/sathyam/media/media_files/YD4SPx81EkMZlgT0IOez.jpg)
തിരുവനന്തപുരം: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ വ്യാജ പീഡന പരാതികളുന്നയിച്ച് കുളംകലക്കി രക്ഷപെടാൻ യഥാർത്ഥ വില്ലന്മാരുടെ ശ്രമം. മലയാള സിനിമയിലെ സൂപ്പർ താരങ്ങളടക്കം ഉന്നതന്മാർ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടതായാണ് വിവരം.
റിപ്പോർട്ട് പുറത്തുവിടാതെ 5 വർഷത്തോളം പൂഴ്‍ത്തിവച്ച സർക്കാർ സൂപ്പർ താരങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകി. പരാതി ഉന്നയിച്ചവരെ പണവും സിനിമയിൽ അവസരങ്ങളും നൽകി ഒതുക്കാൻ ആവശ്യമായ സമയം നൽകി. എന്നിട്ടും റിപ്പോർട്ട് പുറത്തു വന്നശേഷം നിരവധി ആരോപണങ്ങൾ ഉയർന്നു.
സംവിധായകൻ രഞ്ജിത്ത്, നടന്മാരായ മുകേഷ്, ഇടവേള ബാബു, സിദ്ധിഖ്, ജയസൂര്യ അടക്കമുള്ളവർക്കെതിരേ കേസുമായി. ഇതോടെയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമില്ലാത്ത യുവനടന്മാരെക്കൂടി ആരോപണ മുനയിലാക്കി കുളംകലക്കാൻ സൂപ്പർ താരങ്ങൾക്കായി ചിലർ രംഗത്തിറങ്ങിയത്.
നിവിൻ പോളിക്കെതിരായ പീഡന പരാതി അത്തരത്തിൽ കെട്ടിച്ചമച്ചതാണെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്. എല്ലാം വ്യാജമാണെന്ന് വരുത്തിത്തീർത്ത് ഭാവിയിൽ ആരോപണങ്ങളുണ്ടായാലും തലയൂരാനാണ് സിനിമയിലെ ഉന്നതരുടെ ശ്രമം.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് വ്യക്തിവൈരാഗ്യം തീർക്കാനും പ്രതിച്ഛായ തകർക്കാനും പൊലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നത് സർക്കാർ ഗൗരവമായി കാണണമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു കഴിഞ്ഞു.
ആർക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാമെന്ന സ്ഥിതി സിനിമയെ മാത്രമല്ല. സമൂഹത്തെ സാരമായി ബാധിക്കുമെന്ന് സെക്രട്ടറി ബി. രാകേഷ് പത്രക്കുറിപ്പിൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം പൊലീസ് അന്വേഷണവും കോടതി നടപടികളും തുടരുകയാണ്. ലൈംഗിക പീഡനപരാതികളിൽ ആരോപിതർ തെറ്റു ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. സാഹചര്യം മുതലെടുത്ത് വ്യാജപീഡന പരാതികൾ ഉയരുന്നത് ഭയപ്പെടുത്തുന്നതാണ്.
റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്ന സംഭവ വികാസങ്ങളിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് യുവതിയെ ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടൻ നിവിൽ പോളിയടക്കം ആറുപേർക്ക് എതിരെ പൊലീസ് കേസെടുത്തത്.
എറണാകുളം നേര്യമംഗലം സ്വദേശിനി തിരുവനന്തപുരത്ത് എത്തി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദേശജോലി റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ശ്രേയയെന്ന യുവതിയാണ് ഒന്നാം പ്രതി. ആറാം പ്രതിയാണ് നിവിൻ പോളി. നിർമതാവ് എ.കെ. സുനിൽ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ.
പീഡനം, കൂട്ടബലാൽത്സംഗം, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻപോളിക്കെതിരെ കേസെടുത്തത്.
യൂറോപ്പിൽ ജോലിക്കായാണ് യുവതി ശ്രേയയെ സമീപിക്കുന്നത്. എന്നാൽ യൂറോപിലേക്ക് പോകാൻ സാധിച്ചില്ല. തുടർന്ന് ദുബായിലേക്ക് ഇവരെ കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് യുവതി മൊഴിയിൽ പറയുന്നത്.
എന്നാൽ ദുബായിൽ ലൈംഗികപീഡനം നടന്നുവെന്ന് യുവതി ആരോപിച്ച ദിവസം നടൻ നിവിൻ പോളി തനിക്കൊപ്പം കൊച്ചിയിൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ വെളിപ്പെടുത്തുകയും അതിന്റെ തെളിവുകൾ പുറത്തുവിടുകയും ചെയ്തതോടെ പരാതി വ്യാജമാണെന്ന് ഉറപ്പായി.
താൻ സംവിധാനംചെയ്ത ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊച്ചി ന്യൂക്ലിയസ് മാൾ, ക്രൗൺപ്ലാസ ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു ആ ദിവസം നിവിൻ എന്നും വിനീത് വ്യക്തമാക്കി.
2023 ഡിസംബർ 14-ന് ഉച്ചകഴിയുംവരെ കൊച്ചി ന്യൂക്ലിയസ് മാളിലെ തിയേറ്ററിനുള്ളിലായിരുന്നു ഷൂട്ടിങ്. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളുമുണ്ടായിരുന്നു. നിവിൻ സെറ്റിലുണ്ടായിരുന്നു എന്നതിന് ഇവരും സാക്ഷികളാണ്.
അതിനുശേഷം ക്രൗൺ പ്ലാസയിലേക്കുപോയി. അവിടെ പിറ്റേന്ന് പുലർച്ചെവരെ ചിത്രീകരണം നീണ്ടു. മൂന്നരമണിയെങ്കിലുമായി പിരിഞ്ഞപ്പോൾ -വിനീത് വ്യക്തമാക്കി.
‘വർഷങ്ങൾക്കുശേഷം’ സിനിമയുടെ നിർമാതാക്കൾ നിവിൻ പോളിക്കായി ക്രൗൺ പ്ലാസ ഹോട്ടലിൽ ഡിസംബർ 14, 15 തീയതികളിൽ മുറിയെടുത്തതിന്റെ ബില്ലും പുറത്തുവന്നിട്ടുണ്ട്.
ഡിസംബർ 15, 16 തീയതികളിൽ നിവിൻ പോളി ആലുവയിൽ ‘ഫാർമ’ എന്ന വെബ് സീരീസ് ഷൂട്ടിങ്ങിനുണ്ടായിരുന്നെന്ന് അതിന്റെ സംവിധായകൻ പി.ആർ. അരുണും പറഞ്ഞു.
ഡിസംബർ 14 മുതൽ 16 വരെ ദുബായിലെ ഹോട്ടൽമുറിയിൽ നിവിൻ പോളിയും സംഘവും പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് യുവതി പോലീസിനു നൽകിയ പരാതിയിലും മാധ്യമങ്ങളോടും പറഞ്ഞത്.
തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ നേരിട്ടു കാണുകയോ ഫോൺ വിളിക്കുകയോ വാട്സ് ആപ്പിൽ സന്ദേശം അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് നടൻ നിവിൻ പോളി അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
മന:പൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. പരാതി നൂറുശതമാനവുംഅടിസ്ഥാന രഹിതമാണ്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് നിയമം അതിന്റെ വഴിക്ക് പോകട്ടെ.
സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. അന്വേഷണവുമായി പൂർണമായും സഹകരിക്കും- നിവിൻ വ്യക്തമാക്കി. എന്തായാലും നിവിൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പീഡനക്കേസ് പരാതി കെട്ടിച്ചമച്ചതാണോയെന്ന് പോലീസ് വിശദമായി അന്വേഷിക്കും.