/sathyam/media/media_files/7VmLZ7msbHBH9tvnKvR5.jpg)
തിരുവനന്തപുരം: നടിയുടെ പരാതിയിൽ ലൈംഗിക പീഡനത്തിന് ജാമ്യമില്ലാ കേസെടുത്ത കൊല്ലം എം.എൽ.എ മുകേഷിന്റെ അറസ്റ്റ് ഈ കേസിൽ അനിവാര്യമാണ്. ജീവപര്യന്തം തടവുശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെന്നതിനാലാണ് അറസ്റ്റ് നിർബന്ധമാവുന്നത്.
എം.എൽ.എ ആയതിനാൽ മുകേഷിന് നിയമപരിരക്ഷ ഇല്ല. അറസ്റ്റിന് സ്പീക്കറുടെ മുൻകൂർ അനുമതിയും വേണ്ട. അറസ്റ്റ് ചെയ്ത ശേഷം സ്പീക്കറുടെ ഓഫീസിൽ വിവരമറിയിച്ചാൽ മതിയാവും. കൊല്ലത്ത് നിന്ന് രണ്ടാംവട്ടം എം.എൽ.എയായ മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നുണ്ട്.
എന്നാൽ ഈ ഘട്ടത്തിൽ രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്നതും മുകേഷിനെതിരേ കൊല്ലത്ത് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലുമുള്ള എതിർവികാരവും ഈ ഘട്ടത്തിൽ തിരിച്ചടിയാവുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. അതിനാൽ അറസ്റ്റ് ചെയ്യപ്പെട്ടാലും മുകേഷ് നിയമസഭാ അംഗത്വം രാജിവയ്ക്കാൻ ഇടയില്ല.
മുൻപ് പീഡനക്കേസുകളിൽ പ്രതികളായ എൽദോസ് കുന്നപ്പള്ളിൽ, എം.വിൻസെന്റ് എന്നീ കോൺഗ്രസ് എം.എൽഎമാർ അക്കാലത്ത് രാജിവച്ചിരുന്നില്ലെന്ന ന്യായം ഉയർത്തിയാവും മുകേഷിനെ പാർട്ടി പ്രതിരോധിക്കുക.
കോടതി ശിക്ഷിക്കും വരെ കുറ്റവാളിയെന്ന് മുദ്രകുത്താനാവില്ലെന്ന ന്യായവും ഉന്നയിക്കും. എന്നാൽ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാനാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന മുകേഷിന്റെ പരാതിയും പോലീസിന് മുന്നിലുണ്ട്.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. മാനഭംഗം, വധശ്രമം എന്നിവ ഉൾപ്പടെ എട്ടു വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഏഴാം കോടതിയിലാണ് കുറ്റപത്രം നൽകിയത്.
സുഹൃത്തുക്കളായ എറണാകുളം മുടിക്കൽ ചെറുവേലിക്കുന്ന് സ്വദേശി റെനീഷ, പാങ്ങോട് ശ്രീചിത്രാനഗർ സ്വദേശി സിപ്പി നൂറുദ്ദീൻ എന്നിവരെയും പ്രതികളാക്കിയിട്ടുണ്ട്. അഞ്ചുവർഷമായി പരിചയമുള്ള യുവതിയെ എൽദോസ് കുന്നപ്പിള്ളി തട്ടിക്കൊണ്ടുപോയി ഒന്നിലധികം തവണ പീഡിപ്പിച്ചെന്നും ഒരിക്കൽ കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കുറ്റപത്രത്തിലുള്ളത്. മറ്റുള്ളവർ യുവതിയെ ഭീഷണിപ്പെടുത്തി.
യുവതിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച എൽദോസ് കുന്നപ്പിള്ളി 2022 ഒക്ടോബർ 14ന് താമസ സ്ഥലത്തുനിന്ന് യുവതിയെ തട്ടിക്കൊണ്ടുപോവുകയും കോവളം ബിച്ചിലേക്ക് പോകുന്ന ഭാഗത്തെ പാറക്കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കോവളം സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്നും ഇതേക്കുറിച്ച് സംസാരിക്കാൻ ജിഷ്ണു എന്നയാളെ കാറുമായി അയയ്ക്കുമെന്നും എൽദോസ് ഫോൺ വിളിച്ച് അറിയിച്ചെന്ന് നേരത്തേ പരാതിക്കാരി മൊഴി നൽകിയിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ ഹണിട്രാപ്പിൽ കുടുക്കുമെന്ന് അവിടെയുണ്ടായിരുന്ന അഭിഭാഷകൻ ഭീഷണിപ്പെടുത്തി.
മുദ്രപ്പത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അതു നിരസിച്ചപ്പോൾ എം.എൽ.എ അസഭ്യം വിളിച്ചു. തല കുനിച്ചുവച്ച് കഴുത്തിനുതാഴെ കൈമടക്കി ഇടിച്ചു. ചുരിദാറിലും തലമുടിയിലും പിടിച്ചുവലിച്ചു. ചുരിദാറിന്റെ പിൻവശം കീറി. മുടിയിലും ചുരിദാറിലും പിടിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടീക്കാൻ ശ്രമിച്ചു.
എം.എൽ.എയുടെ പി.ആർ ജോലി ചെയ്തതിന്റെ ശമ്പളം കിട്ടാത്തതിനാലാണ് കള്ളക്കേസ് കൊടുത്തതെന്നാണ് മുദ്രപ്പത്രത്തിലുണ്ടായിരുന്നത്. ചുരിദാറിന്റെ ഷാൾ അടക്കം കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. പിന്നീട് ശക്തിയായി തറയിലേക്ക് തള്ളിയിട്ടു.
വീഴ്ചയിൽ കൈമുട്ടിന് പരിക്കേറ്റു. ലോഡ്സ് ആശുപത്രിക്കു സമീപം ഇരയെ റോഡിൽ തള്ളിയിട്ടശേഷം അവർ കാർ ഓടിച്ചുപോയി. എം.എൽ.എയെ പേടിച്ചാണ് വിവരം പൊലീസ് സ്റ്റേഷനിൽ പറയാതിരുന്നതെന്നും മൊഴി നൽകിയിരുന്നു.
അതേസമയം, അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിലാണ് കോവളം എംഎൽഎ എം.വിൻസന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇത്തരം കേസുകളിൽ സംസ്ഥാനത്ത് ആദ്യമായാണ് ഒരു എംഎൽഎ അറസ്റ്റിലായത്. അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നു ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ ആറാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വിൻസന്റിനെതിരെ അവരുടെ ഭർത്താവു പൊലീസിനു പരാതി നൽകിയതാണു കേസിന്റെ തുടക്കം. ബോധം തിരിച്ചുകിട്ടിയ വീട്ടമ്മയുടെ മൊഴി രണ്ടാം ദിവസം മജിസ്ട്രേട്ട് രേഖപ്പെടുത്തി. വിൻസന്റ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി. വിവാദമായതോടെ അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
വീട്ടമ്മയിൽ നിന്നു മൊഴിയെടുത്ത സംഘം വിൻസന്റിനെ എംഎൽഎ ഹോസ്റ്റലിൽ ചോദ്യംചെയ്തു. വീട്ടമ്മയും വിൻസന്റും 328 തവണ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ പൊലീസ് ശേഖരിച്ചു. ഇതിൽ 126 തവണയാണു വിൻസന്റ് വിളിച്ചത്. 13 മിനിറ്റ് ദൈർഘ്യമുള്ള വിളി ഒഴികെയുള്ളവ അഞ്ചു മിനിറ്റിൽ താഴെയാണ്.
പീഡനവിവരം വീട്ടമ്മ തങ്ങളോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പുരോഹിതനും കന്യാസ്ത്രീയും മൊഴിനൽകിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. വിൻസന്റിനോടു പേരൂർക്കട പൊലീസ് ക്യാംപിൽ എത്താൻ നിർദേശിച്ച അന്വേഷണസംഘം എംഎൽഎ ക്യാംപിൽ എത്തി മിനിറ്റുകൾക്കുള്ളിൽ അറസ്റ്റ് രേഖപ്പെടുത്തി.
ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനത്തിലാണു വിൻസന്റിനെ വൈദ്യപരിശോധനയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊണ്ടുപോയത്. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. സമാനമായ നടപടികൾ മുകേഷിനെതിരെയും വേണ്ടിവരും.