/sathyam/media/media_files/3PWkUwC8Gje4gCRmuO8s.jpg)
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ലോട്ടറി അട്ടിമറിക്കാൻ ഓൺലൈൻ ലോട്ടറി മാഫിയയുടെ ശ്രമം. കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുന്നതുമായ ഓണം ബമ്പർ അട്ടിമറിക്കാനാണ് ലോട്ടറി മാഫിയയുടെ ശ്രമം.
സോഷ്യൽ മീഡിയയിലൂടെയാണ് വ്യാജ ലോട്ടറി വൻതോതിൽ വിറ്റഴിക്കപ്പെടുന്നത്. സർക്കാരിന്റെ ചിഹ്നവും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും ദുരുപയോഗം ചെയ്താണ് തട്ടിപ്പ്. 25 കോടി സമ്മാന തുക ഉള്ളതിനാലും തമിഴ്നാട് സ്വദേശികൾക്ക് അടക്കം ഒന്നാം സമ്മാനം മുൻപ് അടിച്ചിട്ടുള്ളതിനാലും അന്യ സംസ്ഥാനത്ത് പോലും സൂപ്പറാണ് ഓണം ബമ്പർ.
ഇത് മുതലെടുത്താണ് തട്ടിപ്പ്. ഓൺലൈൻ ലോട്ടറി അടിച്ചാൽ നികുതിപടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. സർക്കാരിന്റെ ഒറിജിനൽ പേപ്പർ ലോട്ടറിയെ വെല്ലുവിധത്തിലുള്ള ഡിസൈനാണ് ഓൺലൈൻ ലോട്ടറിയുടേത്.
വ്യാജ ക്യു ആർ.കോഡും ലോട്ടറി ഡയറക്ടറുടെ ഒപ്പും ഉപയോഗിച്ചാണ് തട്ടിപ്പ്. പേപ്പർലോട്ടറിയ്ക്ക് സമാനമായി 25 കോടി ഒന്നാം സമ്മാനം. പേപ്പർലോട്ടറിയ്ക്ക് 1 കോടി രണ്ടാംസമ്മാനം, പക്ഷേ ഓൺലൈനിൽ 50 ലക്ഷമാണ്. ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളും 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഓണം ബമ്പർ ടിക്കറ്റ് കെ.എൻ.ബാലഗോപാലും ആന്റണി രാജുവും ചേർന്ന് പ്രകാശനം ചെയ്യുന്ന ചിത്രം ഉപയോിച്ച് സോഷ്യൽ മീഡയയിൽ സർക്കാരിന്റേതെന്ന് തോന്നിപ്പിക്കുന്ന പേജുണ്ടാക്കിയാണ് ലോട്ടറി വ്യാജമായി വിൽക്കുന്നത്.
സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പുറമെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഓണം ബമ്പറിന്റെ വ്യാജൻ വൻതോതിൽ വിറ്റഴിയുന്നു. കേരള ലോട്ടറി, കേരള മെഗാ മില്ല്യൺ ലോട്ടറി എന്നീ പേരുകളിലാണ് ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിലുള്ളത്. പത്തുലക്ഷത്തിലധികം പേർ ഇതിനോടകം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.
നമുക്ക് ഇഷ്ടമുള്ള നമ്പർ നൽകിയാൽ അത് അനുസരിച്ചുള്ള ടിക്കറ്റ് ലഭിക്കും. 25 ടിക്കറ്റ് വരെ ഒറ്റക്ലിക്കിൽ എടുക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനിലുണ്ട്. ഇതിലൂടെ ഓണം ബമ്പറിന്റെ വിശ്വാസ്യത തകരുമെന്ന് മാത്രമല്ല, സർക്കാരിന് ലോട്ടറി വിൽപ്പനയിലൂടെ കിട്ടേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനവും ഇല്ലാതാവും. ഓണക്കാല ചെലവുകൾക്ക് സർക്കാരിന് വലിയൊളവിൽ ആശ്വാസമായിരുന്നത് ഈ വരുമാനമാണ്.
സംസ്ഥാന ലോട്ടറിയുടെ ഒഫീഷ്യൽ ഓൺലൈൻ പങ്കാളിയെന്ന വ്യാജനെയാണ് ഓൺലൈനിലെ വ്യാജ ലോട്ടറി കച്ചവടം. ഒരു ദിവസം കോടിക്കണക്കിന് രൂപയുടെ ലോട്ടറി വിറ്റുപോവുന്നെന്നാണ് അറിയുന്നത്. ബംബർ ലോട്ടറിക്ക് വില 500 രൂപയാണ്.
മൊബൈൽ ആപ്ലിക്കഷൻ ഡൗൺലോഡ് ചെയ്ത 10 ലക്ഷം പേർ ഓരോ ലോട്ടറി വീതം എടുത്താലും തട്ടിപ്പുകാർക്ക് കോടികൾ കിട്ടിക്കഴിഞ്ഞു. അതിനാൽ സർക്കാർ ഈ തട്ടിപ്പിനെതിരെ അതിശക്തമായ നടപടിയെടുക്കേണ്ടതുണ്ട്.
വ്യാജ ലോട്ടറി വില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഓൺലൈൻ ലോട്ടറികളുടെ പേജുകളും പരസ്യങ്ങളും ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് അയച്ചു.
അന്യസംസ്ഥാനക്കാർക്ക് പുറമേ മലയാളികളും പ്രവാസികളുമെല്ലാം ഈ തട്ടിപ്പിൽ വീണതായാണ് സൂചന. ഈ സാഹചര്യത്തിൽ കേരളാ ലോട്ടറിയുടെ വിൽപ്പന രീതി സർക്കാർ പരസ്യപ്പെടുത്തും. കേരള ലോട്ടറി പേപ്പർ രൂപത്തിൽ മാത്രമേ ലഭ്യമാകൂ.
വിൽപ്പനയ്ക്ക് അംഗീകൃത ഏജൻസികളും അവരുടെ ഏജന്റുമാരും ആയിരക്കണക്കിന് ലോട്ടറി വിൽപ്പനക്കാരുമുണ്ട്. ലോട്ടറി ടിക്കറ്റിന്റെ പിറകിൽ ഏജൻസിയുടെ വിവരമുണ്ടാവും. കറൻസി നോട്ടിലുള്ളതു പോലെ സുരക്ഷാ സംവിധാനവും ലോട്ടറിയിലുണ്ട്.
ലോട്ടറി അടിച്ചാൽ ലോട്ടറി ജില്ലാ ഓഫീസുകളിലോ ഡയറക്ടറേറ്റിലോ ഏത് ബാങ്കുകളുടെ ശാഖകളിലോ ഹാജരാക്കണം. തർക്കമൊഴിവാക്കാൻ ലോട്ടറി എടുക്കുമ്പോൾ തന്നെ പുറകിൽ നിശ്ചിതസ്ഥലത്ത് പേരും വിലാസവും ഒപ്പും രേഖപ്പെടുത്തണം. നികുതി കിഴിച്ചുള്ള സമ്മാന തുക അക്കൗണ്ട് വഴിയാണ് നൽകുന്നത്.