വിവാഹ ധൂർത്തും ആർഭാടവും നിരോധിക്കാനുള്ള നി‌യമം പാസാക്കാൻ സർക്കാരിന് ശുപാ‌ർശ. പുതിയ നീക്കം ഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളുടെ വിവാഹം നടത്തി കുടുംബങ്ങൾ കടക്കെണിയിലാവുന്ന സാഹചര്യം കണക്കിലെടുത്തു വനിതാ കമ്മീഷന്റേത്. സ്ത്രീധനം ചോദിച്ചാൽ 5 വർഷം ജയിൽശിക്ഷയുള്ള കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിൽ 15 വർഷത്തിനിടെ കൊല്ലപ്പെട്ടത് 260 പെൺകുട്ടികൾ ?

സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാതസംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. മകളുടെ സുരക്ഷിതമായ ഭാവിയെ ഓ‌ർത്ത് ആവശ്യപ്പെടുന്നത്ര സ്വർണവും പണവും വസ്തുവും ആഡംബരകാറും നൽകി കെട്ടിച്ചയച്ച പെൺകുട്ടികളാണ് അത്യാർത്തിക്ക് ഇരകളായി ജീവനൊടുക്കിയത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
kerala womens commission

തിരുവനന്തപുരം: വിവാഹ ധൂർത്തും ആർഭാടവും നിരോധിക്കാനുള്ള നി‌യമം പാസാക്കാൻ സംസ്ഥാന സർക്കാരിന് ശുപാർശയുമായി വനിതാ കമ്മീഷൻ. ദശലക്ഷങ്ങൾ ചെലവിട്ടുള്ള കല്യാണ മാമാങ്കത്തിലൂടെ പാപ്പരായി പോവുന്ന നിരവധി കുടുംബങ്ങളുടെ രക്ഷയ്ക്കാണ് ഇത്തരമൊരു നിയമം വരുന്നത്.

Advertisment

ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും പെൺമക്കളുടെ കല്യാണം അത്യാഡംബരപൂ‌ർവം നടക്കുന്ന മാതാപിതാക്കൾ കടക്കെണിയിലാവുന്ന സാഹചര്യത്തിലാണ് വനിതാ കമ്മിഷൻ ഈ ആവശ്യവുമായി സർക്കാരിനെ സമീപിച്ചത്. 2021ൽ തന്നെ കമ്മീഷൻ കരട് ബിൽ തയ്യാറാക്കി സർക്കാരിന് നൽകിയെങ്കിലും ഫ്രീസറിലാണ്.


സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ അഞ്ചുവർഷം ജയിൽശിക്ഷയുള്ള നാട്ടിലാണ് കഴിഞ്ഞ 15 വർഷത്തിനിടെ 260 പെൺകുട്ടികൾക്ക് സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത്. സ്ത്രീധന പീഡനക്കേസുകൾ പ്രതിവർഷം അയ്യായിരം.


സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാതസംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. മകളുടെ സുരക്ഷിതമായ ഭാവിയെ ഓ‌ർത്ത് ആവശ്യപ്പെടുന്നത്ര സ്വർണവും പണവും വസ്തുവും ആഡംബരകാറും നൽകി കെട്ടിച്ചയച്ച പെൺകുട്ടികളാണ് അത്യാർത്തിക്ക് ഇരകളായി ജീവനൊടുക്കിയത്.


സ്ത്രീധന നിരോധന നിയമം 1961മുതൽ നിലവിലുണ്ട്. സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബമഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസുപുലിയായി.


സംസ്ഥാനത്ത് വർധിച്ചുവരുന്ന വിവാഹസംബന്ധമായ ആർഭാടവും ധൂർത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂർത്തും ആർഭാടവും നിരോധനം കരട് ബിൽ  നിയമസഭ ചർച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്നാണ് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടിരിക്കുന്നത്.

2021ൽ സമർപ്പിച്ച റിപ്പോർട്ട് നിയമസഭ ചർച്ച ചെയ്ത് പാസാക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. ഇത് സർക്കാർ ഗൗരവത്തോടെയെടുത്ത് കരട് ബിൽ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് അയയ്ക്കുമെന്നാണ് വിവരം.

വിവാഹധൂർത്തും ആർഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വധൂവരന്മാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കൾക്ക് താങ്ങാൻ കഴിയാത്ത ബാധ്യതകൾ സൃഷ്ടിക്കപ്പെടുന്നു. വിവാഹശേഷം സ്ത്രീകൾ ഇതിന്റെ പേരിൽ കൊലചെയ്യപ്പെടുന്നതോ, ആത്മഹത്യചെയ്യാൻ നിർബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്.


വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും ചെലവുകൾ സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റ് അതത് ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്കു നൽകണം. ഈ സ്‌റ്റേറ്റ്‌മെന്റ് അനുസരിച്ചാണോ വിവാഹചടങ്ങുകൾ നടക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നല്‍കണം.


സ്‌റ്റേറ്റ്‌മെന്റിൽ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കിൽ പിഴയടക്കമുള്ള ശിഷാ നടപടികൾ സ്വീകരിക്കണമെന്ന വിവ്യസ്ഥ ഈ കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീധന നിരോധന ഓഫീസർമാർക്ക് കൂടുതൽ അധികാരം നൽകുന്നതും കരട് ബില്ലിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.

നിയമംകൊണ്ട് എല്ലാമാകും എന്ന് കരുതുന്നില്ല. എന്നാൽ ചില കേസുകളിലെങ്കിലും പോലീസ് അടക്കമുള്ള നിയമ സംവിധാനങ്ങൾക്ക് മുൻകൂറായി ഇടപെടാനാവും. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മഹത്യകൾ കുറയ്ക്കാൻ അത് സഹായകമാവും.

ഇത്തരം നടപടികളിലൂടെ  സ്ത്രീധന വിമുക്ത സംസ്ഥാനാമാവാൻ കേരളത്തിന് സാധിക്കും. ഇതിന്റെ ഭാഗമായാണ് സ്ത്രീധന വിരുദ്ധ കാമ്പയിൻ വനിതാ കമ്മിഷൻ തുടക്കം കുറിക്കുന്നത്. സാക്ഷരത, ആരോഗ്യം, സാമൂഹികം തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. എന്നാൽ ആ പെരുമയ്ക്ക് കോട്ടംതട്ടിക്കുന്നതാണ് സ്ത്രീധനമെന്ന ദുരാചാരം.


തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സ്ത്രീധനമെന്ന ദുഷ്പ്രവണത ഏറ്റവും കൂടുതൽ കാണുന്നത്. എന്നാൽ പരാതികൾ ഒന്നുംതന്നെ ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ലെന്നും കമ്മിഷൻ അധ്യക്ഷ  പറഞ്ഞു.


വിവാഹത്തോടെയാണ് ജീവിതം സഫലമാകുന്നതെന്ന് പെൺകുട്ടികൾ തെറ്റിദ്ധരിക്കരുത്. സ്ത്രീധനം ചോദിക്കുന്നവനെ വിവാഹം കഴിക്കില്ലെന്ന് തല ഉയർത്തിപിടിച്ച് പറയുന്ന ഉശിരുള്ള പെൺകുട്ടികളാണ് ഉണ്ടാവേണ്ടത്. നിർഭാഗ്യവശാൽ രക്ഷിതാക്കൾ ഇതിന് പരിശ്രമിക്കുന്നില്ല.

വിവാഹം കഴിച്ച് അയച്ചതോടെ ഉത്തരവാദിത്തം തീർന്നുവെന്നാണ് ഇവർ കരുതുന്നത്. പിന്നീട് മകൾ വീട്ടിൽ വന്നുനിന്നാൽ സമൂഹത്തിന് മുന്നിൽ തങ്ങളുടെ അഭിമാനം നഷ്ടമാകുമെന്നും അവർ ഭയപ്പെടുന്നു. ഈ ചിന്തയും നിരവധി കുട്ടികളുടെ മരണത്തിന് കാരണമാകുന്നു. മറിച്ച് എപ്പോൾ വേണമെങ്കിലും വന്ന് നില്‍ക്കാനൊരിടം തന്റെ വീട്ടിലുണ്ടെന്ന ധൈര്യം മകൾക്ക് പകർന്നു നൽകുന്ന മനസ്ഥിതിയിലേക്ക് രക്ഷിതാക്കൾ മാറണം - സതീദേവി പറഞ്ഞു.


നിലവിലെ നിയമപ്രകാരം പൊന്നും പണവും നൽകുന്നത് മാത്രമല്ല, വിവാഹചിലവിന് കൊടുക്കുന്ന തുകപോലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്.


മുസ്ലീം വിവാഹങ്ങളിലെ മഹർ സ്ത്രീധനപരിധിയിൽ വരില്ല. സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും കൂടുന്നു. 28കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിയമമെങ്കിലും അവരാണ് സ്ത്രീധനകച്ചവടത്തിൽ മുന്നിൽ.

Advertisment