/sathyam/media/media_files/bdjyosdFZ4jsoEbFY7DB.jpg)
തിരുവനന്തപുരം: മലയാള സിനിമാരംഗത്ത് ലൈംഗിക അതിക്രമമടക്കം നടത്തിയ വമ്പന്മാർക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇതിനായി തുടങ്ങിയ അന്വേഷണം ഉണ്ടയില്ലാ വെടിയാവാനാണ് സാദ്ധ്യത.
പത്തും പതിനഞ്ചും വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് നടിമാർ വെളിപ്പെടുത്തുകയും നടന്മാർ കൈയ്യോടെ നിഷേധിക്കുകയും ചെയ്യുന്നത്. ഇതിന് തെളിവ് കണ്ടെത്തുക അന്വേഷണത്തിൽ ഏറെ ശ്രമകരമായിരിക്കും.
അതിക്രമം കാട്ടിയവരെയെല്ലാം പണവും വാഗ്ദാനങ്ങളും നൽകി ഒതുക്കാനും പരാതികൾ ഇല്ലാതാക്കാനും വൻ താരങ്ങളുടെ ഏജന്റുമാർ രംഗത്തിറങ്ങിയിട്ടുണ്ട്. പരാതി നൽകാതിരുന്നാൽ സിനിമകളിൽ അവസരം അടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു സംവിധായകനെതിരേ പരാതി നൽകാതിരിക്കണമെന്ന് നിർദ്ദേശിച്ച് ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ അയച്ചതായി കൊല്ലത്തെ തിരക്കഥാകൃത്തായ യുവതി വെളിപ്പെടുത്തിയിരുന്നു.
ഹേമാ കമ്മിറ്റിക്ക് മുമ്പാകെ വൻ താരങ്ങൾക്കെതിരേ അടക്കം ലൈംഗിക ആരോപണം തെളിവുകളും ദൃശ്യങ്ങളും സഹിതം ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ ചോർന്നതോടെ, വൻ താരങ്ങൾ റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ തടയിട്ടു. അങ്ങനെയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത് 5 വർഷത്തോളം വൈകിയത്.
അതിനു പിന്നാലെയാണ് മൊഴി നൽകിയവരിൽ മിക്കവരെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഹേമാ കമ്മിറ്റിക്ക് മുന്നിൽ തെളിവുകൾ സഹിതം പീഡന വിവരങ്ങൾ തുറന്നു പറഞ്ഞതിൽ ചെറിയൊരു ശതമാനം പോലും ഇപ്പോൾ പോലീസിനു മുന്നിൽ മൊഴി നൽകാനും പരാതിപ്പെടാനും തയ്യാറല്ല.
അതിക്രമത്തിന് ഇരകളായവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമോ എന്ന ഭയത്താലാണ് ഇതെന്ന് വ്യാഖ്യാനിക്കാമെങ്കിലും മിക്കവരെയും അനുനയിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം, പരാതി കിട്ടിയാൽ മാത്രം അന്വേഷിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയതും വമ്പന്മാരെ രക്ഷിക്കാനാണെന്ന് വ്യക്തം.
ലൈംഗിക ആരോപണം ഹേമാ കമ്മിറ്റിക്ക് മുന്നിൽ ഉന്നയിച്ചവരെ സംഘം കാണില്ല. അവരിൽ നിന്ന് മൊഴിയെടുക്കില്ല. കമ്മിറ്റി റിപ്പോർട്ട് ആധാരമാക്കി ഒരു അന്വേഷണവുമില്ല.
ഇപ്പോൾ മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നവരെ സംഘം ഫോണിൽ വിളിക്കും. മൊഴി നൽകാൻ സന്നദ്ധരായാൽ മാത്രം മൊഴിയെടുക്കും. അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും കേസും നടപടികളുമുണ്ടാവും.
സിദ്ധിഖിനെതിരേ ആരോപണമുന്നയിച്ച യുവനടി ഇത്തരത്തിൽ പരാതി നൽകാൻ തയ്യാറാണെന്ന് ഐ.പി.എസ് സംഘത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ സിദ്ധിഖിനെതിരേ കേസും നടപടികളും തുടരാനാണ് തീരുമാനം. എന്നാൽ വൻ താരങ്ങൾക്കെതിരേ ആരോപണമുന്നയിച്ചവരെല്ലാം പരാതി നൽകാതെ പിന്മാറുകയാണ്.
തൊടുപുഴയിലെ ഷൂട്ടിംഗിനിടെ തന്നെ കടന്നുപിടിച്ച സൂപ്പർ താരത്തിനെതിരേ ആരോപണമുന്നയിച്ച നടി ഇത്തരത്തിൽ പരാതിക്കോ മൊഴി നൽകാനോ തയ്യാറല്ലെന്ന് പോലീസിനെ അറിയിച്ചു കഴിഞ്ഞു.
പരാതിയും കേസുമില്ലാതെ ഒതുക്കിയാൽ കൈനിറയെ ചിത്രങ്ങളും ശോഭനമായ ഭാവിയുമാണ് വാഗ്ദാനം. ആരോപണമുന്നയിച്ച യുവനടിമാരെയെല്ലാം ഇത്തരത്തിൽ അനുനയിപ്പിക്കാനാണ് ശ്രമം. ഇതിനുള്ള സമയമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ വൈകിപ്പിക്കുന്നതിലൂടെ സർക്കാർ നൽകുന്നത്.
വെളിപ്പെടുത്തലുകളിൽ ഉറച്ചുനിൽക്കുകയും നിയമനടപടികളുമായി സഹകരികരിക്കാൻ സന്നദ്ധരാവുകയും ചെയ്യുന്നെങ്കിലേ അന്വേഷണം തുടരൂ. ഭാവിയിലെ മൊഴിമാറ്റവും തെളിവില്ലാതെ കേസ് ചീറ്റിപ്പോവുന്നതും ഒഴിവാക്കാനാണിത്.
ആരോപണങ്ങളുന്നയിച്ചവരെ സംഘം നേരിൽകാണും. പരാതിയുണ്ടെങ്കിൽ കേസെടുക്കും. സംഘത്തിലെ വനിതാഉദ്യോഗസ്ഥരായ ഡി.ഐ.ജി എസ്.അജീതാബീഗം, എസ്.പിമാരായ ജി.പൂങ്കുഴലി, മെറിൻജോസഫ്, ഐശ്വര്യഡോംഗ്രെ എന്നിവരാവും നേരിട്ടുള്ള അന്വേഷണവും മൊഴിയെടുപ്പും തെളിവെടുപ്പും നടത്തുക.
അതേസമയം, പരാതിയില്ലെങ്കിലും പോലീസിന് കേസെടുക്കാനാവുന്ന കൊഗ്നിസിബിൾ ഒഫൻസുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു. കൊച്ചിയിൽ യുവതിയെ പ്രതിശ്രുതവരൻ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ തനിക്ക് പരാതിയില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞിട്ടും സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പോലീസ് മർദ്ദിച്ചവർക്കെതിരേ കേസെടുത്തിരുന്നു.
എല്ലാ ക്രിമിനൽ കേസുകളിലും വാദിയുടെ സ്ഥാനത്ത് സ്റ്റേറ്റാണ്. അതിനാൽ പരാതി ഇല്ലെങ്കിൽ പോലും പോലീസിന് കേസെടുക്കാവുന്നതേയുള്ളൂ. എന്നാൽ ഇതെല്ലാം മറന്നാണ് അതിക്രമത്തിന് വിധേയരായ നടിമാർ പോലീസിലെത്തി പരാതി നൽകുകയും വിശദമായ മൊഴി നൽകുകയും ചെയ്താലേ എന്ന പോലീസിന്റെ നിലപാട് നിയമവിധേയമല്ല എന്നാണ് വിലയിരുത്തുന്നത്. എന്നാൽ വൻ താരങ്ങളെയടക്കം രക്ഷപെടുത്താനുള്ള തന്ത്രമാണിതെന്നും വിലയിരുത്തപ്പെടുന്നു.