/sathyam/media/media_files/xwWTBxyKkAq1ZPmUphOy.jpg)
തിരുവനന്തപുരം: 2025 അവസാനം വരെ കാലാവധിയുള്ള ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് സ്ഥാനം ഒഴിയുന്നതിന്റെ മുന്നോടിയായി 45 ദിവസത്തെ അവധിയിൽ പ്രവേശിച്ചു. തന്നേക്കാൾ ഏഴുവർഷം ജൂനിയറായ വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക് ലോകായുക്തയായി നിയമനം നൽകിയതിനെ തുടർന്നാണ് ഹാറൂൺ ലീവിൽ പ്രവേശിച്ചത്.
ജസ്റ്റിസ് ഹാറൂൺ ഹൈക്കോടതി ജഡ്ജ് ആയിരിക്കവേ, ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഹൈക്കോടതിയുടെ രജിസ്ട്രാർ ആയിരുന്നു പുതുതായി നിയമിക്കപെട്ട ലോകായുക്ത. 2021 ഡിസംമ്പറിൽ വിരമിച്ച ജസ്റ്റിസ് അനിൽകുമാറിനെ ഉടൻ തന്നെ സർക്കാർ കാപ്പ ചെയർമാനായി നിയമിച്ചിരുന്നു.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് തോമസ് ലോകായുക്തയായി വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് അനിൽകുമാറിനെ നിയമിച്ചത്. അദ്ദേഹം ഓഗസ്റ്റ് 21 ന് ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ലോകായുക്തയായി അധികാരമേറ്റിരുന്നു.
രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങിൽ മുൻനിരയിൽ ഉപലോകായുക്ത ജസ്റ്റിസ് ഹാരുൺ സന്നിഹിതനായിരുന്നു. അതിനുശേഷമാണ് അദ്ദേഹം ഗവർണർക്ക് അവധിക്കുള്ള അപേക്ഷ നൽകിയതെന്നറിയുന്നു.
1999 ൽ ലോകായുക്ത നിലവിൽ വന്നത് മുതൽ സുപ്രീംകോടതി ജഡ്ജിയുടെയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയോ റാങ്കിൽ വിരമിച്ച ആളായിരിക്കണം ലോകായുക്ത എന്ന നിയമം അടുത്തിടെ സര്ക്കാര് ഭേദഗതി ചെയ്തു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ലോകായുക്തയായി നിയമിക്കാമെന്ന വ്യവസ്ഥയെതുടർന്നാണ് ആദ്യമായി ഹൈക്കോടതി റിട്ട. ജഡ്ജിയെ ലോകായുക്തയായി നിയമിക്കുന്നത്.
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരെയോ, ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ്മാരെയോ, സീനിയർ ജഡ്ജിമാരെയോ നിയമിക്കുന്നതിന് വിലക്കില്ലായിരുന്നു. ലോകായുക്തയും ഉപലോകയുക്തയും ഒരേ കേഡറിൽ നിന്നും നിയമിക്കുന്നതിൽ പ്രോട്ടോക്കാളിലെ ഔചിത്യക്കുറവ് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
വിവാദമായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതി പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും പരാതിക്ക് സാധുതയില്ല എന്നതിൻറെ പേരിൽ വാദം പൂർത്തിയായി ഒരു വർഷത്തോളം ഉത്തരവ് പുറപ്പെടുവിക്കാതിരുന്നത് ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ എടുത്ത ഉറച്ച നിലപാട് കാരണമായിരുന്നു.
ഇതിനിടെ കെ.ടി. ജലീലിന്റെ കേസിനുസമാനമായി മുഖ്യമന്ത്രിയ്ക്കെതിരെയും ഉത്തരവുണ്ടാകുമെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയതോടെ വിദേശത്ത് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭായോഗം ചേർന്ന് ലോകായുക്ത നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യുകയായിരുന്നു.
ലോകായുക്തയുടെ നിലപാട് യഥാസമയം സർക്കാരിനെ അറിയിച്ചത് സംബന്ധിച്ച വലിയ വിവാദം അന്ന് നിലനിന്നിരുന്നു. ഒടുവിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റേത് വ്യത്യസ്ത നിലപാടാണ് എന്നതിന്റെ അടിസ്ഥാനത്തിൽ കേസ് ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
ഫുൾ ബെഞ്ചിൽ, ജസ്റ്റിസ് ഹാരുൺ ഉൾപ്പടെ രണ്ട് ഉപലോകായുക്തമാർ കേസിന് സാധുതയില്ലെന്ന് അഭിപ്രായപ്പെട്ടതോടെ കേസ് തള്ളുകയായിരുന്നു.
കേസിന്റെ വാദത്തിനിടയിൽ ലോകായുക്തമാർ മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതും, കേസിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പരേതനായ മുൻ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ ജീവകഥ പുസ്തകത്തിൽ ഇവർ ഓർമ്മക്കുറിപ്പുകൾ എഴുതിയതും, പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതും വലിയ വിവാദമായിരുന്നു.
ലോകായുക്ത ഉത്തരവ് ചോദ്യം പരാതിക്കാരൻ ആർ. എസ് ശശികുമാർ ഫയൽ ചെയ്ത ഹർജിയിൽ ഇപ്പോൾ ഹൈക്കോടതി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും നോട്ടീസ് അയച്ചിരിക്കുകയാണ്. കേസിൽ സെപ്റ്റംബർ 24 ന് വാദം കേൾക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, ഗവൺമെൻറ് സെക്രട്ടറിമാർ, എംഎൽഎമാർ തുടങ്ങിയവർക്കെതിരായ കേസുകളിൽ ലോകായുക്ത ഡിവിഷൻ മാത്രമേ വാദം കേൾക്കാൻ കഴിയുള്ളൂ. മറ്റൊരു ഉപലോകായുക്തയായിരുന്ന ജസ്റ്റിസ് ബാബു മാത്യു ജോസഫ് വിരമിച്ച ഒഴിവിൽ പകരക്കാരനെ നിയമിച്ചിട്ടില്ല. ജസ്റ്റിസ് ഹാറൂൺ അവധിയെടുത്തതോടെ ലോകായുക്തയ്ക്ക് പ്രവർത്തിക്കാനാവില്ല.
ഇപ്പോൾ നിയമിച്ചിട്ടുള്ള ലോകായുക്തയെക്കാൾ ജൂനിയർ ആയ അടുത്തകാലത്ത് ഹൈക്കോടതി ജഡ്ജിമാരായി വിരമിച്ചയാളെ തേടി നടക്കുകയാണ് സർക്കാരെന്ന് അറിയുന്നു. 2018 വരെ പ്രതിവർഷം 1800 ഓളം കേസുകൾ ഉണ്ടായിരുന്ന ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം വിവാദങ്ങൾക്ക് ശേഷം ഇപ്പോൾ 200 ന് താഴെയായി.
ദുരിതാശ്വാസനിധി ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ ഉപലോകയുക്തയ്ക്ക് മുഖ്യമന്ത്രിയിൽ നിന്ന് തന്നെയാണ് കയ്പ്പേറിയ അനുഭവമുണ്ടായതും കാലാവധി പൂർത്തിയാകാതെ വിരമിക്കേണ്ടി വന്നതും.