/sathyam/media/media_files/O6DohKswglnxZOWHL8fZ.jpg)
തിരുവനന്തപുരം: നിയമവിദ്യാർത്ഥിയായിരുന്ന 23 കാരി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ വമ്പൻ വഴിത്തിരിവ്. കോളിളക്കം സൃഷ്ടിച്ച കേസിൽ അന്വേഷണം വഴിപാടാണെന്ന ആരോപണം ശരിവയ്ക്കുമാറ്, ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി.
സീൻ മഹസർ പോലുമില്ലാതെ അപൂർണമായ കുറ്റപത്രം നൽകിയതാണ് കോടതിയെ ചൊടിപ്പിച്ചത്. കേസിന്റെ തുടക്കം മുതൽ മൊഴിമാറ്റങ്ങളും അട്ടിമറികളും ഉണ്ടായിരുന്നു. ഇതിലെ അവസാനത്തെ സംഭവമാണ് അപൂർണമായ കുറ്റപത്രം.
നിയമ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം ഗുരുതര പിഴവുകളെ തുടർന്ന് കോടതി മടക്കി നൽകി. അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് കുറ്റപത്രം മടക്കിയത്.
ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച പേട്ട പോലീസ് തയ്യാറാക്കിയ സീൻ മഹസർ അടക്കം രേഖകൾ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷൗക്കത്തലി സമർപ്പിച്ച കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാരണത്താൽ കുറ്റപത്രം അപൂർണമാണെന്ന് കോടതി വിലയിരുത്തി.
ഏറെ വിവാദം സൃഷ്ടിച്ച കേസിലാണ് ക്രൈംബ്രാഞ്ച് അശ്രദ്ധമായി കുറ്റപത്രം തയ്യാറാക്കി കോടതിയിലെത്തിച്ചത്. 2020ൽ ഗംഗേശാനന്ദ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ, തന്നെ കേസിൽ കുടുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥരടക്കം ശ്രമിക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വീട്ടിൽ പൂജയ്ക്കെത്തുന്ന സ്വാമി, തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇത് സഹിക്കാതെയാണ് സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെൺകുട്ടി പൊലീസിന് മൊഴിനൽകിയിരുന്നു. കണ്ണമ്മൂലയുളള പെൺകുട്ടിയുടെ വീട്ടിൽവച്ചാണ് 2017മേയ് 19ന് സംഭവമുണ്ടായത്.
പുലർച്ചെ കുറ്റകൃത്യത്തിനു ശേഷം വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയ പെൺകുട്ടിയെ ഫ്ലൈയിംഗ് സ്‌ക്വാഡാണ് സ്റ്റേഷനിലെത്തിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗംഗേശാനന്ദയ്ക്കെതിരേ പീഡനക്കേസെടുത്തത്.
മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയപ്പോഴും പെൺകുട്ടി ഇത് ആവർത്തിച്ചു. എന്നാൽ പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സ്വാമി സ്വയം ലിംഗഛേദം നടത്തിയതാണെന്നും അറിയിച്ചു. പിന്നീട് നിലപാട് മാറ്റിയ സ്വാമി ഉറങ്ങി കിടന്ന തന്നെ ഒരുകൂട്ടം ആളുകൾ ആക്രമിച്ച് ലിംഗഛേദം നടത്തിയതാണെന്ന് നിലപാടെടുത്തു.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ പെൺകുട്ടിയും സ്വാമിയുടെ മുൻശിഷ്യനുമായ കൊല്ലം സ്വദേശി അയ്യപ്പദാസുമായുള്ള ബന്ധം സ്വാമി എതിർത്തതാണ് ലിംഗച്ഛേദത്തിനിടയാക്കിയതെന്ന് കണ്ടെത്തി. ഇരുവരുടെയും ബന്ധത്തെ സ്വാമി ശക്തമായി എതിർത്തിരുന്നു.
സ്വാമിക്കെതിരെ കേസ് കൊടുക്കാനാണ് ആദ്യം പെൺകുട്ടി തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. സംഭവദിവസം പെൺകുട്ടിയും അയ്യപ്പദാസും കൊല്ലം ബീച്ചിൽ വച്ച് കണ്ടുമുട്ടിയെന്നും അവിടെ വച്ചാണ് ലിംഗച്ഛേദത്തിനുള്ള കത്തി അയ്യപ്പദാസ് കൈമാറിയതെന്നും കണ്ടെത്തി.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയിൽ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിന് പെൺകുട്ടിക്കും സുഹൃത്ത് അയ്യപ്പദാസിനും എതിരെയും കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ സ്വാമിക്കെതിരെയും ജനനേന്ദ്രിയം ഛേദിച്ചതിന് പെൺകുട്ടിക്കെതിരെയുമാണ് വെവ്വേറെ കുറ്റപത്രം നൽകാനായിരുന്നു തീരുമാനം. രണ്ടു കേസുകളിലും കുറ്റപത്രം നൽകാമെന്ന് ക്രൈംബ്രാഞ്ചിന് എ.ജി നിയമോപദേശം നൽകി.
പെൺകുട്ടിയുടെ രഹസ്യമൊഴി സ്വാമിക്ക് എതിരായതിനാൽ പ്രതിയാക്കാതിരിക്കാനാവില്ല. പൊലീസ് സാക്ഷികളുടെ മൊഴിയും സ്വാമിക്ക് എതിരാണ്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ വിദ്യാർത്ഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചെന്നാണ് പരാതി.
2017 മേയ് 19ന് തിരുവനന്തപുരം പേട്ടയിലായിരുന്നു സംഭവം. എന്നാൽ, ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകൻ അയ്യപ്പദാസിന്റെ നിർബന്ധത്താലാണെന്നും പെൺകുട്ടി പിന്നീട് കോടതിയിൽ മൊഴി നൽകി. ഇതോടെയാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെ എൽപ്പിച്ചത്.
പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിക്കാത്തതിനെ തുടർന്നാണു പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു.
23കാരി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് സ്വയരക്ഷയ്ക്കല്ലെന്നും കാമുകൻ അയ്യപ്പദാസിന്റെ പ്രേരണയാൽ ആണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമിയുടെ ശിഷ്യനും സഹായിയായുമായിരുന്നു അയ്യപ്പദാസ്. ഒരുമിച്ചു ജീവിക്കാൻ സ്വാമി തടസമെന്ന് കണ്ടതോടെ, ഇരുവരും ഗൂഢാലോചന നടത്തി തയ്യാറാക്കിയ പദ്ധതിയായിരുന്നെന്നാണ് കണ്ടെത്തൽ.
കൊല്ലം ബീച്ചിലിരുന്നാണ് അന്തിമപദ്ധതി തയ്യാറാക്കിയത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി ജനനേന്ദ്രിയം മുറിച്ചെന്നാണ് പെൺകുട്ടി ആദ്യം പറഞ്ഞിരുന്നത്. കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ 2017 മേയിലായിരുന്നു സംഭവം. പിന്നീട് ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം കാട്ടിയത് കാമുകന്റെ നിർബന്ധത്തിലാണെന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകി. ഇതോടെയാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സ്വാമിക്ക് പരാതിക്കാരിയുടെ കുടുംബത്തിൽ നല്ല സ്വാധീനമുണ്ടായിരുന്നു. പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിച്ചില്ല. സ്വാമി തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതി സ്വാമിയെ ആക്രമിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.
അയ്യപ്പദാസാണ് ജനനേന്ദ്രിയം മുറിക്കാനുള്ള പദ്ധതി തയാറാക്കിയത്. സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുൻപ് ഇരുവരും കൊല്ലത്തും ആലപ്പുഴയിലും വച്ച് കൂടിക്കാഴ്ച നടത്തുകയും ജനനേന്ദ്രിയം ഏതു തരത്തിൽ ഛേദിക്കണമെന്ന് ചർച്ച നടത്തുകയും ചെയ്തു.
ഇന്റർനെറ്റിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സംഭവത്തിന് രണ്ടുദിവസം മുൻപ് സമാന സംഭവങ്ങൾ പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായി മൊബൈൽ ഫോണിന്റെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കത്തിവാങ്ങി നൽകിയത് അയ്യപ്പദാസാണ്.
പരാതിക്കാരിയെത്തന്നെ പ്രതിയാക്കാനാവുമോയെന്നും ഗംഗേശാനന്ദയ്ക്കെതിരെ ആദ്യം രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ തുടർനടപടികൾ എന്താവണമെന്നുമാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്. ഒരുവർഷത്തെ അന്വേഷണത്തിലൊടുവിലാണ് ക്രൈംബ്രാഞ്ച് ഗൂഢാലോചന തെളിയിച്ചത്. നിയമോപദേശം ലഭിച്ചാലുടൻ പരാതിക്കാരിയെയും കാമുകനെയും പ്രതിയാക്കി കുറ്റപത്രം നൽകും.
സ്വാമി ലൈംഗിക അതിക്രമം നടത്തിയപ്പോൾ സ്വയരക്ഷയ്ക്കാണ് അതിക്രമം കാട്ടിയതെന്നാണ് പെൺകുട്ടിയുടെ ആദ്യമൊഴി. മജിസ്‌ട്റേറ്റിന് മുന്നിലും പെൺകുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. താൻ സ്വന്തമായി ജനനേന്ദ്രിയം മുറിച്ചതാണെന്ന് മൊഴി നൽകിയ ഗംഗേശാനന്ദ, പിന്നീട് പിന്നീട് ഉറക്കത്തിനിടെ ആരോ ആക്രമിച്ചെന്ന് മാറ്റിപ്പറഞ്ഞു.
പിന്നാലെ, ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല, അയ്യപ്പദാസാണ് സ്വാമിയെ കൊല്ലാൻ ശ്രമിച്ചതെന്നും കാട്ടി പെൺകുട്ടി പൊലീസിനെ സമീപിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി. സംഭവത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ആരോപിച്ചും ഗംഗേശാനന്ദ പരാതിനൽകി.