/sathyam/media/media_files/BrBluiw5EucQljIajuJ5.jpg)
തിരുവനന്തപുരം: ജീവിതത്തിന്റെ അതി സൂക്ഷ്മങ്ങളായ മുഹൂർത്തങ്ങളെ അതിന്റെ എല്ലാ വൈകാരിക ഭാവങ്ങളോടും കൂടി വെള്ളിത്തിരയിൽ സന്നിവേശിപ്പിക്കുന്ന സംവിധായകനും എഴുത്തുകാരനുമായ ബ്ലെസി വീണ്ടും പുരസ്കാര നിറവിലാണ്.
ഏറെ ശ്രമകരമായി ചിത്രീകരിച്ച ആടുജീവിതം എന്ന സിനിമയിലൂടെ മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ എന്നീ പുരസ്കാരങ്ങൾ ബ്ലെസിയെ തേടിയെത്തി. തിരക്കഥയിലെയും വെള്ളിത്തിരയിലെയും ബ്രില്യൻസിലൂടെ മലയാളിയെ വിസ്മയിപ്പിച്ച ബ്ലെസി ആടുജീവിതമെന്ന ലോക ക്ലാസിക്കിലൂടെ വീണ്ടും മലയാള സിനിമയെ പെരുമയുടെ തലപ്പൊക്കത്തിൽ എത്തിച്ചിരിക്കുകയാണ്.
പല പ്രതികൂല സാഹചര്യങ്ങളുടെയും ഫലമായി പതിനാറുവർഷത്തോളം നീണ്ടു പോയ ബ്ലെസിയുടെ അധ്വാനമാണ് ‘‘ഗോട്ട് ലൈഫ്.’’ സംസ്ഥാന പുരസ്കാരത്തിന് പിന്നാലെ ദേശീയ പുരസ്കാരവും ഓസ്കാറടക്കം അന്താരാഷ്ട്ര പുരസ്കാരങ്ങളും ബ്ലെസിയെയും ആടുജീവിതത്തെയും തേടിയെത്താനിരിക്കുന്നതേയുള്ളൂ.
തിരുവല്ല മാർത്തോമാ കോളേജിൽ സുവോളജിയാണ് ബ്ലെസി ബിരുദത്തിന് പഠിച്ചത്. എന്നാൽ ജീവശാസ്ത്രത്തേക്കാൾ മനശാസ്ത്രമാണ് അദ്ദേഹത്തിന്റെ മനസിൽ പതിഞ്ഞത്. മനുഷ്യന്റെ മനസിനെ ഇത്രമേൽ സ്വാധീനിക്കുന്ന ചലച്ചിത്ര കാവ്യങ്ങളൊരുക്കാൻ അങ്ങനെയല്ലാത്ത ഒരാൾക്ക് കഴിയുന്നതെങ്ങനെയാണ്.
മനുഷ്യമനഃശാസ്ത്രം മനഃപാഠമാക്കിയ മാന്ത്രിക ചലച്ചിത്രകാരനാണ് ബ്ലെസി. സൂപ്പർസ്റ്റാറായ നായകനടനെ നഗ്നനായി പ്രദർശിപ്പിക്കാനുള്ള ബ്രില്യൻസ് നിറഞ്ഞ സാഹസികത ബ്ലെസി തന്മാത്രയിൽ കാണിച്ചു. തിരക്കഥാകൃത്തും സംവിധായകനും ബ്ലെസി തന്നെയാവുമ്പോൾ സിനിമ പൂർണമായി അയാളുടെ കലയായി മാറുകയാണ്.
വൈകാരിക മുഹൂർത്തങ്ങളെ അതിന്റെ ആഴത്തിലും പരപ്പിലും പഠിക്കുകയും ഉൾക്കൊള്ളുകയും അത് വെള്ളിത്തരയിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്ന വിസ്മയമാണ് ബ്ലെസിയുടെ സിനിമകൾ. കഥപറച്ചിലിലെ ബ്ലെസി സ്റ്റൈൽ സിനിമയിലുള്ളവർക്കെല്ലാം അത്ഭുതമാണ്.
‘കാഴ്ച’ എന്ന ആദ്യ സിനിമയിൽ തന്നെ അതുവരെയുണ്ടായിരുന്ന കഥപറച്ചിൽ രീതിയിൽ നിന്നും വഴിമാറി നടന്ന് ചരിത്രം കുറിക്കുകയായിരുന്നു ബ്ലെസി. വർഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ‘ആടുജീവിതം’ എന്ന സിനിമ അനശ്വരങ്ങളായ ചലച്ചിത്ര കാവ്യശ്രേണിയിൽ ഉയർന്ന തട്ടിൽ സ്ഥാനംപിടിച്ചതാണ്.
സൂപ്പർതാരങ്ങളെ സിനിമയ്ക്ക് അനുഗുണമായ രീതിയിൽ ഉപയോഗിക്കാൻ ബ്ലെസിക്ക് നന്നായി അറിയാം എന്നതിന്റെ ഉദാഹരണമാണ് കാഴ്ചയിലും തന്മാത്രയിലും ആടുജീവിതത്തിലുമൊക്കെ കണ്ടത്. അതിനാലാണ് ബ്ലെസിയുടെ സിനിമകൾ ആസ്വാദകരുടെ മനസ്സിൽ ചലനം സൃഷ്ടിക്കുന്നത്.
മലയാളിക്ക് അപരിചിതമായ ചുറ്റുവട്ടത്തൊരുക്കിയ കാഴ്ച മലയാളികളെയെല്ലാം പൊള്ളിക്കുന്നതായിരുന്നു. ‘കാഴ്ച’ പ്രേക്ഷകഹൃദയങ്ങളിൽ സൃഷ്ടിച്ച ഓളം ചെറുതായിരുന്നില്ല. സിനിമ തീരുമ്പോൾ സ്ത്രീ പ്രേക്ഷകരുടെ കണ്ണീർ പ്രവാഹമായിരുന്നു. കാഴ്ചയുടെ കലാമൂല്യവും കഥ പറച്ചിലിലെ കൈയൊതുക്കവും ബ്ലെസിക്ക് സംവിധായകന്റെ തൊപ്പി ഉറപ്പിച്ചു.
മോഹൻലാലിനെ നായകനാക്കി ‘തന്മാത്ര’ ഒരുക്കിയപ്പോഴും ഇതേ രസതന്ത്രം ആസ്വദിക്കാനായി. ചലച്ചിത്രകാരന്റെ ക്രാഫ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷതകൾ തന്മാത്രയെ ശ്രദ്ധേയമാക്കി. ബന്ധങ്ങളുടെ ആർദ്രതയെ, അനുഭവവേദ്യമാക്കുന്ന മുഹൂർത്തങ്ങൾ മലയാളികളുടെ കണ്ണു നനച്ചു. അങ്ങനെ വീണ്ടും മലയാളിയുടെ മനസുകളിൽ ബ്ലെസി ഇടംപിടിച്ചു.
കഥപറച്ചിലിലെ ഈ ‘ബ്ലെസ്സിയൻ’ രീതി വെറുതേ ഉണ്ടാവുന്നതല്ല. വായിച്ചും പഠിച്ചും എഴുതിയും നിരീക്ഷിച്ചും അനുഭവങ്ങളിലൂടെയുമൊക്കെ ബ്ലെസി ഉണ്ടാക്കിയെടുക്കുന്നതാണ്. ബ്ലെസിയുടെ നൈസർഗികമായ സ്വഭാവഗുണത്തിന്റെ പ്രത്യേകതയുമാണിത്. വർഷങ്ങൾ നീണ്ട ബ്ലെസിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ‘ആടുജീവിതം’ ലോകമെങ്ങും സൂപ്പർ ഹിറ്റായി മാറിയത്.
രണ്ടായിരത്തിന്റെ തുടക്കത്തിൽ സിനിമ ചെയ്യുക എന്ന മോഹവുമായി ബ്ലെസി അലയുകയായിരുന്നു. ഗുരുവായി ഏറെ അഭിമാനത്തോടെ എന്നും അനുസ്മരിക്കാറുള്ള പദ്മരാജൻ എഴുതിയ ‘ഓർമ’ എന്ന ചെറുകഥ സിനിമയാക്കാനുള്ള മോഹവും ബ്ലെസിക്ക് അക്കാലത്തുണ്ടായിരുന്നു.
പദ്മരാജന്റെ മകൻ അനന്തപദ്മരാജനെക്കൊണ്ട് തിരക്കഥയെഴുതിക്കണമെന്നും ബ്ലെസി ആഗ്രഹിച്ചിരുന്നു. ഈ സമയത്താണ് ഗുജറാത്ത് ഭൂകമ്പം ഉണ്ടാകുന്നതും അതുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഒരു കൊച്ചു കുട്ടിയുടെ കഥയിലേക്ക് ശ്രദ്ധ മാറുന്നതും. അങ്ങനെ ‘കാഴ്ച’ സിനിമ യാഥാർത്ഥ്യമാവുകയായിരുന്നു.
പളുങ്ക്, കൽക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് മുതൽ ആടുജീവിതം വരെയുള്ള ബ്ലെസിയുടെ സിനിമകളെല്ലാം ക്ലാസിക്കുകളായത് വെറുതെയല്ല എന്നർത്ഥം. കൈയൊപ്പ് ചാർത്തിയ എട്ടു സിനിമകളും വ്യത്യസ്തങ്ങളാണ്.
സംവിധായകരായ പദ്മരാജൻ, ജയരാജ്, ലോഹിതദാസ്, രാജീവ് അഞ്ചൽ എന്നിവരുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായും അസോസ്സിയേറ്റ് ഡയറക്ടറായും പതിനെട്ടിലധികം വർഷങ്ങൾ വർക്ക് ചെയ്തിട്ടുള്ള ബ്ലെസിയുടെ സമർപ്പണവും കഠിനാധ്വാനവുമാണ് ഈ രംഗത്ത് അദ്ദേഹത്തിന് വിജയങ്ങൾ കൊണ്ടുവന്നത്.
സിനിമകൾക്ക് പുറമെ അദ്ദേഹം സംവിധാനം ചെയ്ത, മൺമറഞ്ഞ ക്രിസോസ്റ്റം തിരുമേനിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ശ്രദ്ധേയമായി. ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഖ്യാതി നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു.
ഓരോ സിനിമയും ബ്ലെസിക്ക് ഒരു വലിയ സ്വപ്നമാണ്. സ്വപ്നസാക്ഷാത്കാരമാണ്. അതിനുവേണ്ടി ഏതറ്റം വരെയും ബ്ലെസി സഞ്ചരിക്കും. ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ ചിത്രം ഇന്ത്യയിലും വിദേശത്തും സൂപ്പർഹിറ്റായി മാറി.
അറബ് ലോകത്ത് വളരെ യാദൃച്ഛികമായി എത്തിപ്പെടുന്ന നജീബ് എന്ന ചെറുപ്പക്കാരന്റെ കഷ്ടപ്പാടുകളും ജീവിതവ്യഥകളെയും ആസ്പദമാക്കി ബ്ലെസി ചിത്രീകരിച്ച ഈ സിനിമ ലോകനിലവാരത്തിലുള്ള ഏതു സിനിമയോടും കിടപിടിക്കുന്നതാണ്.