/sathyam/media/media_files/g98mDkytfo6CrizJuGIb.jpg)
തിരുവനന്തപുരം: പുതിയ സഖ്യസാധ്യതകൾ തേടണമെന്ന സി.പി.ഐയിലെ ചർച്ച വെറും തമാശ. എല്ലാക്കാലത്തും ഈ മുന്നണിയിൽ തന്നെ തുടരാൻ ആകുമോ എന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലെ ചർച്ചക്കിടയിലെ നിരുപദ്രവകരമായ ഒരു കമന്റാണ് പ്രമുഖ ദിനപ്പത്രം സഖ്യസാധ്യതകൾ തേടി സി.പി.ഐ എന്ന് വാർത്ത ചമയ്ക്കാൻ ഇടയാക്കിയത് എന്നാണ് നേതൃത്വത്തിൻെറ വിശദീകരണം.
കേരളത്തിലെ പൊതുരാഷ്ട്രീയ സ്ഥിതിയെ സംബന്ധിച്ച ചർച്ചക്കിടെ ദേശിയ എക്സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാർ എം.പിയാണ് എല്ലാക്കാലത്തും ഈ മുന്നണിയിൽ തുടരാനാകുമോ എന്ന കമന്റ് നടത്തിയത്. ഹേമാ കമ്മിറ്റി റിപോർട്ടും അനുബന്ധ സംഭവ വികാസങ്ങളും പി.വി.അൻവർ എം.എൽ.എ ഉയർത്തിവിട്ട ഗുരുതരമായ ആരോപണങ്ങളുടെയും വെളിച്ചത്തിൽ സി.പി.എം കടുത്ത ജീർണത നേരിടുക ആണെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.
ഒരു തമാശ, ഒന്നാം പേജ് വാര്‍ത്തയായപ്പോള്‍
ഈ സാഹചര്യത്തിൽ സി.പി.എമ്മിന് അപ്പുറം യോജിക്കാവുന്ന പുതിയ മേഖലകൾ കൂടി ആരായണം എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സന്തോഷ് കുമാർ നടത്തിയ പ്രയോഗം. എന്നാൽ കോൺഗ്രസ് സഖ്യത്തിലേക്കെന്നോ യു.ഡി.എഫ് സഖ്യം വേണമെന്നോ എന്ന വാക്കുപോലും രാജ്യസഭാംഗമായ സന്തോഷ് കുമാർ നടത്തിയിട്ടില്ല.
വസ്തുത ഇതായിരിക്കെയാണ് സി.പി.ഐ പുതിയ സഖ്യസാധ്യത തേടുന്നു എന്നമട്ടിൽ വലിയ വാർത്തയായി വന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യസഖ്യകക്ഷിയായ സി.പി.ഐക്ക് തൽക്കാലം മറിച്ച് ഒരാലോചനയുമില്ല.
സി.പി.എം അപചയം നേരിടുകയും ജീർണത നേരിടുകയും ചെയ്യുന്നുണ്ടെങ്കിലും സർക്കാരിനെ ചുറ്റിപ്പറ്റി തെറ്റായ പ്രവണതകൾ ശക്തമാണെങ്കിലും മുന്നണി വിടാനുളള ഒരു സാഹചര്യവും ഇപ്പോഴില്ല എന്നതാണ് സി.പി.ഐ നേതൃത്വത്തിൻെറ നിലപാട്.
ഇടത് ഓരം ചേര്‍ന്ന് മാത്രം
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളള നേതാക്കളെല്ലാം ഇപ്പോഴത്തെ മുന്നണി സംവിധാനം വിട്ട് മറിച്ചൊരു തീരുമാനം എടുക്കുന്നതിനോട് യോജിക്കുന്നുമില്ല. മന്ത്രിമാരും ദേശിയ കൗൺസിൽ അംഗങ്ങളുമായ പി. പ്രസാദ്, കെ. രാജൻ എന്നിവരും മുന്നണിമാറ്റ ലൈനിനോട് ശക്തമായ എതിർപ്പുളളവരാണ്.
ദേശിയ എക്സിക്യൂട്ടിവ് അംഗവും രാജ്യസഭയിലെ സി.പി.ഐയുടെ കക്ഷിനേതാവുമായ പി. സന്തോഷ് കുമാറിൻെറ ചർച്ചയ്ക്കിടയിലെ കമന്റാണ് പുതിയ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചതെങ്കിലും അദ്ദേഹം പോലും കേരളത്തിലെ സി.പി.എം സഖ്യം വിട്ട് മറ്റൊരു സാധ്യത ആരായുന്നതിനോട് യോജിക്കുന്നില്ല.
മുന്നണിയുടെ പോക്കിൽ പൊതുവായി എതിർക്കപ്പെടേണ്ടതും യോജിക്കാൻ കഴിയാത്തതുമായ രാഷ്ട്രീയവും ഭരണപരവുമായ നിരവധി കാര്യങ്ങൾ ഉണ്ടെന്ന് സി.പി.ഐ നേതൃത്വം തുറന്നുപറയുന്നുണ്ട്. അതിൽ പലതും സമീപ കാലത്ത് വിവാദമായ സംഗതികളുമാണ്. എന്നാൽ ഈ വിയോജിപ്പുകളും എതിർപ്പുകളും മുന്നണി മാറ്റത്തിന് കാരണമായി മാറുന്നില്ലെന്നാണ് നേതൃത്വം പറയുന്നത്.
ഇടത് ഐക്യം പ്രധാനം
സി.പി.ഐയുടെ മുൻകൈയ്യിലാണ് 1980 ൽ ഇന്ന് കാണുന്ന രീതിയിലുളള എൽ.ഡി.എഫ് സംവിധാനത്തിന് രൂപം കൊടുക്കുന്നത്. ഇടതുപക്ഷ ഐക്യം ശക്തമാക്കാൻ ആഹ്വാനം ചെയ്ത സി.പി.ഐയുടെ ഭട്ടിൻഡാ പാർട്ടി കോൺഗ്രസ് തീരുമാന പ്രകാരം പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കോൺഗ്രസ് സഖ്യത്തിൽ നിന്ന് പുറത്തു വന്നതോടെയാണ് എൽ.ഡി.എഫ് രൂപീകരിക്കുന്നത്.
അത്തരമൊരു സംവിധാനത്തിൽ നിന്ന് സി.പി.ഐ ഇറങ്ങിപ്പോരണമെങ്കിൽ അതിന് പ്രേരകമാകുന്ന മതിയായ രാഷ്ട്രീയ കാരണങ്ങൾ വേണം. അതുകൊണ്ടാണ് ഇപ്പോഴത്തെ വിവാദമോ എതിർപ്പുകളോ മുന്നണി മാറ്റത്തിന് കാരണമാകുന്നതല്ലെന്ന് പറയാൻ കാരണമെന്നും സി.പി.ഐ നേതൃത്വം വിശദീകരിക്കുന്നു.
ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഫലം അവലോകനം ചെയ്യുന്നതിനായി ചേർന്ന സി.പി.ഐ ജില്ലാ നേതൃയോഗങ്ങളിൽ സി.പി.എം നയിക്കുന്ന മുന്നണിയിൽ നിന്ന് മാറണമെന്ന ആവശ്യം ഉയർന്നിരുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിൽ യോഗങ്ങളിലാണ് മുന്നണിമാറ്റ ആവശ്യം ഉയർന്നത്. അതാണ് സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിലെ ചർച്ചയ്ക്കിടെ പി. സന്തോഷ് കുമാർ എം.പി നടത്തിയ കമൻറിനെ സി.പി.ഐ പുതിയ സഖ്യസാധ്യതകൾ തേടുന്നുവെന്ന വാർത്തക്ക് വഴിവെച്ചത്.