോറിട്ടി രൂപീകരിക്കും. അതിന്റെ തലപ്പത്ത് ക്യാബിനറ്റ് റാങ്കോടെ വേണുവിനെ പ്രതിഷ്‍ഠിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രവുമായും സംസ്ഥാനത്തെ വിവിധ വകുപ്പുകളുമായും ഏകോപിച്ച്, അടിയന്തരവും സുപ്രധാനവുമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതിനാലാണ് ക്യാബിനറ്റ് പദവി നൽകുക എന്നാണ് സൂചന.


പുനരധിവാസം സംബന്ധിച്ച് വിശദ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറേണ്ടതും കേന്ദ്രപാക്കേജ് നേടിയെടുക്കേണ്ടതും സമയബന്ധിതമായി ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി ദുരന്തബാധിതരെ പുനരധിവസിപ്പിക്കേണ്ടതും അദ്ദേഹത്തിന്റെ ചുമതലയായിരിക്കും.

മഹാപ്രളയത്തിന് ശേഷമുള്ള റീബിൽഡ് കേരള സി.ഇ.ഒയുടെ ചുമതലയും വേണു മുൻപ് വഹിച്ചിട്ടുണ്ട്. കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡൽഹി നാഷണൽ മ്യൂസിയം തലവൻ തുടങ്ങിയ നിലകളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചിട്ടുള്ളതിനാൽ കേന്ദ്രസർക്കാരിൽ നിന്ന് ഫണ്ട് നേടിയെടുക്കാനടക്കം വേണുവിന് എളുപ്പമായിരിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു.


റവന്യൂ, തദ്ദേശം, കൃഷി, മൃഗസംരക്ഷണം, വൈദ്യുതി, പൊതുമരാമത്ത്, ഇറിഗേഷൻ, വനം വകുപ്പുകൾ സംയുക്തമായാണ് വയനാട്ടിലെ പുനരധിവാസം നടപ്പാക്കേണ്ടത്. ദുരന്തബാധിത മേഖലയുടെ പുനർനിർമ്മാണത്തിന് 2000 കോടിയും, നഷ്ടപരിഹാരത്തിന് 1200 കോടിയും വേണ്ടിവരുമെന്ന പ്രാഥമിക കണക്കാണ് കേന്ദ്രസംഘത്തിന് കേരളം നൽകിയിട്ടുള്ളത്.


ജീവിതോപാധി ഒരുക്കാനടക്കം 4000 കോടി ആകെ വേണ്ടിവരും. വിശദമായ കണക്കെടുപ്പിന് ശേഷമേ നഷ്ടത്തിന്റെ യഥാർത്ഥ വ്യാപ്തി നിശ്ചയിക്കാനാവൂ. ദേശീയ ദുരന്തം ലെവൽ മൂന്ന് പ്രകാരം സഹായധനം വേണമെന്നാണ് കേരളത്തിന്റെ നിലപാട്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പരമാവധി തുക വേണമെന്നും കേരളം ആവശ്യപ്പെടുന്നുന്നുണ്ട്.

കേന്ദ്രവിഹിതം നേടിയെടുക്കുന്നതിന് പുറമേ മറ്റ് സഹായങ്ങൾ കൂടി കേരളം ആവശ്യപ്പെടുന്നുണ്ട്. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ 2പേർക്ക് പ്രതിദിനം 300 രൂപ നിരക്കിൽ 30 ദിവസത്തേക്ക് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഇത് 90 ദിവസമായി നീട്ടി തുക അനുവദിക്കണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മിനിമം തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 150 ആക്കണം. പുനർനിർമ്മാണത്തിന് തവണകളായാവും കേന്ദ്രം പണം നൽകുക. നിർമ്മാണ പുരോഗതിയടക്കം കൃത്യസമയത്ത് അറിയിച്ച് പണം നേടിയെടുക്കേണ്ടതുണ്ട്. ഇതിനുള്ള ചുമതലയും റീബിൽഡ് വയനാട് അതോറിട്ടിയുടെ തലപ്പത്ത് എത്തുന്ന വേണുവിനായിരിക്കും.


ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കുമ്പോൾ തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ശാരദ മുരളീധരനെയാണ് അടുത്ത ചീഫ് സെക്രട്ടറിയായി പരിഗണിക്കുന്നത്. ഇതോടെ ഭർത്താവിന് പിന്നാലെ ഭാര്യ സംസ്ഥാനത്തിന്റെ ഭരണതലപ്പത്തെത്തുന്നുവെന്ന അപൂർവതയ്ക്ക് കേരളം സാക്ഷിയാകും.


കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി അവിടെ തുടരാനാണ് സാദ്ധ്യത. 2027 ജനുവരി വരെയാണ് അദ്ദേഹത്തിന് സർവ്വീസ് കാലാവധി. 2025 ഏപ്രിൽ വരെ സർവ്വീസുള്ള ശാരദാ മുരളീധരനാണ് അടുത്ത സീനിയോറിറ്റി.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് കഴിഞ്ഞാണ് ഡോ. വേണു സിവിൽ സർവ്വീസിലെത്തുന്നത്. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വേണു 26-ാം റാങ്കോടെയാണ് സിവിൽ സർവ്വീസ് പരീക്ഷ പാസായത്.

Advertisment