/sathyam/media/media_files/5B1rtSwWLw71Q9alt3mq.jpg)
തിരുവനന്തപുരം: മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ സുജിത്ത് ദാസ് അടക്കം 3 പോലീസുദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് സൂചന.
കേരളത്തെ പിടിച്ചു കുലുക്കുന്നത് എന്ന പേരിൽ വാർത്ത പുറത്തുവിട്ട റിപ്പോർട്ടർ ടി.വിയുടെ ഉടമകൾ പ്രതിയായ മുട്ടിൽ മരംമുറിക്കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വി.വി ബെന്നി അടക്കം ഉദ്യോഗസ്ഥർക്കെതിരേയാണ് ആരോപണം.
ബലാത്സംഗ ആരോപണം വ്യാജമാണെന്ന് വ്യക്തമായതോടെ, മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ പോലീസുദ്യോഗസ്ഥർക്ക് സർക്കാർ അനുമതി നൽകി. ആരോപണത്തിനെതിരേ നിയമനടപിക്കും അനുമതി നൽകും.
ആരോപണം തിരുഞ്ഞു കുത്തുമോ ?
മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾ കുടുങ്ങുമെന്നായതോടെയാണ് ഡിവൈ.എസ്.പി ബെന്നിക്കെതിരെയടക്കം ലൈംഗിക ആരോപണം കെട്ടിച്ചമച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. തിരൂർ മുൻ ഡിവൈ.എസ്.പിയായിരുന്നു ബെന്നി. മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാരടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്തത് വി.വി ബെന്നിയായിരുന്നു.
ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെങ്കിൽ വാർത്ത പ്രസിദ്ധീകരിച്ച റിപ്പോർട്ടർ ടി.വിയുടെ അധികാരികൾക്കെതിരേ കേസെടുക്കും. നേരത്തേ മന്ത്രി എ.കെ.ശശീന്ദ്രനെതിരേ വാർത്ത കെട്ടിച്ചമച്ചതിന് മംഗളം ടി.വിയുടെ സി.ഇ.ഒ അജിത്കുമാറിനെതരെയടക്കം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
ഊര്‍ജിത അന്വേഷണം !
മലപ്പുറത്തെ സ്ത്രീയുടെ പരാതിയിൽ വിശദമായ പ്രാഥമിക അന്വേഷണത്തിന് പോലീസ് തുടക്കമിട്ടു. എല്ലാ വശങ്ങളും പരിശോധിച്ചും ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ചും പരാതിയിലെ വസ്തുത കണ്ടെത്താനാണ് ശ്രമം.
ഡിവൈ.എസ്.പി ബെന്നി ചൂണ്ടിക്കാട്ടുന്നതു പോലെ, മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാൻ പ്രതികൾ പലവഴിക്ക് ശ്രമിച്ചിരുന്നു. അന്വേഷണ സംഘത്തിൽ വൻ സ്വാധീനവും ചെലുത്തി. പക്ഷേ എല്ലാ തെളിവുകളും ശേഖരിച്ച് പഴുതടച്ച അന്വേഷണം തുടരുകയായിരുന്നു ബെന്നിയും സംഘവും.
ഈ കേസിൽ പ്രതികളായ ശേഷമാണ് റിപ്പോർട്ടർ ടി.വിയുടെ നടത്തിപ്പ് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റെടുത്തത്. ഇവർക്ക് ഇപ്പോഴത്തെ വെളിപ്പെടുത്തലുമായുള്ള ബന്ധമാണ് പോലീസ് പരിശോധിക്കുന്നത്.
മരം മുറി 'പണി'യാണെന്ന് മുമ്പേ പറഞ്ഞു
മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ അനാവശ്യ വിവാദമുണ്ടാക്കി അന്വേഷണം വഴിതിരിച്ചു വിടാനും വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണത്തിൽ നിന്ന് മാറ്റണമന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈ.എസ്.പി വി.വി ബെന്നി പൊലീസ് മേധാവിക്ക് നേരത്തേ കത്ത് നൽകിയിരുന്നു.
താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വിമർശനമുയരുന്നുണ്ട്. ഇക്കാര്യത്തിൽ തന്നെയും സേനയിലെ മറ്റ് ഉദ്യോഗസ്ഥരെയും ആക്ഷേപിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിൽ മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി തുടരാൻ ബുദ്ധിമുട്ടാണെന്നും ഒഴിവാക്കണമെന്നുമാണ് ഡി വൈ.എസ്.പി ആവശ്യപ്പെട്ടത്. ഇത് ശരിവയ്ക്കുന്നതാണ് ഇന്നത്തെ വ്യാജ പീഡന ആരോപണം.
മരംമുറിയിലെ അന്തര്‍ നാടകങ്ങള്‍
മരംമുറിക്കേസിന്റെ പലഘട്ടത്തിലും പ്രതികൾ കുറ്റപത്രമൊഴിവാക്കാൻ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത്. മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് മടക്കിയിരുന്നു.
മരം മുറിയിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് റിപ്പോർട്ടിൽ കൃത്യമായ വിവരങ്ങളുണ്ടായിരുന്നില്ല. കുറ്റക്കാരെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ ഡി എഫ് ഒ രഞ്ജിത്ത്, മുൻ റേഞ്ച് ഓഫീസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലിലും വ്യക്തതയില്ല.
ക്രമക്കേട് കണ്ടെത്തിയ റേഞ്ച് ഓഫിസർ ഷെമീറിനെതിരെ പ്രതികൾ ഉന്നിയിച്ച ആരോപണങ്ങൾ അതേപടി അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായും കണ്ടെത്തി. ആരോപണവിധേയരായ എല്ലാവരുടെയും പങ്ക് പ്രത്യേകമായി അന്വേഷിക്കാനും കൃത്യതയുള്ള വിവരങ്ങളോടെ റിപ്പോർട്ട് നൽകാനുമായിരുന്നു നിർദ്ദേശം.
മരം വീഴുന്നു ആരോപണങ്ങളും
ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് അപൂർണവും അവ്യക്തവുമാണെന്ന്. വനം ഉദ്യോഗസ്ഥരുടെ പദവികൾ പോലും തെറ്റായാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
മുട്ടിൽ മരംമുറി കണ്ടെത്തിയ റേഞ്ച് ഓഫീസർ ഷമീറിനെതിരെ, മണിക്കുന്ന് മലയിൽ വനഭൂമിയിൽ മരം മുറിച്ചതുമായി ബന്ധപ്പെട്ട് പ്രതികൾ ആരോപണമുന്നയിച്ചിരുന്നു. ഈ ഭൂമി വനഭൂമി അല്ല സ്വകാര്യ ഭൂമിയാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.
ഈ ആരോപണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതല്ലാതെ ക്രൈംബ്രാഞ്ച് ഇതേപ്പറ്റി സ്വന്തം നിലയ്ക്ക് അന്വേഷിച്ചില്ല. ആരോപണങ്ങളെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ക്രൈംബ്രാഞ്ചും മരം ചുറ്റി കളിച്ചു
വനംവകുപ്പിന്റെ രണ്ട് അന്വേഷണ റിപ്പോർട്ടുകളിൽ നിന്ന് വിരുദ്ധമായ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. മുട്ടിൽ മരംമുറിക്ക് അനുമതി നൽകാതിരുന്ന ഉദ്യോഗസ്ഥനെ കുടുക്കാൻ താത്കാലിക ചുമതലയിലെത്തിയ കൺസർവേറ്റർ ശ്രമിച്ചെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണമുണ്ടായില്ല.
കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെ അടുത്തിടെ തിരിച്ചെടുത്തിരുന്നു.
ചെക്ക്പോസ്റ്റിൽ പരിശോധിക്കാതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കടത്തിവിട്ടതിനാണ് ഇവരെ സസ്പെൻഡ് ചെയ്തിരുന്നത്.
ആരോപണം വന്നപ്പോള്‍ കുലുങ്ങാതെ കേരളം
മേല്‍ സാഹചര്യങ്ങള്‍ നിലനില്‍ക്കെ കേസിലെ പ്രതികളുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട പീഡന ആരോപണം വെറുതെ തള്ളിക്കളയാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന സൂചനകള്‍ പുറത്തു വന്നുകഴിഞ്ഞു.
എസ്.പിയടക്കം പോലീസിലെ ഉന്നതർക്കെതിരെ മുഖ്യമന്ത്രിക്ക് മലപ്പുറത്തെ യുവതി പീഡനപരാതി നൽകിയതിനാൽ ഇക്കാര്യത്തിൽ വിശദമായ പ്രാഥമിക അന്വേഷണം പോലീസ് നടത്തും.
മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതിയിലുള്ളത്. ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്.
ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ പരാതിയിലുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാൻ ആവശ്യപ്പെട്ടു. അവഗണിച്ച് ഇറങ്ങിയപ്പോൾ എസ്പിയുടെ സുഹൃത്ത് കടന്നുപിടിക്കാൻ ശ്രമിച്ചു.
പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവർ കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും നാൾ ജീവിച്ചത് - പരാതിയിൽ പറയുന്നു. 2022ൽ മലപ്പുറത്ത് നടന്നതായി ആരോപിക്കുന്ന സംഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പ്രാഥമിക അന്വേഷണം.
പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് യുവതി നിലപാടെടുത്ത സാഹചര്യത്തിൽ അവരിൽ നിന്നും വിവരങ്ങൾ തേടും. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകും അടുത്ത നീക്കം. അതില്‍ വിട്ടുവീഴ്ച ഉണ്ടാകാനിടയില്ലെന്നാണ് സൂചന.