/sathyam/media/media_files/M0oLPVCFYS5vLoSwANPy.jpg)
തിരുവനന്തപുരം: സിപിഎം സ്വതന്ത്ര എംഎല്‍എ പിവി അന്‍വര്‍ തുറന്നുവിട്ട വിവാദം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കാന്‍ പോകുന്നത് വമ്പന്‍ പ്രതിസന്ധി ആയിരിക്കുമെന്ന് സൂചന.
നിലവില്‍ ഒരു എഡിജിപിയാലും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാലും മാത്രമായി തങ്ങി നില്‍ക്കുന്ന ആരോപണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ സംസ്ഥാന മന്ത്രിസഭയില്‍ നിന്നുതന്നെ രാജി പോലും ഉണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
ഇന്ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സൂചന നല്‍കിയതും അതുതന്നെയാണ്. വിവാദങ്ങളെ 'കാണാന്‍ പോകുന്ന പൂരം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് എഡിജിപിയ്ക്കൊപ്പം ആര്‍എസ്എസ് നേതാവിനെ കണ്ട ഉന്നതരുടെ പേരു കേട്ടാല്‍ കേരളം ഞെട്ടുമെന്നാണ്.
മഞ്ഞുമലയുടെ ഒരറ്റം മാത്രം !
അതിനാല്‍ തന്നെ വിവാദങ്ങള്‍ക്ക് പിന്നില്‍ പലതും ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാരിന്‍റെ ഓരോ നീക്കങ്ങളും പ്രതിപക്ഷം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ അറിഞ്ഞ് മറുനീക്കം എന്നതാണ് പ്രതിപക്ഷ നീക്കം.
കോവളത്ത് എഡിജിപി അജിത് കുമാറിനൊപ്പം ഭരണപക്ഷത്തെ ഉന്നതനും ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്നതാണ് പുതിയ കോലാഹലം.
സിസിടിവി ദൃശ്യങ്ങളടക്കം ഈ ആരോപണം സാധൂകരിക്കാന്‍ വേണ്ടി വേണ്ടപ്പെട്ടവരുടെ പക്കലുണ്ടെന്നാണ് കേള്‍വി. അതൊക്കെ എത്തേണ്ടവരുടെ പക്കല്‍ എത്തിയിട്ടുണ്ടെന്നും സൂചനകളുണ്ട്.
സ്രാവുകള്‍ കോര്‍ട്ടിലേയ്ക്ക്
അങ്ങനെയെങ്കില്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തു് വന്നിരിക്കുന്നതെന്നാണ് കരുതേണ്ടത്. ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ ചെറിയ പരല്‍മീനുകള്‍ മാത്രമാണെന്നും വരാനിരിക്കുന്നത് വമ്പന്‍ സ്രാവുകളെന്നുമാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ മന്ത്രിസഭയില്‍ നിന്നുതന്നെ രാജികള്‍ ഉണ്ടായേക്കാം. വിവാദങ്ങള്‍ ഒരു മന്ത്രിയുടെ രാജിയിലേ അവസാനിക്കൂ എന്നതടക്കമുള്ള പിന്നാമ്പുറ സംസാരങ്ങള്‍ തലസ്ഥാനത്ത് പ്രചരിക്കുന്നുണ്ട്.
അടങ്ങാതെ അന്‍വര്‍ !
എഡിജിപിയുടെ കസേര തെറിപ്പിച്ചാല്‍ മാത്രം പോരാ, അദ്ദേഹത്തിനെതിരെ അന്വേഷണവും കൂടി വേണമെന്ന നിലപാടിലേയ്ക്ക് മാറിയിരിക്കുകയാണ് ആരോപണം ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എ.
അന്വേഷണം അട്ടിമറിച്ചാല്‍ ബാക്കി പിന്നാലെ കാണാം എന്ന മുന്നറിയിപ്പും അന്‍വര്‍ നല്‍കുന്നുണ്ട്. അന്‍വറെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ഇറക്കിയ 'നയതന്ത്ര' ഇടപാടുകളൊന്നും ഇതുവരെ ഫലം കണ്ടില്ല. മാത്രമല്ല അന്‍വര്‍ നിലപാട് കടുപ്പിക്കുകയും ചെയ്തു.
അന്‍വറും കെടി ജലീലും കാരാട്ട് റസാഖും ഉന്നയിച്ച എഡിജിപി - ആര്‍എസ്എസ് ബാന്ധവത്തിന് ഭരണതലത്തിലെ വെറും ചക്കുളത്തിപ്പോര് എന്നതിനപ്പുറം മലബാര്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഖാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന മാരക ശക്തിയുള്ളതാണെന്ന് സിപിഎമ്മിനറിയാം.
അതിനാല്‍ തന്നെ രാഷ്ട്രീയമായി കൂടി സ്വീകാര്യത ലഭിക്കുന്ന വിധം തന്ത്രപരമായി ഈ വിഷയം കൈകാര്യം ചെയ്യണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.