/sathyam/media/media_files/lv45F6iwE8VhKBQs35jN.jpg)
തിരുവനന്തപുരം: ചലച്ചിത്ര താരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും എന്താ കൊമ്പുണ്ടോ ? ഹേമ കമ്മിറ്റി റിപോർട്ടിന്മേൽ നാലര വർഷം അടയിരുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും നിരത്തുന്ന ന്യായീകരണം കേട്ടാൽ ആരെങ്കിലും ഇങ്ങനെ ചോദിച്ചുപോയാൽ അവരെ കുറ്റം പറയാനാകില്ല. ലൈംഗിക ചൂഷണത്തിന് വിധേയരായവരുടെ സ്വകാര്യത സൂക്ഷിക്കുന്നതിന് വേണ്ടിയാണ് റിപോർട്ട് പുറത്തുവിടാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണംപോലും.
പോരെങ്കിൽ മൊഴി തന്നവരുടെ സ്വകാര്യത സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് ഹേമ സർക്കാരിന് കത്ത് നൽകിയതായും മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലുണ്ട്. അപ്പോഴാണ് സിനിമാ താരങ്ങൾക്ക് എന്താ കൊമ്പുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നത്. സോളാർ തട്ടിപ്പിനെക്കുറിച്ചും പീഡന പരാതികളെ കുറിച്ചും അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷൻെറ റിപോർട്ട് പുറത്തുവിട്ടതും പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
ആര്‍ക്കാണ് പ്രിവിലേജ് ?
എന്നാൽ ഹേമാ കമ്മിറ്റി റിപോർട്ടിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാമർശിക്കുന്ന ചൂഷകർക്ക് നൽകിയ ആനുകൂല്യം സോളാർ റിപോർട്ടിൻെറ കാര്യത്തിൽ ഉണ്ടായിരുന്നില്ല. സോളാർ പ്ളാന്റ് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസുകൾ അടക്കമുളള വനിതയുടെ മൊഴിയിൽ പീഡിപ്പിച്ചെന്ന് ആരോപിക്കുന്നവരുടെ എല്ലാം പേരുവിവരങ്ങളും മറ്റും പുറത്തുവിട്ടു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുളളവരുടെ പേരുകളാണ് തെളിവോ വിവരങ്ങളോ അന്വേഷണമോ ഇല്ലാതെ പുറത്തുവിട്ടത്. സഭ്യതയുടെ അതിർവരമ്പ് ഭേദിക്കുന്നതായിരുന്നു പലവിവരങ്ങളും. സഭ്യേതരമായ ഈ മൊഴികൾ സി.പി.എം ചാനലായ കൈരളി പീപ്പീളിൽ ബ്രേക്കിങ്ങ് ന്യൂസായി എഴുതി കാണിച്ചുകൊണ്ടേയിരിക്കുകയും ചെയ്തിരുന്നു.
ആ വയോധികനോട് പോലും ...
ഉമ്മൻചാണ്ടി ജീവിച്ചിരിക്കുമ്പോഴായിരുന്നു 75 പിന്നിട്ട അദ്ദേഹത്തെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന മൊഴിയിലെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടത്. ഈ ആക്ഷേപങ്ങൾ റിപോർട്ടിൻെറ പ്രധാന ഭാഗത്ത് ഇല്ലാതിരുന്നിട്ടും അനുബന്ധമായി ചേർത്തിരുന്ന മൊഴിയിൽ നിന്നും എടുത്താണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുളളവരെ പൊതുജന മധ്യത്തിൽ താറടിക്കാൻ ശ്രമിച്ചത്.
അതേ സർക്കാരും മുഖ്യമന്ത്രിയുമാണ് ഹേമാ കമ്മിറ്റി റിപോർട്ടിന്മേൽ നാലരകൊല്ലം അടയിരുന്നതിൻെറ കാരണമായി സ്വകാര്യത എടുത്തുകാട്ടാൻ ശ്രമിക്കുന്നത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻമന്ത്രിമാർ അടക്കമുളള രാഷ്ട്രീയ നേതാക്കൾക്കും കിട്ടാത്ത പ്രിവിലേജാണ് നടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണം നേരിടുന്ന നടന്മാർക്കും സാങ്കേതിക വിദഗ്ധർക്കും സർക്കാർ നൽകുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇരകള്‍ അതുപോലെ തട്ടിപ്പുകാരല്ലല്ലോ ?
സോളാർ കമ്മീഷൻ മുൻപാകെ ആരോപണം ഉന്നയിച്ച സ്ത്രീ തട്ടിപ്പ് കേസിൽ അടക്കം പ്രതിയായിരുന്നെങ്കിൽ ഹേമ കമ്മിറ്റിക്ക് മുൻപാകെ തൊഴിൽ മേഖലയിൽ വെച്ച് നേരിട്ട ലൈംഗികാതിക്രമത്തെകുറിച്ച് വെളിപ്പെടുത്തിയവർക്ക് ആർക്കും അത്തരം ക്രിമിനൽ പശ്ചാത്തലമില്ല. എന്നിട്ടും ഹേമാ കമ്മിറ്റി റിപോർട്ടിന്മേൽ നടപടി എടുക്കാതിരുന്നതിന് സർക്കാർ കാരണമായി പറയുന്നത് ഇരകളുടെ സ്വകാര്യതക്ക് ഒപ്പം പീഡകരുടെ സ്വകാര്യത കൂടിയാണ് എന്നതാണ് ഖേദകരമായ സംഗതി.
റിപോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റീസ് ഹേമ തന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു എന്നതാണ് നടപടി എടുക്കാൻ വൈകിയതിൻെറ മറ്റൊരു കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത്. അത് തെറ്റാണെന്ന വിവരവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. കമ്മിറ്റി മുൻപാകെ മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും ഇക്കാര്യത്തിൽ സുപ്രിംകോടതി നിഷ്കർഷിച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മാത്രമാണ് ജസ്റ്റീസ് ഹേമ സർക്കാരിന് നൽകിയ കത്തിൽ പറയുന്നത്.
നിലപാട് പറഞ്ഞ് സതീശന്‍
എന്നാൽ അതിനെ റിപോർട്ട് പുറംലോകം കാണിക്കാതിരിക്കാനുളള മറയാക്കി മാറ്റുകയാണ് ചെയ്തത്. ഇത് ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടി കാട്ടുന്നത്.
'' ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. പച്ചക്കള്ളം പറഞ്ഞാണ് മുഖ്യമന്ത്രി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു കാരണവശാലും റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ ഹേമ കമ്മിറ്റി നല്‍കിയ കത്തില്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ നല്‍കിയ കത്ത് ഒരിക്കലും പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തു വിടരുതെന്നല്ല, പുറത്ത് വിടുമ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്നതാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം. ഇരകളുടെ പേര് ഒരിക്കലും വെളിപ്പെടുത്താറില്ല. ഇരകളുടെയോ ബന്ധുക്കളുടെയോ പേരു വിവരങ്ങള്‍ പുറത്തു പറയുന്നതിന് പകരമായാണ് ഇരകളെ നിര്‍ഭയ എന്ന് വിളിക്കുന്നത്. ഇതൊന്നും പുതിയ കാര്യമല്ല. ഇതൊന്നും റിപ്പോര്‍ട്ടിന്‍ മേല്‍ നടപടി എടുക്കാനുള്ള തടസവുമല്ല. പോക്‌സോ നിയമ പ്രകാരം വരെ കേസെടുക്കേണ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.'' സതീശൻ വിമർശിച്ചു.