'അമ്മ' നിലപാടിനെ പരസ്യമായി വിമർശിച്ച നടൻ ജഗദീഷിനെതിരെ സംഘടനയ്ക്കുള്ളില്‍ പടയൊരുക്കം ശക്തം !  ജഗദീഷ് ഗ്യാലറിക്ക് വേണ്ടി കളിക്കുന്നുവെന്ന് വിമര്‍ശനം. ന്യൂജെൻ സിനിമകളിൽ തുടർച്ചയായി അവസരം ലഭിക്കുന്നത് കൊണ്ട് പുതുതലമുറ സിനിമക്കാരെ പ്രീതിപ്പെടുത്താനും പൊതുസമൂഹത്തിന്‍റെ അംഗീകാരത്തിനും വേണ്ടിയാണ് വിമർശനമെന്നും ആക്ഷേപം

ഹേമ കമ്മിറ്റി റിപോർ‌ട്ടിൻെറ പേരിൽ സംഘടന നാലുപാടുനിന്നും ആക്രമണം നേരിടുമ്പോൾ ജഗദീഷ് നടത്തിയ കുറ്റപ്പെടുത്തലിന്‍റെ പേരിലാണ് നടൻ ജഗദീഷിനെതിരെ 'അമ്മ'യിൽ വിമ‍ർശനം കടുക്കുന്നത്.

New Update
siddiq and jagadeesh

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപോർട്ടിലൂടെ സിനിമാ രംഗത്തെ പീഡനകഥകൾ പുറത്തായതോടെ പ്രതിരോധത്തിലായി നിൽക്കുന്ന താര സംഘടന 'അമ്മ'യെ പരസ്യമായി കുറ്റപ്പെടുത്തിയ നടൻ ജഗദീഷിനെതിരെ സംഘടനാ തലപ്പത്ത് പടയൊരുക്കം ശക്തം.

Advertisment

ഹേമ കമ്മിറ്റി റിപോർ‌ട്ടിൻെറ പേരിൽ സംഘടന നാലുപാടുനിന്നും ആക്രമണം നേരിടുമ്പോൾ ജഗദീഷ് നടത്തിയ കുറ്റപ്പെടുത്തലിന്‍റെ പേരിലാണ് നടൻ ജഗദീഷിനെതിരെ 'അമ്മ'യിൽ വിമ‍ർശനം കടുക്കുന്നത്.

പ്രതിസന്ധി നേരിടുന്ന സമയത്ത് അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് നടത്തിയ പരസ്യവിമർശനം ഒരു തരത്തിലും ന്യായീകരിക്കാനാവാത്തതാണെന്ന വികാരമാണ് നേതൃത്വത്തിലുളളത്.


എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച ചരിത്രമുളള സംഘടനയിൽ ഹേമ കമ്മിറ്റി റിപോർട്ടിനോടും അതിൽ പറയുന്ന കാര്യങ്ങളോടും സ്വീകരിച്ചിരിക്കുന്ന നിലപാടിനേയും ചൊല്ലി ഭിന്നതയുണ്ടെന്ന പ്രതീതിയാണ് ജഗദീഷിൻെറ പരസ്യവിമർശനത്തിലൂടെ സംഭവിച്ചതെനന്നാണ് വിമർശനം. ജഗദീഷ് നടത്തിയ വിമർശനം ബോധപൂർവമാണെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്.


ഹേമ കമ്മിറ്റി റിപോർട്ട് മാധ്യമങ്ങളിലും പൊതു സമൂഹത്തിലും വൻചർച്ചയായിരിക്കെ ജഗദീഷ് നടത്തിയ വിമർ‍ശനം ഗ്യാലറിയുടെ കൈയ്യടിക്ക് വേണ്ടിയാണെന്നും 'അമ്മ' നേതൃത്വം കുറ്റപ്പെടുത്തുന്നു. അടുത്തകാലത്തായി ന്യൂജെൻ സംവിധായകരുടെ ചിത്രങ്ങളിൽ സ്ഥിരമായി ക്യാരക്ടർ റോളുകളും അച്ഛൻ വേഷങ്ങളും ജഗദീഷിന് ലഭിക്കുന്നുണ്ട്.

ഹേമ കമ്മിറ്റി റിപോർട്ടിൻെറ അടിസ്ഥാനത്തിൽ നടപടി കൂടിയേ തീരുവെന്ന് വാദിക്കുന്ന ന്യൂജനറേഷൻ, സിനിമാക്കാരുടെ പിന്തുണയാണ് പരസ്യവിമർശനത്തിലൂടെ ജഗദീഷ് ലക്ഷ്യമിടുന്നതെന്നും അമ്മ നേതൃത്വത്തിലുളളവർ ചൂണ്ടിക്കാട്ടുന്നു. ന്യൂജെൻ സിനിമക്കാരുടെ പിന്തുണക്ക് പുറമേ പൊതുസമൂഹത്തിൻെറ പിന്തുണ കൂടി ജഗദീഷ് ലക്ഷ്യമിടുന്നുണ്ടെന്ന് വേണം മനസിലാക്കാൻ.

എന്നാൽ അതിന് ബാക്കിയുളള സഹപ്രവർത്തകരെയും താരസംഘടനയേ തന്നെയും കുറ്റപ്പെടുത്തി കൊണ്ടുവേണമായിരുന്നോ എന്നാണ് ജഗദീഷിന് നേരെ നേതൃത്വത്തില്‍ നിന്നും ഉയരുന്ന ചോദ്യം. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻെറ പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ ജഗദീഷ് നടത്തിയ പ്രതികരണം ഫലത്തിൽ സംഘടനാ നേതൃത്വത്തിൻെറ നിലപാടിനെ തളളിക്കളയുന്നതായിരുന്നു.


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പരാതികൾ അന്വേഷിക്കണമെന്നും ലൈംഗിക ചൂഷണങ്ങൾ ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറി നിൽക്കാനാകില്ലെന്നുമായിരുന്നു ജഗദീഷിൻെറ പ്രതികരണം. എന്നാൽ ഹേമാ കമ്മിറ്റി റിപോർട്ട് ചൂണ്ടിക്കാണിച്ചത് മലയാള സിനിമാരംഗത്തെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നായിരുന്നു അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻെറ നിലപാട്.


അമ്മ നേതൃത്വത്തിൻെറ നിലപാടിനെ പൂർണമായും  നിരാകരിക്കുന്നതായിരുന്നു ജഗദീഷിൻെറ പ്രതികരണം. അതാണ് അമ്മ നേതൃത്വത്തിലെ അതൃപ്തിക്ക് കാരണം. ഇപ്പോൾ വൈസ് പ്രസിഡന്റ് പദവിയിലുളള ജഗദീഷിന് അമ്മയുടെ ജനറൽ സെക്രട്ടറി പദത്തിൽ താൽപര്യമുണ്ടായിരുന്നു.

അത് ലഭിക്കാത്തതാണ് പ്രതിസന്ധി സമയത്ത് സംഘടനാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിമർശനം നടത്തിയതിന് പിന്നിലെ വികാരമെന്ന ആക്ഷേപമാണ് അമ്മ നേതൃത്വത്തില്‍ നിന്നും ജഗദീഷിനെതിരെ ഉയരുന്നത്.

ജഗദീഷിനെ വെട്ടി സിദ്ദിഖിനെ ജനറല്‍ സെക്രട്ടറി ആക്കിയത് മോഹന്‍ലാല്‍ ഇടപെട്ട് ആണെന്ന വിമര്‍ശനം സംഘടനയില്‍ ഉണ്ട് . അതിനു പകരമായിരുന്നു ജഗദീഷിനെ വൈസ് പ്രസിഡന്‍റ് ആക്കിയതെന്നാണ് ഒരു വിഭാഗം പറയുന്നത്. 

Advertisment