എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലെയും തമ്മിലുളള കൂടിക്കാഴ്ച സ്ഥിരീകരിച്ചതോടെ കൂടുതൽ പ്രതിരോധത്തിലായി മുഖ്യമന്ത്രിയും സിപിഎമ്മും. കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തെന്ന സിപിഐയുടെ ചോദ്യത്തിനപ്പുറം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ വിശ്വാസ്യതാ നഷ്ടം നേരിടുമെന്ന് ആശങ്ക ! സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്ന ദുര്‍ബല വാദങ്ങള്‍ അണികള്‍ തൊണ്ട തൊടാതെ വിഴുങ്ങുമോ ?

കൂടിക്കാഴ്ച സത്യമെങ്കിൽ ഗൗരവം ഉളള കാര്യമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. എഡിജിപിയുടെ കൂടിക്കാഴ്ച മുന്നണിയിൽ ഭിന്നതക്ക് വഴിവെച്ചിരിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 

New Update
mr ajith kumar pinarai vijayan Dattatreya Hosabale
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് സഹകാര്യവാഹക് ദത്താത്രേയ ഹൊസബലയുമായുളള കൂടിക്കാഴ്ച സ്ഥീരീകരിക്കപ്പെട്ടതോടെ കൂടുതൽ പ്രതിരോധത്തിലായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും.


Advertisment

സ്വകാര്യ കൂടിക്കാഴ്ചയാണെന്ന ദുർബലവാദവുമായി എഡിജിപിയെ പ്രതിരോധിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ശ്രമിച്ചെങ്കിലും സിപിഐ ശക്തമായി രംഗത്തെത്തിയതോടെ നില കൂടൂതൽ പരുങ്ങലിലാകുകയാണ് ചെയ്തത്.


കൂടിക്കാഴ്ച സ്വകാര്യമായാലും എന്താണ് അതിൻെറ ലക്ഷ്യമെന്ന് അറിയണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ ആവശ്യം. 

ന്യൂനപക്ഷ വിശ്വാസ്യത ഇടിയുമോ ?

കൂടിക്കാഴ്ച സത്യമെങ്കിൽ ഗൗരവം ഉളള കാര്യമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. എഡിജിപിയുടെ കൂടിക്കാഴ്ച മുന്നണിയിൽ ഭിന്നതക്ക് വഴിവെച്ചിരിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 

എന്നാൽ ഇതിനൊപ്പം ഗുരുതരമായ മറ്റൊരു പ്രശ്നം കൂടി സർക്കാരും മുന്നണിയും അഭിമൂഖീകരിക്കുന്നുണ്ടെന്ന് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മതന്യൂനപക്ഷ വിഭാഗങ്ങൾക്കിടിയിൽ ഉണ്ടാകുന്ന വിശ്വാസ്യതാ നഷ്ടമാണത്. 

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ അന്വേഷണം അടക്കമുളള വിഷയങ്ങളിലെ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ചെറുക്കാൻ സിപിഎമ്മിനും ബിജെപിക്കും ഇടയിൽ നേരത്തെ തന്നെ ബന്ധമുണ്ടെന്നത് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അങ്ങാടിപ്പാട്ടാണ്.

കസേരയിലിരുത്തിയവര്‍ കൈവിട്ടാല്‍ !

ഇത് ഇടത് മുന്നണിയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന മുസ്ലിം വിഭാഗങ്ങൾക്കിടയിൽ വലിയ അവിശ്വാസമുണ്ടാക്കിയിട്ടുണ്ട്. അതിൻെറ പ്രതിഫലനമാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൻെറ ഫലത്തിൽ പ്രതിഫലിച്ചത്.


ബിജെപി ഭീഷണി പ്രതിരോധിക്കാൻ കോൺഗ്രസിന് കരുത്തില്ലെന്ന വിമർശനത്തിലാണ് മതേതര ജനാധിപത്യ രാഷ്ട്രീയത്തിൽ പ്രതീക്ഷ വെയ്ക്കുന്ന മുസ്ലീം വിഭാഗത്തിൽപെട്ടവർ കേരളത്തിൽ ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ തുടങ്ങിയത്. ആ പ്രതീക്ഷയാണ് ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായത്.


2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ അധികാരത്തിലെത്താൻ ന്യൂനപക്ഷങ്ങളുടെ പിന്തുണ സഹായകമായിട്ടുണ്ടെന്ന് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 2021ലെ തുടർഭരണ നേട്ടത്തിലും ന്യൂനപക്ഷ പിന്തുണ നിർണായകമായ ഘടകമായി. 

ഇതിനിടയിലാണ് മകൾ ഉൾപ്പെട്ട കേസുകളിൽ നിന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ നിന്നും രക്ഷനേടാൻ മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയുമായി അന്തർധാര ഉണ്ടാക്കിയെന്ന ആരോപണം പുറത്തുവന്നത്. കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തണമെന്ന ബിജെപി നേതാക്കളുടെ പരസ്യപ്രതികരണങ്ങളും ഇത് ശരിവെച്ചു. 

മലബാറിലെ മലക്കംമറിച്ചില്‍

അതോടെ സിപിഎം ബിജെപി ധാരണയെന്ന വിശ്വാസം മുസ്ലിം ന്യൂനപക്ഷത്തിനിടയിൽ ശക്തിപ്പെടുകയായിരുന്നു. ഭാരത് ജോഡോ യാത്രയും ബിജെപിക്ക് എതിരായ കർശന രാഷ്ട്രീയ സമീപനങ്ങളുമായി രാഹുൽ ഗാന്ധിയുടെ ഇടപെടലുകൾ ന്യൂനപക്ഷ സമുദായങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 


രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേശിയ തലത്തിൽ ശക്തിപ്രാപിച്ചതോടെ മുസ്ലീം ന്യൂനപക്ഷം അവരിലേക്ക് തിരിച്ചുപോയി. അതാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്.


കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ മുസ്ളിം ന്യൂനപക്ഷങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം തിരിച്ചറിഞ്ഞാണ് ഇടത് സ്വതന്ത്ര എം.എൽ.എമാരായ പി.വി അൻവർ, ഡോ. കെ.ടി ജലീൽ, മുൻ എംഎൽഎ കാരാട്ട് റസാഖ് എന്നിവർ പരസ്യനിലപാട് സ്വീകരിച്ച് രംഗത്ത് വരാൻ കാരണമെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം.

'പാലം' പണിയാന്‍ പോലീസ് ?

ന്യൂനപക്ഷങ്ങളെ അകറ്റുന്നതിൽ പൊലീസിന് വലിയ പങ്കുണ്ടെന്നും അത് വെളിച്ചത്ത് കൊണ്ടുവരാനാണ് പൊലിസിലെ ഉന്നതരായ എഡിജിപി എം.ആർ അജിത് കുമാറിനും ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസിനും എതിരെ പരസ്യവിമർശനം ഉന്നയിച്ചതെന്നും പറയുന്നുണ്ട്.


ഇപ്പോൾ ആർഎസ്എസ് സഹകാര്യവാഹക് ദത്താത്രേയ ഹൊസബലയുമായി എഡിജിപി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയ വിവരം അദ്ദേഹം തന്നെ സ്ഥിരീകരിക്കുന്നതായുളള വിവരം പുറത്തവരുമ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിൽ സർക്കാരിനോടുളള അവിശ്വാസം പടരുകയാണ്. 


സംസ്ഥാന പൊലീസിൽ ഉന്നത തസ്തികയിലിരിക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ എന്തിന് ആർഎസ്എസ്  നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളളവരുടെ ചോദ്യത്തിന് യുക്തിസഹമായ ഉത്തരം നൽകാൻ സർക്കാരിനോ സിപിഎമ്മിനോ കഴിഞ്ഞിട്ടില്ല.

എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം. അതിനെ അസംബന്ധം എന്ന് പറഞ്ഞ്  തളളുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്.

രാഷ്ട്രീയമായ ഡീൽ ഉണ്ടാക്കാൻ പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കേണ്ട കാര്യമുണ്ടോയെന്നും രാഷ്ട്രീയ ഡീൽ ഉണ്ടാക്കാനാണെങ്കിൽ കൂടിക്കാഴ്ച ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവതുമായി ആയിക്കൂടെയെന്നുമായിരുന്നു എം.വി ഗോവിന്ദൻെറ ചോദ്യം. കാലം മാറിയതുകൊണ്ട് അത്തരം വിവാദങ്ങള്‍കൊണ്ട് അണികളെയും ആളുകളെയും പിടിച്ചു നിര്‍ത്താന്‍ കഴിയുമോ എന്നതാണ് ചോദ്യം.

Advertisment