മോഹൻലാൽ അടക്കം അമ്മ ഭാരവാഹികൾ ഒന്നാകെ രാജിവച്ചത് വരാനിരിക്കുന്ന ഭൂകമ്പം മുൻകൂട്ടി കണ്ട്. താര രാജാക്കന്മാർക്കെതിരെ ഗുരുതര ആരോപണങ്ങൾ വരാനിരിക്കുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം. പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുറപ്പായതോടെയുള്ള രാജി പ്രഖ്യാപനം കൂടുതൽ അപകടം ഒഴിവാക്കാൻ . ലൈംഗിക പരാതികളിൽ കേസും അറസ്റ്റുകളും ഉടൻ. മലയാള സിനിമയിലെ മുൻനിരക്കാർ അഴിക്കുള്ളിലേക്ക് ?

പരാതികളിൽ ഉറച്ചുനിന്നാൽ കേസെടുക്കാനും തുടർനടപടികൾക്കും പോലീസും തീരുമാനിച്ചു. ഇതോടെ, നിലവിലെ ഭാരവാഹികളടക്കം കേസിൽ പ്രതിയാവുകയും തുടർനടപടികൾക്ക് വിധേയമാവുകയും ചെയ്യേണ്ട സ്ഥിതിയുണ്ടാവും. ഈ സാഹചര്യം മുന്നിൽകണ്ടാണ് അമ്മ ഭാരവാഹികളൊന്നാകെ രാജിവച്ചത്.

New Update
mohanlal amma

തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ അടക്കം ഭരണസമിതിയൊന്നാകെ രാജിവച്ചത് വരാനിരിക്കുന്ന ഭൂകമ്പങ്ങൾ മുന്നിൽകണ്ടാണെന്ന് വ്യക്തം. അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധിഖ് അടക്കം ഒരു ഡസനിലേറെ അംഗങ്ങൾക്കെതിരേ അതിരൂക്ഷമായ ആരോപണങ്ങളുയർന്നു കഴിഞ്ഞു.

Advertisment

പരാതികളിൽ ഉറച്ചുനിന്നാൽ കേസെടുക്കാനും തുടർനടപടികൾക്കും പോലീസും തീരുമാനിച്ചു. ഇതോടെ, നിലവിലെ ഭാരവാഹികളടക്കം കേസിൽ പ്രതിയാവുകയും തുടർനടപടികൾക്ക് വിധേയമാവുകയും ചെയ്യേണ്ട സ്ഥിതിയുണ്ടാവും. ഈ സാഹചര്യം മുന്നിൽകണ്ടാണ് അമ്മ ഭാരവാഹികളൊന്നാകെ രാജിവച്ചത്.

ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണസമിതിയുടെ രാജിയെന്ന് മോഹൻലാൽ വിശദീകരിക്കുന്നുണ്ടെങ്കിലും വസ്തുത അങ്ങനെയല്ല.


അമ്മയുടെ പ്രധാന ഭാരവാഹികൾക്കെതിരെ അടക്കം ചില നടിമാർ ഗുരുതരമായ ആരോപണം ഉന്നയിക്കാൻ തയ്യാറെടുക്കുകയാണെന്ന് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനുള്ള കൂടിക്കാഴ്ചകളും ചർച്ചകളും പലേടത്തും പുരോഗമിക്കുകയാണ്. ഇക്കാര്യം കൂടി പുറത്തുവന്നതോടെയാണ് അതിവേഗത്തിൽ ഭരണസമിതി ഒന്നാകെ രാജിവച്ചത്.


സിദ്ധിഖിന് പകരം ജനറൽ സെക്രട്ടറിയുടെ ചുമതല നൽകാനൊരുങ്ങിയപ്പോൾ തന്നെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരേ ലൈംഗിക ആരോപണം ഉയർന്നുവന്നിരുന്നു. ഏറെക്കാലം അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടനെതിരെയും അതിരൂക്ഷമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. 

ആരോപണങ്ങളിൽ പോലീസ് കേസെടുത്ത് തുടങ്ങുകയും അറസ്റ്റ് അടക്കം നടപടികളിലേക്ക് കടക്കുകയും ചെയ്താൽ സംഘടനയ്ക്ക് അത് ചീത്തപ്പേരുണ്ടാക്കും. മാത്രമല്ല, കൂടുതൽ ആരോപണങ്ങൾ ഒഴിവാക്കാനും ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലതെന്ന് വിലയിരുത്തലുണ്ടായി. ഇതെല്ലാം പരിഗണിച്ചാണ് ഭാരവാഹികളൊന്നാകെ രാജിവച്ചൊഴിഞ്ഞത്.


രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കുമെന്നാണ് പ്രഖ്യാപനം. അതിനിടയിൽ ഈ വിഷയം ആറിത്തണുക്കുമെന്ന് ഭാരവാഹികൾ വിലയിരുത്തുന്നു.  ‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെൽ‌പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്.


നിത്യേന ആരോപണ ശരങ്ങളാണ് അമ്മ ഭാരവാഹികൾക്ക് എതിരെയടക്കം ഉയർന്നിരുന്നത്. താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറി നടൻ ബാബുരാജ് ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് ജൂനിയർ നടി. കൊച്ചി ഡെപ്യൂട്ടി കമ്മിഷണറോട് താൻ പരാതി പറഞ്ഞിരുന്നെന്നും സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നും ഗുരുതര വെളിപ്പെടുത്തൽ. ഇതിൽ കേസെടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി എത്തിയ തന്നോട് കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ–മെയിൽ വഴി പരാതി നൽകി. ഇതിൽ കേസെടുത്തിരിക്കുകയാണ്.  

1991ൽ ചാഞ്ചാട്ടം എന്ന‌ സിനിമയിൽ അഭിനയിച്ചപ്പോൾ സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീത വിജയൻ. മുറിയിൽതട്ടി, റൂമിലെ ഫോണിൽ വിളിച്ചു. ശാരീരിക ഉപദ്രവം ഉണ്ടായില്ല. പ്രതികരിച്ചതിന്റെ പേരിൽ സിനിമയിലെ അവസരം നഷ്ടമായി.

നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയതായി നടി മിനു മുനീർ ആരോപിച്ചു. സെക്രട്ടേറിയറ്റിലെ ഷൂട്ടിംഗിനിടെ ജയസൂര്യ പിന്നിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും അവർ വെളിപ്പെടുത്തി.

അമ്മ സംഘടനയിൽ അംഗത്വത്തിന് ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു.

മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി.

സംവിധായകൻ വി കെ പ്രകാശ് 2022 ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്ന് യുവകഥാകാരി. കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചു. അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമം. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചു.


ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. 


കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.

വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ എത്തിയതും അമ്മയിൽ സംഭവിച്ച ഭിന്നത മറനീക്കി പുറത്ത് വന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തി. അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തുറന്നടിക്കുകയും ചെയ്തു.

Advertisment