/sathyam/media/media_files/ay2iIKRL3b7wev7SYnKw.jpg)
തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്താനുള്ള പോലീസ് മേധാവിയുടെ ശുപാർശ തള്ളിക്കളഞ്ഞ് എഡിജിപി എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുന്നത് കോടതിയിൽ സർക്കാരിന് തിരിച്ചടിയാവും.
പി.വി അൻവർ എംഎൽഎ ഉന്നയിച്ച സ്വർണക്കടത്ത്, ആളെക്കൊല്ലിക്കൽ, അധോലോക ആരോപണങ്ങളിൽ കീഴുദ്യോഗസ്ഥരുൾപ്പെട്ട സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ചതിലും സർക്കാർ കോടതിയിൽ പ്രതിരോധത്തിലാവും.
ആരോപണങ്ങൾ ഡിജിപി റാങ്കുള്ള ഫയർഫോഴ്സ് മേധാവി കെ.പദ്മകുമാർ അന്വേഷിക്കാനും ആരോപണങ്ങളിൽ വസ്തുത കണ്ടെത്തിയാൽ കേസെടുക്കാനുമായിരുന്നു ഡിജിപിയുടെ ശുപാർശ. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേശിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കാനും അജിത്തിനെ ജയിൽ മേധാവിയാക്കി, അവിടെനിന്ന് ബൽറാംകുമാർ ഉപാദ്ധ്യായയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനുമായിരുന്നു ഡിജിപിയുടെ ശുപാർശ. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞാണ് അജിത്തിന് സർക്കാർ സംരക്ഷണമൊരുക്കിയത്.
അജിത്തിനെതിരായ ആരോപണങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷകർധാമിയെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി വിധിപറഞ്ഞതാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. മുഖ്യമന്ത്രി ആയതുകൊണ്ട് എന്തും ചെയ്യാമെന്ന് കരുതരുതെന്നും തോന്നിയതൊക്കെ ചെയ്യാൻ ഭരണത്തലവന്മാർ ഫ്യൂഡൽ രാജാക്കന്മാരല്ലെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.
ജിം കോർബറ്റ് ടൈഗർ റിസർവിൽ നിന്ന് മരം മുറിച്ചു കടത്തിയെന്നതുൾപ്പെടെ ഗുരുതര ആരോപണങ്ങൾക്ക് വകുപ്പുതല അന്വേഷണം നേരിടുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ രാഹുലിനെ രാജാജി ടൈഗർ റിസർവിന്റെ ഡയറക്‌ടറായി നിയമിച്ച മുഖ്യമന്ത്രിയുടെ നടപടിയാണ് സുപ്രീംകോടതി വിമർശിച്ചത്.
നിയമനം നടത്തരുതെന്ന് സംസ്ഥാന വനം മന്ത്രിയുടെയും ചീഫ്സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക കുറിപ്പ് തള്ളിയാണ് മുഖ്യമന്ത്രി നിയമനം നടത്തിയത്. തമ്പുരാന്റെ ഇഷ്‌ടത്തിന് കാര്യങ്ങൾ നടക്കാൻ ഇത് ഫ്യൂഡൽ കാലമല്ല. മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് എന്തും ചെയ്യാമെന്നാണോ ? വകുപ്പ്തല നടപടി നേരിടുന്ന ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിക്കെന്താ ഇത്ര മമതയെന്നും കോടതി ചോദിച്ചു.
നല്ല ഉദ്യോഗസ്ഥനാണെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോൾ, എങ്കിൽ വകുപ്പുതല നടപടി എന്തിനെന്ന് കോടതി തിരിച്ചടിച്ചു. പ്രഥമദൃഷ്ട്യാ തെളിവില്ലാതെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമോ ? അന്വേഷണത്തിൽ കുറ്റവിമുക്തനാക്കാതെ നല്ല ഓഫീസറെന്ന സ്വഭാവ സർട്ടിഫിക്കറ്റ് നൽകരുത് - കോടതി പറഞ്ഞു.
സമാനമായ സ്ഥിതിയാണിപ്പോൾ കേരളത്തിലും. ഗുരുതരമായ ആരോപണം നേരിടുന്ന എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ തുടരാൻ അനുവദിച്ചിരിക്കുകയാണ്. തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന പോലീസ് മേധാവിയുടെ ശുപാർശ തള്ളിയാണ് മുഖ്യമന്ത്രിയുടെ ഇഷ്ടപ്രകാരം അജിത്തിനെ തുടരാൻ അനുവദിച്ചത്.
ആഭ്യന്തര സെക്രട്ടറിയും അജിത്ത് ക്രമസമാധാന ചുമതലയിൽ തുടരാൻ പാടില്ലെന്നാണ് നിലപാടെടുത്തത്. ഇക്കാര്യം മുഖ്യമന്ത്രിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിയുടെ ഇച്ഛയ്ക്ക് വഴങ്ങുകയല്ലാതെ ഉദ്യോഗസ്ഥർക്ക് മറ്റു വഴികളുണ്ടായിരുന്നില്ല.
അതേസമയം, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി, കസ്റ്റഡി മരണം, വ്യാജമായി മയക്കുമരുന്ന് കേസുകളുണ്ടാക്കൽ എന്നിങ്ങനെ സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ നിരവധി ആരോപണങ്ങൾ നേരിടുന്ന എസ്.പി സുജിത്ത്ദാസിനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിക്ക് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ശുപാർശ നൽകിയിരുന്നതാണ്.
എന്നാൽ സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്താൽ അജിത്ത് കുമാറിനെതിരെയും നടപടി വേണ്ടിവരുമെന്ന കണക്കുകൂട്ടലിൽ അത് മുഖ്യമന്ത്രി തടഞ്ഞു. എന്നാൽ ആരോപണങ്ങൾ ഓരോന്നായി പുറത്തുവരികയും കോടതിയിൽ തിരിച്ചടിയാവുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ ഇന്നലെ രാത്രി എട്ടരയോടെ ഗുരുതര ചട്ടലംഘനം നടത്തിയ എസ്.പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിടുകയായിരുന്നു.
പിടികൂടുന്ന കള്ളക്കടത്ത് സ്വർണം ഉരുക്കിമാറ്റി കോടികളുണ്ടാക്കിയെന്നും സ്വർണക്കേസുകളിലെ പ്രതികളിൽ നിന്ന് പണം വാങ്ങിയെന്നുമടക്കം ഗുരുതര ആരോപണങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സർക്കാരിന് വേറെ പോംവഴികളില്ലാതായി.
മലപ്പുറം എസ്.പിയായിരിക്കെ, എസ്.പിഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തതിന് സുജിത്തിനെതിരേ ഡി.ഐ.ജി അജീതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു. ഇതേക്കുറിച്ച് പി.വി.അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ എംഎൽഎയ്ക്ക് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺസംഭാഷണം പുറത്തുവന്നത് സേനയ്ക്ക് നാണക്കേടായിരുന്നു.
ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനവുമാണ്. സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ 60%വരെ അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വർണത്തിൽ 300 ഗ്രാംവരെ കുറവുണ്ടെന്ന് കണ്ടെത്തി സുജിത്തിനെതിരേ കസ്റ്റംസ് അന്വേഷണം തുടങ്ങി.
രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് പണംവാങ്ങിയെന്ന വെളിപ്പെടുത്തലുമുണ്ടായിട്ടുണ്ട്. ഇനിയും സംരക്ഷിച്ചാൽ സർക്കാരിന് വൻ തിരിച്ചടിയാവുമെന്ന് ഉറപ്പായതോടെയാണ് സുജിത്തിനെ മുഖ്യമന്ത്രി കൈവിട്ടത്