/sathyam/media/media_files/90x3B76U3OFUOAEkjXX4.jpg)
തിരുവനന്തപുരം: എം. ലിജുവിനെ കെ.പി.സി.സിയുടെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറിയായി നിയമിച്ചതോടെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് കെ. സുധാകരൻ തല്‍ക്കാലം തുടരുമെന്ന് ഉറപ്പായി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് വരെയെങ്കിലും സുധാകരൻ അധ്യക്ഷ പദവിയിൽ തുടരുമെന്നാണ് സൂചന.
രാഷ്ട്രീയകാര്യ സമിതി അംഗമെന്ന നിലയിൽ ഇന്ദിരാ ഭവൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാണ് എം. ലിജു സുധാകരന്‍റെ വിശ്വസ്തനായി മാറിയത്. ലിജുവിനെതിരെ പരാതികളും വിമർശനങ്ങളും ഉണ്ടെങ്കിലും എം. ലിജുവിൻെറ സാന്നിധ്യം സുധാകരന് ആശ്വാസമായിരുന്നു. ഈ പരിഗണനയിലാണ് രാഷ്ട്രീയകാര്യസമിതി അംഗമായിരുന്ന എം.ലിജുവിനെ കെ.സുധാകരൻ തന്നെ കെ.പി.സി.സി ജനറൽ സെക്രട്ടറി ആയും സംഘടനാ ചുമതലയിലേയ്ക്കും ശുപാർശ ചെയ്തത്.
അനുനയത്തിനിറങ്ങിയത് സുധാകരന്‍
കുറച്ചുനാളായി സുധാകരൻെറ ശുപാർശ ഹൈക്കമാൻഡിന് മുന്നിലുണ്ടെങ്കിലും രണ്ട് ദിവസം മുൻപ് എറണാകുളത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിനിടയിലാണ് ഇക്കാര്യത്തിൽ അന്തിമ ധാരണ രൂപപ്പെട്ടത്. കേരളത്തിലുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായും കെ.സുധാകരൻ സംസാരിച്ചു. വേണുഗോപാലും സതീശനും എതിർപ്പൊന്നുമില്ലെന്ന് വന്നതോടെയാണ് എം. ലിജുവിൻെറ നിയമനം സാധ്യമായത്.
അതേസമയം മുന്‍ കാലങ്ങളിലേത് പോലെ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധം നിലപാടുകള്‍ തുടര്‍ന്നാല്‍ പദവികള്‍ പിന്നെ ഉണ്ടാകില്ലെന്ന മുന്നറിയിപ്പും ലിജുവിന് നല്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി ലിജുവും നേതാക്കളുമായി സംസാരിച്ച് തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമം നടത്തിയിരുന്നു.
തടസമായത് ആരോഗ്യ പ്രശ്നങ്ങള്‍
നിലവിൽ സംഘടനാ ചുമതല വഹിച്ചിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻെറ ആരോഗ്യപ്രശ്നങ്ങളും ലിജുവിൻെറ നിയമനം എളുപ്പമാക്കി. വൃക്ക സംബന്ധമായ രോഗങ്ങൾ അലട്ടുന്ന ടി.യു.രാധാകൃഷ്ണന് ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിന് വിധേയനാകേണ്ടതുണ്ട്. ചികിത്സയും വിശ്രമവും എല്ലാമായി പഴയത് പോലെ സജീവമായി പ്രവർത്തിക്കാൻ രാധാകൃഷ്ണന് കഴിയില്ല.
കെ.പി.സി.സിയിലെ നിർണായക തസ്തികകളായ പ്രസിഡൻെറിനും സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിക്കും ഒരു പോലെ ആരോഗ്യപ്രശ്നങ്ങളുളള സാഹചര്യം പ്രവർത്തനം സ്തംഭിപ്പിക്കും. പ്രസിഡൻെറിനെയോ സംഘടനാ ജനറൽ സെക്രട്ടറിയേയോ മാറ്റുകയാണ് പോംവഴി.
എന്നാൽ ലോകസഭാ തിരഞ്ഞെടുപ്പിൻെറ വിജയത്തിളക്കത്തിൽ നിൽക്കുന്ന കെ.പി.സി.സി പ്രസിഡൻെറിനെ മാറ്റുക എളുപ്പമല്ല. മാത്രമല്ല സുധാകരൻ അതിനോട് കലഹിക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല.
പിന്നെ മാറ്റാനാവുക, സംഘടനാ ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണനെയാണ്. ആരോഗ്യ പ്രശ്നങ്ങളും വിശ്രമം വേണ്ട സാഹചര്യവും ബോധ്യപ്പെടുത്തി അദ്ദേഹത്തെ ഒഴിവാക്കാൻ എളുപ്പവുമായിരുന്നു. ഇത് മനസിലാക്കിയാണ് ടി.യു. രാധാകൃഷ്ണനെ ഒഴിവാക്കി എം. ലിജുവിനെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറിയായി നിയമിച്ചത്.
കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷനായപ്പോൾ രമേശ് ചെന്നിത്തലയാണ് രാഷ്ട്രീയ - സംഘടനാ വിഷയങ്ങളിൽ സഹായിക്കുന്നതിനായി എം.ലിജുവിനെ ഇന്ദിരാഭവനിലേക്ക് നിയോഗിക്കാൻ ശുപാർശ ചെയ്തത്.
ചെന്നിത്തലയുടെ വിശ്വസ്തന്‍ പിന്നെ സുധാകരന്‍റെ അടുപ്പക്കാരന്‍
ഐ ഗ്രൂപ്പ് നേതൃത്വത്തിലെ വിശ്വസ്തൻ എന്ന നിലയിലാണ് ചെന്നിത്തല ലിജുവിനെ ശുപാർശ ചെയ്തത്. രാഷ്ട്രീയകാര്യ സമിതി അംഗമായ എം.ലിജു പതുക്കെ പതുക്കെ ചെന്നിത്തല ഗ്രൂപ്പിൽ നിന്ന് അകലാൻ തുടങ്ങി. അകൽച്ച എത്തി നിന്നത് കെ.പി.സി.സി ആസ്ഥാനത്തെ സുധാകരൻെറ വിശ്വസ്തരായ ത്രിമൂർത്തികൾ എന്നതിലേക്കാണ്.
സുധാകരൻെറ അഭാവത്തിലും സാന്നിധ്യത്തിലും എല്ലാ നിർണായക തീരുമാനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിരുന്നത് എം.ലിജുവും കെ.ജയന്തും ടി.യു.രാധാകൃഷ്ണനും അടങ്ങുന്ന ത്രിമൂർത്തി സംഘമായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ.സുധാകരൻ ചുമതല താൽക്കാലികമായി എം.എം.ഹസന് കൈമാറിയപ്പോഴും ചുക്കാൻ ഇവരുടെ കൈകളിൽ തന്നെയായിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് ഹസൻ കൈക്കൊണ്ട നടപടികൾ സുധാകരൻ തിരികെ വന്നപോൾ റദ്ദ് ചെയ്തതിലും ബത്തേരിയിലെ സംസ്ഥാന ക്യാംപ് എക്സിക്യൂട്ടിവിൻെറ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിലും ഓൺലൈനായി ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ വിമർശനം നടന്നുവെന്ന വിവരം പുറത്തെത്തിച്ചതിലും ത്രിമൂർത്തി സംഘത്തിന് പങ്കുണ്ടെന്നാണ് ആക്ഷേപം. എന്നാൽ അടുത്ത കാലത്ത് കെ.ജയന്തും എം.ലിജുവും തമ്മിൽ അത്ര രസത്തിലല്ല.
എതിര്‍പ്പുകള്‍ പലവഴി
എം. ലിജുവിനെ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറിയായി നിയമിച്ചതിൽ കെ.പി.സി.സി നേതൃത്വത്തിൽ തന്നെ എതിർപ്പുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരാണ് ലിജുവിൻെറ നിയമനത്തിൽ നീരസം പ്രകടിപ്പിച്ച് രംഗത്തുളളത്. എന്നാൽ എതിർപ്പും പ്രതിഷേധവും കാണാനോ ചെവിക്കൊളളാനോ ഹൈക്കമാൻഡോ കേരളത്തിലെ നേതൃത്വമോ തയാറാകാത്തത് കൊണ്ട് സംഭവം ആളിക്കത്തുന്നില്ലെന്ന് മാത്രം.
കെ.സി.വേണുഗോപാലിൻെറ അനുയായികളായ ജനറൽ സെക്രട്ടറിമാരിൽ ചിലർക്കാണ് ലിജുവിൻെറ നിയമനത്തിൽ എതിർപ്പുളളത്. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് തെറ്റായ രീതിയിൽ ഇടപെട്ടാൽ ലിജുവിൻെറ നില പരുങ്ങലിലാകും. വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളുടെ സംഘടനാ ഒരുക്കങ്ങളും മിഷൻ 2025 എന്ന പേരിൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൻെറ തയാറെടുപ്പുകളുമാണ് ലിജുവിന് മുന്നിലുളള വെല്ലുവിളി.