"മോഹൻലാൽ വരുമോ ഇല്ലയോ" എന്ന കാത്തിരിപ്പിൽ തലസ്ഥാനം. സിനിമയിലെ ലൈംഗിക ആരോപണത്തിൽ കമാ എന്ന് മിണ്ടാതിരുന്ന മോഹൻലാൽ നിശാഗന്ധിയിലെ ചടങ്ങിൽ നിലപാട് വ്യക്തമാക്കുമോ എന്ന് കണ്ടറിയണം. ഒരു ലക്ഷം രൂപയുടെ പുരസ്കാരം പിണറായിയിൽ നിന്ന് ഏറ്റുവാങ്ങാൻ ലാൽ വരുമോ ? നിശാഗന്ധിയിലേക്ക് വനിതാ സംഘടനകളുടെ പ്രതിഷേധത്തിനും സാദ്ധ്യത

ഹേമാകമ്മിറ്റി റിപ്പോർട്ടിലും അതേത്തുടർന്നുണ്ടായ ലൈംഗിക വിവാദങ്ങളിലും മോഹൻലാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജിവിവരം പോലും ഒരു പത്രക്കുറിപ്പിറക്കി അറിയിക്കുകയായിരുന്നു മോഹൻലാൽ.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
mohanlal amma

തിരുവനന്തപുരം: മോഹൻലാൽ വരുമോ ഇല്ലയോ എന്ന കാത്തിരിപ്പിലാണ് തലസ്ഥാനം. ഇത് ഏതെങ്കിലും സിനിമാ ഡയലോഗല്ല. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാരം നാളെ (ആഗസ്റ്റ് 31) വൈകിട്ട് 5.30ന് നടൻ മോഹൻലാലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുകയാണ്.

Advertisment

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. നിശാഗന്ധിയിൽ നടക്കുന്ന 'ശ്രീമോഹനം" പരിപാടിയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ശ്രീകുമാരൻ തമ്പിയെ ആദരിക്കും. സിനിമയിലെ വിവാദ പരമ്പരകളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ ഈ ചടങ്ങിൽ പങ്കെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


മോഹൻലാൽ പ്രസിഡന്റായിരുന്ന താരസംഘടന അമ്മയുടെ ഭരണസമിതി വിവാദങ്ങളെത്തുടർന്ന് ഒന്നാകെ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഹേമാകമ്മിറ്റി റിപ്പോർട്ടിലും അതേത്തുടർന്നുണ്ടായ ലൈംഗിക വിവാദങ്ങളിലും മോഹൻലാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജിവിവരം പോലും ഒരു പത്രക്കുറിപ്പിറക്കി അറിയിക്കുകയായിരുന്നു മോഹൻലാൽ.

ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. എന്തായാലും മോഹൻലാൽ വരുമെന്ന കണക്കുകൂട്ടലിൽ തിരുവനന്തപുരം നിശാഗന്ധിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

നിശാഗന്ധിയിലെ തുറന്ന വേദിയായതിനാൽ ‌‌‌‌‌‌അവിടേക്ക് സ്ത്രീ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യതയും പോലീസ് മുന്നിൽ കാണുന്നുണ്ട്. അതിനാൽ ചടങ്ങ് കനത്ത പോലീസ് കാവലിലായിരിക്കും.

മോഹൻലാൽ എത്തുകയാണെങ്കിൽ അദ്ദേഹത്തെ വേദിയിലെത്തിക്കാൻ സുരക്ഷിത ഇടനാഴി ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ പങ്കെടുക്കുന്ന ആദ്യ ചടങ്ങിയതിനാൽ മാദ്ധ്യമങ്ങളുടെ ബാഹുല്യവും ചടങ്ങിൽ പ്രതീക്ഷിക്കുന്നുണ്ട്.

ലൈംഗികാപവാദങ്ങളിൽ ആടിയുലഞ്ഞതോടെ താരസംഘടനയായ അമ്മയുടെ ഭരണസമിതി മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് പിരിച്ചുവിട്ടത്. സംഘടനയിലെ ഭിന്നതയും കൂട്ടരാജിക്ക് കാരണമായി. പീഡനാരോപണം നേരിട്ട സിദ്ദിഖ് നേരത്തേ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.


അമ്മ ഭരണസമിതി പിരിച്ചുവിടും മുമ്പ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയിൽ കൂട്ടരാജിയാണ് ഉചിതമെന്ന് ധാരണയിലെത്തുകയായിരുന്നു. ഇനിയും ആക്രമണം വരുമെന്നും നമ്മൾ ഒഴിഞ്ഞുനിൽക്കുന്നതാണ് ഉചിതമെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. പുതിയ തലമുറ വരട്ടെയെന്നും ലാൽ പറഞ്ഞിരുന്നു.


അംഗങ്ങൾക്കെതിരെ ലൈംഗീകാരോപണങ്ങൾ ഒന്നിനു പുറതെ ഒന്നായി വരുമ്പോഴും പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാൽ പ്രതികരിക്കാത്തതിനെതിരെയും മുറുമുറുപ്പുകൾ ഉയർന്നിരുന്നു. സ്ത്രീകൾക്ക് പ്രധാന്യമുള്ള നേതൃത്വം വരണമെന്നുള്ള അഭിപ്രായം ഉയർന്നുവന്നിട്ടുമുണ്ട്.

ഇതുവരെ പ്രതികരിക്കാത്ത മോഹൻലാൽ തലസ്ഥാനത്തെ പരിപാടിയിൽ സ്വന്തം നിലപാട് പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ശാരീരിക അവശതകൾ കാരണം ചികിത്സയിലായിരുന്ന ലാൽ, ആ കാരണത്താൽ ചടങ്ങിൽ പങ്കെടുക്കാതിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.