പൂരപ്പറമ്പിലെ ആനകൾക്ക് പട്ട കൊടുക്കുന്നത് പോലും തടഞ്ഞ് തൃശൂർ പൂരം കലക്കിയതും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുമടക്കം എഡിജിപി അജിത്കുമാർ നടത്തിയ രാഷ്ട്രീയ ഓപ്പറേഷനുകളൊന്നും പ്രത്യേക സംഘം അന്വേഷിക്കില്ല. രാഷ്ട്രീയ പരാമർശങ്ങൾ വിട്ടുകളയാൻ നിർദ്ദേശം. പേരിന് അന്വേഷണം നടത്തി എഡിജിപിക്ക് ക്ലീൻചിറ്റ് നൽകാൻ നീക്കം തകൃതി

തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആർഎസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ സ്വകാര്യ വാഹനത്തിലെത്തി കൂടിക്കാഴ്ച നടത്തിയതും തൃശൂർ പൂരം കലക്കാൻ ശ്രമിച്ചതും മുഖ്യമന്ത്രിക്ക് വേണ്ടിയടക്കം രാഷ്ട്രീയ ഇടനിലക്കാരനായതുമൊന്നും അന്വേഷണത്തിന്റെ ഭാഗമല്ല. 

New Update
pv anvar pinarai vijayan p sasi mr ajith kumar-2

തിരുവനന്തപുരം: വിവാദനായകനായ എ.ഡി.ജി.പി എം.ആർ അജിത്ത്കുമാ‌റിനെതിരേ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കില്ല. 

Advertisment

തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആർഎസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ സ്വകാര്യ വാഹനത്തിലെത്തി കൂടിക്കാഴ്ച നടത്തിയതും തൃശൂർ പൂരം കലക്കാൻ ശ്രമിച്ചതും മുഖ്യമന്ത്രിക്ക് വേണ്ടിയടക്കം രാഷ്ട്രീയ ഇടനിലക്കാരനായതുമൊന്നും അന്വേഷണത്തിന്റെ ഭാഗമല്ല. 


അൻവർ പത്രസമ്മേളനത്തിൽ ഉന്നയിച്ച ഏതാനും ചെറിയ ആരോപണങ്ങൾ അന്വേഷിച്ച് എ.ഡി.ജി.പിക്ക് ക്ലീൻചിറ്റ് നൽകാനാണ് നീക്കങ്ങൾ സജീവമായി പുരോഗമിക്കുന്നത്.


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേ അൻവർ ഉന്നയിച്ച ആരോപണങ്ങളും പ്രത്യേക സംഘം അന്വേഷിക്കുന്നില്ല. രാഷ്ട്രീയ ആരോപണങ്ങളൊന്നും തങ്ങളുടെ അന്വേഷണത്തിന്റെ പരിധിയിൽ ഉണ്ടാവില്ലെന്ന് അന്വേഷണ സംഘത്തിലെ പ്രധാനി വ്യക്തമാക്കി.

ആർ.എസ്.എസ് നേതാവുമായുള്ള എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച വൻ വിവാദമായിരിക്കെയാണ് ഇക്കാര്യത്തിൽ നേരറിയാനുള്ള ഒരു അന്വേഷണം പോലുമില്ലാത്തത്. ഈ കൂടിക്കാഴ്ചയുടെ കാരണം അറിയണമെന്നും എന്തായിരുന്നു എ.ഡി.ജി.പിയുടെ ദൗത്യം എന്ന് തെളിയണമെന്നും സി.പി.ഐ അതിശക്തമായി ആവശ്യപ്പെടുന്നുണ്ട്.


തൃശൂർ പൂരം കലക്കിയത് ആരാണെന്ന സത്യം പുറത്തുവരണമെന്ന് തൃശൂരിൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായിരുന്ന സി.പി.ഐ നേതാവ് വി.എസ് സുനിൽകുമാറും ആവശ്യപ്പെടുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ യാതൊരു അന്വേഷണവും വേണ്ടെന്നാണ് സർക്കാരിന്റെ നിലപാട്. 


ആർഎസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് എ‍ഡിജിപി ഹോട്ടലിലെത്തി ആർ.എസ്.എസ് നേതാവിനെ കണ്ടതെന്ന് തൃശൂർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അന്നേ റിപ്പോർട്ട് ചെയ്തിരുന്നതാണ്. 

ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകും. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ഇത് ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എം.ആർ.അജിത്കുമാർ പൂരം കലക്കിയെന്ന് ഇടത് എംഎൽഎ പി.വി.അൻവർ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചും യാതൊരു അന്വേഷണവും ഉണ്ടാവില്ല. 


പൂരപ്പറമ്പിലെ ആനകൾക്ക് പട്ട കൊടുക്കാൻ പോലും അനുവദിക്കാതെ പൂരം കുളമാക്കിയ തൃശൂർ കമ്മീഷണറായിരുന്ന ജൂനിയർ ഉദ്യോഗസ്ഥൻ അങ്കിത് അശോകനെ സ്ഥലംമാറ്റിയതല്ലാതെ പൂരം കലക്കിയതിൽ യാതൊരു നടപടിയുമില്ല. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയും ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും ലക്ഷ്യമിട്ട് എ.ഡി.ജി.പി നടത്തിയ രാഷ്ട്രീയ ഓപ്പറേഷനാണ് ഇതെന്നാണ് ആരോപണം.


സ്വർണക്കടത്ത്, കൊലപാതകം, മന്ത്രിമാരുടെയടക്കം ഫോൺചോർത്തൽ, സ്വർണംപൊട്ടിക്കൽ, കോടികളുടെ കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളാണ് പി.വി.അൻവർ എം.എൽ.എ ഉന്നയിച്ചത്. മേലുദ്യോഗസ്ഥനായ എ.ഡി.ജി.പിയുടെ മൊഴിയെടുത്ത് ഇതേക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കാൻ ഐ.ജിയുടെ സംഘത്തിന് കഴിയാത്ത സ്ഥിതിയാണ്. 

അന്വേഷണസംഘത്തിലെ മറ്റ് നാലുപേരും എ.ഡി.ജി.പി അജിത്തിന്റെ കീഴുദ്യോഗസ്ഥരാണ്. ഐ.ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുമായ ജി.സ്പർജ്ജൻകുമാറിനാണ് അന്വേഷണനേതൃത്വം. അദ്ദേഹവും സംഘത്തിലുള്ള തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺജോസും അജിത്കുമാറിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടവരാണ്. 


സംഘത്തിലുള്ള എസ്.പി എ.ഷാനവാസ്, വിരമിച്ചശേഷം ഐ.പി.എസ് സ്ഥാനക്കയറ്റം ലഭിച്ച് കഴിഞ്ഞമാസം സർവീസിൽ തിരിച്ചെത്തിയതാണ്. മറ്റൊരു എസ്.പി എസ്.മധുസൂദനൻ എ.കെ.ജി സെന്റർ ആക്രമണക്കേസടക്കം അന്വേഷിച്ച സി.പി.എമ്മിന്റെ വേണ്ടപ്പെട്ടയാളാണ്. ഇവരുടെയൊന്നും കൈയിലൊതുങ്ങുന്നതല്ല അജിത്തിനെതിരായ അന്വേഷണം. 


അതിനിടെ, അന്വേഷണസംഘത്തിലെ ഐ.ജി ജി.സ്പർജ്ജൻകുമാറും ഡി.ഐ.ജി തോംസൺജോസും നിത്യേനയുള്ള ക്രമസമാധാനകാര്യങ്ങൾ തനിക്ക് റിപ്പോർട്ട് ചെയ്യേണ്ടെന്നും നേരിട്ട് ഡി.ജി.പിയെ അറിയിക്കാനും എ.ഡി.ജി.പി അജിത്ത്കുമാർ നിർദ്ദേശിച്ചതും വിവാദമായിട്ടുണ്ട്. സർക്കാരോ ഡിജിപിയോ തീരുമാനിക്കേണ്ട വിഷയത്തിലാണ് അജിത്തിന്റെ അനാവശ്യ ഇടപെടൽ.

Advertisment