ആർഎസ്എസിനെ 'തൊട്ട്' പുലിവാല് പിടിച്ച് സ്പീക്കര്‍ ഷംസീറും ! രാജ്യത്തെ പ്രധാന സംഘടനയാണ് ആർഎസ്എസ് എന്ന പ്രതികരണത്തിൽ സിപിഎമ്മിലും ഇടത് മുന്നണിയിലും ഒറ്റപ്പെട്ട് ഷംസീർ. തുറന്നെതിര്‍ത്ത് സിപിഐയും. ഭരണകക്ഷിയെ വിടാതെ പിന്തുടര്‍ന്ന് ആര്‍എസ്എസ് 'മാജിക് ' !

എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടയിലാണ് സ്പീക്കർ എ.എൻ ഷംസീറിൻെറ പ്രസ്താവന കൂടി വരുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
an shamseer-3
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്ന സ്പീക്കർ എ.എൻ ഷംസീറിൻെറ പ്രതികരണം സിപിഎമ്മിലും മുന്നണിക്ക് അകത്തും വിവാദമാകുന്നു. സ്പീക്കർ തീവ്ര ഹിന്ദു നിലപാടുളള സംഘടനയെ പ്രകീർത്തിച്ച് സംസാരിച്ചു എന്നതാണ് പാർട്ടിയിലും മുന്നണിയിലും ഉയരുന്ന വിമർശനം. ഇതോടെ ആര്‍എസ്എസ് സംബന്ധമായ വിവാദത്തില്‍ സര്‍ക്കാരിലെ മറ്റൊരുന്നതന്‍ കൂടി കക്ഷിയാകുകയാണ്.

Advertisment

എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച വിവാദം കത്തിപ്പടരുന്നതിനിടയിലാണ് സ്പീക്കർ എ.എൻ ഷംസീറിൻെറ പ്രസ്താവന കൂടി വരുന്നത്. ഇതോടെ മുന്നണിയ്ക്കകത്തും സിപിഎമ്മിനകത്തും ആർഎസ്എസുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുകയാണ്. 

തള്ളാനും കൊള്ളാനും കഴിയാതെ സിപിഎം

സ്പീക്കർ എ.എൻ ഷംസീറിൻെറ ഭാഗത്ത് നിന്ന് ആർഎസ്എസിനെ മഹത്വവൽക്കരിക്കുന്ന തരത്തിലുളള പ്രസ്താവന ഉണ്ടായതിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ആർഎസ്എസ് അനുകൂല പ്രസ്താവനയെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അത് ഷംസീറിനോട് തന്നെ ചോദിക്കണമെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻെറ മറുപടി. 

ഷംസീറിൻെറ പ്രതികരണത്തോടുളള നീരസം ഈ മറുപടിയിൽ വ്യക്തമാണ്. സ്പീക്കർ ഒരു സ്വതന്ത്ര പദവിയാണെന്ന് പറഞ്ഞത് മാത്രമാണ് ഷംസീറിന് ആശ്വാസകരമായ കാര്യം. 


എന്നാൽ മറ്റ് സിപിഎം നേതാക്കളും മന്ത്രിമാരും ഷംസീറിൻെറ പ്രതികരണത്തെ തിരുത്തിക്കൊണ്ട് രംഗത്തുണ്ട്. ആർഎസ്എസിനെ കുറിച്ച് കൃത്യമായി അറിയാമെന്നും സർദാർ വല്ലഭായ് പട്ടേൽ നിരോധിച്ച സംഘടനയാണ്  ആർഎസ്എസ് എന്നുമായിരുന്നു മന്ത്രി എം.ബി രാജേഷിൻെറ ഓർമ്മപ്പെടുത്തൽ. 


ഷംസീറിൻെറ പ്രസ്താവന തീർത്തും അനുചിതമായിപ്പോയി എന്ന വികാരമാണ് സിപിഎം നേതൃത്വത്തിനുളളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടും മാധ്യമങ്ങൾ ഷംസീറിൻെറ പ്രസ്താവനയിൽ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി. എന്നാൽ സിപിഐ നേതൃത്വം അതിരൂക്ഷമായാണ് ആർഎസ്എസ് അനുകൂല പ്രസ്താവനയോട് പ്രതികരിച്ചത്.

ഗാന്ധി വധം മറക്കരുതെന്ന് സിപിഐ 

സ്പീക്കറെ പൂർണമായും തളളിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഗാന്ധി വധം ഓർമ്മിപ്പിച്ച് കൊണ്ടാണ് പ്രതികരിച്ചത്. 'ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നു. ആർഎസ്എസ് വലിയ സംഘടനയെന്ന പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു.


ഗാന്ധിജിയെ വധിച്ചതിന്റെ പേരിൽ  നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്. എഡിജിപി ഊഴം വെച്ച്  ആർഎസ്എസ് മേധാവികളെ കാണുന്നു. എന്തിന് കാണുന്നുവെന്ന അറിയാനുള്ള അവകാശമുണ്ട് ' ബിനോയ് വിശ്വം നിലപാടറിയിച്ചു.


സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും സ്പീക്കറുടെ നിലപാട് തളളി രംഗത്തുവന്നു.  ആർഎസ്എസ് പ്രമുഖ സംഘടനയാണെന്നും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നുമുള്ള സ്പീക്കരുടെ പരാമർശം തീർത്തും അനുചിതമായിപ്പോയി. വിധ്വംസക പ്രവർത്തനത്തിന്റെ പേരിൽ രാജ്യത്ത് ഒരു കാലത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആർഎസ്എസ്.

"ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആദ്യത്തെ  ആക്രമണ പദ്ധതിയായിരുന്ന ഗാന്ധിവധം നടത്തിയ മനുഷ്യത്വ വിരുദ്ധ പ്രത്യയ ശാസ്ത്രമാണ് ആർഎസ്എസ്. സ്വാതന്ത്ര്യ സമരത്തോട് പോലും നിഷേധാത്മക സമീപനം സ്വീകരിക്കുകയും രാജ്യത്തിന്റെ സമന്വയ സംസ്കാരത്തെ അട്ടിമറിച്ചും വർഗ്ഗീയ അജണ്ട നടപ്പാക്കി പൗരന്മാരെ ധ്രുവീകരിച്ചുമുള്ള ഫാസിസ്റ്റ് നയങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരോടുള്ള സമീപനം മയപ്പെട്ട് പോകരുത്.'' എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ പ്രതികരിച്ചു.

പറഞ്ഞത് പറഞ്ഞതുതന്നെ ! 

ഇന്നലെ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം വിവാദമായെങ്കിലും പറഞ്ഞതിൽ തെറ്റൊന്നുമില്ലെന്ന നിലപാടിലാണ് സ്പീക്കർ എ.എൻ ഷംസീർ. പറഞ്ഞതെല്ലാം വസ്തുതയാണെന്നും വസ്തുതാവിരുദ്ധമായ ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് സ്പീക്കർ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന വിശദീകരണം.


രാഷ്ട്രീയമായും നയപരമായും വിയോജിപ്പുണ്ടെങ്കിലും ആർഎസ്എസ്. രാജ്യത്തെ പ്രധാന സംഘടനകളിൽ ഒന്നാണെന്ന കാര്യം ആർക്കും അംഗീകരിക്കേണ്ടിവരും. 


രാഷ്ട്രീയമായി വിയോജിപ്പുളളവരുമായി സംസാരിക്കാൻ പാടില്ലെന്നില്ല. മാധ്യമങ്ങൾ ആഗ്രഹിക്കുന്നത് പോലെ രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ വാളെടുക്കാൻ ആകുമോയെന്നുമാണ് സ്പീക്കർ എ.എൻ ഷംസീറിൻെറ ചോദ്യം. ആർഎസ്എസ് എന്ന സംഘടനയോട് പൊരുതി നിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാൾ ആയിട്ടും മാധ്യമങ്ങൾ പ്രതികരണത്തെ ഇത്തരത്തിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ലെന്നും ഷംസീർ കുറ്റുപ്പെടുത്തുന്നു.

Advertisment