സിനിമാ പീഡനത്തിൽ പരാതികളുടെ കുത്തൊഴുക്ക്. കൂടുതൽ കേസുകൾ ഉടനെന്ന് അന്വേഷണ സംഘം. രജിസ്റ്റർ ചെയ്യുന്ന ഓരോ കേസിലും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ. സിദ്ധിഖിനെതിരേ സാഹചര്യതെളിവുകൾ ശക്തം. മാസ്കറ്റ് ഹോട്ടലിലെ രേഖകൾ പിടിച്ചെടുക്കും. ജയസൂര്യയ്ക്കെതിരെ രണ്ടാം കേസും. സെക്രട്ടേറിയറ്റിലെ അതിക്രമത്തിൽ കടുത്ത നടപടിക്ക് സർക്കാർ നിർദ്ദേശം. രഹസ്യമൊഴി കിട്ടിയാലുടൻ അറസ്റ്റിന് പോലീസ് നീക്കം

കൊച്ചിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെയെല്ലാം അന്വേഷണത്തിന് എസ്.പിമാരായ ജി.പൂങ്കുഴലി, ഐശ്വര്യ ഡോംഗ്രെ എന്നിവർ മേൽനോട്ടം വഹിക്കും. തിരുവനന്തപുരത്തെ കേസുകൾക്ക് ഡി.ഐ.ജി അജീതാബീഗവും എസ്.പി മെറിൻജോസഫും മേൽനോട്ടം വഹിക്കും. മൊത്തം കേസുകളുടെ ഏകോപന ചുമതല അജീതാ ബീഗത്തിനാണ്.

New Update
jayarurya siddique

തിരുവനന്തപുരം: സിനിമാചർച്ചയ്ക്കായി വിളിച്ചുവരുത്തി ഹോട്ടലിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയിൽ രഹസ്യമൊഴി കോടതിയിൽ നിന്ന് ലഭിച്ചാലുടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ടൂറിസം വകുപ്പിന്റെ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

Advertisment

പരാതിക്കാരിയുടെ മൊഴി ഇന്നലെ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് അഞ്ചാം കോടതി മജിസ്ട്രേറ്റ് എസ്. അശ്വതിനായർ രേഖപ്പെടുത്തി. മ്യൂസിയം സി.ഐയാണ് രഹസ്യമൊഴിയെടുക്കാൻ അപേക്ഷ നൽകിയിരുന്നത്. വൈകിട്ട് അഞ്ചേകാലിന് രക്ഷിതാക്കൾക്കും വനിതാ പൊലീസുദ്യോഗസ്ഥർക്കുമൊപ്പം പരാതിക്കാരി കോടതിയിലെത്തി.


വൈകിട്ട് 6.10 മുതൽ ഒന്നരമണിക്കൂറെടുത്താണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പ്ലസ്ടുക്കാലത്ത് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട സിദ്ദിഖ്, 2016ൽ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ നിളാ തീയറ്ററിലെ പ്രിവ്യൂഷോ കഴിഞ്ഞ് സിനിമാ ചർച്ചയ്ക്കായി മാസ്കോട്ട് ഹോട്ടലിലേക്ക് ക്ഷണിക്കുകയും ഹോട്ടലിലെത്തിയ തന്നെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നെന്നാണ് നടിയുടെ പരാതി. മൊഴിപ്പകർപ്പ് ലഭിച്ചാലുടൻ ഹോട്ടൽ രേഖകളും പരിശോധിച്ച് അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ തീരുമാനം.


ഈ കേസിൽ സിദ്ദിഖിനെതിരേ സാഹചര്യതെളിവുകൾ ശക്തമാണെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. 2016 ജനുവരി 28ന് സിദ്ദിഖ് മുറിയെടുത്തതെന്ന് ഹോട്ടൽ രേഖകളിലുണ്ട്. ഇതേദിവസമാണ് നിളാ തീയറ്റിറിൽ സിനിമയുടെ പ്രിവ്യൂ നടന്നത്. ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് പീഡനമുണ്ടായതെന്നാണ് പരാതിക്കാരിയുടെ മൊഴി.

2018ൽ സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയതിനാൽ ബുക്കിംഗ്, ബില്ലിംഗ് സംവിധാനത്തിലെ ഡിജിറ്റൽ തെളിവുകളില്ല. താമസക്കാരുടെ പൂർണവിവരങ്ങളടങ്ങിയ മാന്വൽ രജിസ്റ്റർ പൊലീസ് ആവശ്യപ്പെട്ടു. അന്നത്തെ ജീവനക്കാരുടെ വിശദമൊഴിയെടുക്കും. രണ്ടുപേരുടെയും മൊബൈൽ ലൊക്കേഷൻ വിവരങ്ങളും ശേഖരിക്കും.

നിളാ തീയറ്ററിൽ പ്രിവ്യൂവിനുണ്ടായിരുന്ന പരാതിക്കാരിയുടെ മാതാപിതാക്കളുടെയും ചടങ്ങിനെത്തിയ മറ്റുള്ളവരുടെയും മൊഴിയുമെടുക്കും. സന്ദർശക രജിസ്റ്ററിൽ ഒപ്പിട്ടശേഷം ഒന്നാം നിലയിലെ സിദ്ദിഖിന്റെ മുറിയിലേക്കു പോയെന്നാണ് മൊഴി. രജിസ്റ്റർ കെ.ടി.ഡി.സി ആസ്ഥാനത്താണെന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചത്. ഇത് ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.


തനിക്കെതിരായ പരാതിയുടെയും എഫ്.ഐ.ആറിന്റെയും പകർപ്പാവശ്യപ്പെട്ട് സിദ്ദിഖ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷനൽകി. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന ബലാത്സംഗക്കുറ്റമടക്കം ചുമത്തിയാണ് സിദ്ദിഖിനെതിരേ കേസ്. തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ വകുപ്പുകളുമുണ്ട്.


അതിനിടെ, സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരേ 2 കേസെടുത്തു. 7വർഷം വരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന സ്ത്രീത്വത്തെ അപമാനിക്കൽ (ഐ.പി.സി-354), 5വർഷം തടവുശിക്ഷ കിട്ടാവുന്ന ലൈംഗിക അതിക്രമം (354-എ), ഐ.പി.സി- 509 വകുപ്പുകളാണ് ചുമത്തിയത്. പൊലീസിന്റെ അപേക്ഷയിൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കെ.ജി രവിത പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും.


വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.


കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ്  സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.

2008ൽ സിനിമാചിത്രീകരണത്തിനിടെ, സെക്രട്ടേറിയറ്റിലെ ഇടനാഴിയിൽ വച്ച് ജയസൂര്യ കടന്നു പിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു ആദ്യ പരാതി. നടിയുടെ മൊഴി ഡി.ഐ.ജി അജീതാബീഗം, എസ്.പി ജി.പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസെടുത്തത്.

തനിക്കെതിരായ അതിക്രമം ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്ന ഏതാനും പേരെ അറിയിച്ചെന്നും ചിലർ തന്നെ ആശ്വസിപ്പിച്ചെന്നും പരാതിക്കാരി മൊഴിനൽകിയിട്ടുണ്ട്. ഇവരെ നേരിൽകണ്ട് പൊലീസ് വിവരംതേടി. ചിത്രത്തിന്റെ സംവിധായകൻ ബാലചന്ദ്രമേനോന്റെയും അണിയറ പ്രവർത്തകരുടെയും മൊഴിയെടുക്കും.

ചിത്രത്തിന്റെ ഒരു ഭാഗം സെക്രട്ടേറിയറ്റിൽ ചിത്രീകരിക്കാൻ അനുമതി നൽകിയുള്ള ഉത്തരവ് ഹാജരാക്കാൻ പൊതുഭരണ വകുപ്പിനോടും പൊലീസ് നിർദ്ദേശിച്ചു. സെക്രട്ടേറിയറ്റിൽ വച്ച് നടന്ന അതിക്രമമായതിനാൽ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.


സിനിമാ മേഖലയിലെ ലൈംഗിക പീഡന പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ കേസിലും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കും. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാവും അന്വേഷണം. മുകേഷിനെതിരായ കേസ് ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലും ജയസൂര്യ, സിദ്ദിഖ് എന്നിവർക്കെതിരായ കേസുകൾ കന്റോൺമെന്റ് അസി.കമ്മിഷണറുടെ നേതൃത്വത്തിലുമാവും അന്വേഷിക്കുക.


കൊച്ചിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെയെല്ലാം അന്വേഷണത്തിന് എസ്.പിമാരായ ജി.പൂങ്കുഴലി, ഐശ്വര്യ ഡോംഗ്രെ എന്നിവർ മേൽനോട്ടം വഹിക്കും. തിരുവനന്തപുരത്തെ കേസുകൾക്ക് ഡി.ഐ.ജി അജീതാബീഗവും എസ്.പി മെറിൻജോസഫും മേൽനോട്ടം വഹിക്കും. മൊത്തം കേസുകളുടെ ഏകോപന ചുമതല അജീതാ ബീഗത്തിനാണ്.

അന്വേഷണത്തിന്റെ പ്രോട്ടോക്കോളടക്കം വിശദീകരിച്ച് ഇന്നലെ സർക്കുലർ ഇറക്കിയിട്ടുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തിയ ശേഷം പരമാവധി തെളിവുകൾ ശേഖരിച്ച് അറസ്റ്റ് അടക്കം നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം.

Advertisment