/sathyam/media/media_files/f4fQOJ2AzxzsdJHGftkp.jpg)
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്ത്കുമാറിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാതെ സർക്കാർ സംരക്ഷണമൊരുക്കുകയാണെങ്കിലും പ്രശ്നത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ഫോൺ ചോർത്തൽ, പോലീസുകാരുടെ ക്രിമിനൽ ബന്ധം അടക്കമുള്ള ആരോപണങ്ങളിൽ സർക്കാർ കൈകൊണ്ട നടപടികൾ അടിയന്തരമായി അറിയിക്കാൻ മുഖ്യമന്ത്രിക്ക് ഗവർണർ നിർദ്ദേശം നൽകി. സംസ്ഥാനത്തിന്റെ ഭരണത്തലവൻ എന്ന അധികാരമുപയോഗിച്ചാണ് നടപടി. ഇപ്പോൾ ഉയർന്നിരിക്കുന്നത് അതീവ ഗൗരമുള്ള ആരോപണങ്ങളാണെന്ന് ഗവർണർ വിലയിരുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള അധികൃതരുടെ ടെലിഫോൺ സംഭാഷണങ്ങൾ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാർ ചോർത്തുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകളുടെയും മാർഗ്ഗ നിർദ്ദേശങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഗുരുതരമായ കുറ്റകൃത്യമാണിത്.
പി.വി. അൻവർ എംഎൽഎയും, ഒരു ഐപിഎസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണത്തിന്റെ, എംഎൽഎ പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നും, സർക്കാരിന് പുറത്തുള്ളവർക്ക് സ്വാധീനമുള്ള ചിലർ സർക്കാരിൻറെ അധികാരങ്ങൾ കവർന്നെടുക്കുകയാണെന്നും കത്തിൽ ഗവർണർ സൂചിപ്പിച്ചിട്ടുണ്ട്. ഇവരുടെ സംഭാഷണങ്ങളിൽ നിന്നു തന്നെ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവരുമായുള്ള ബന്ധം ഉറപ്പിക്കാനാവും.
സംസ്ഥാനത്ത് ഒരു എംഎൽഎ ഒരു പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിയതായ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തൽ വളരെ ഗുരുതരമായ കുറ്റമാണെന്നും നിയമപ്രകാരമുള്ള നടപടികൾ അത്യാവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
ചില വ്യക്തികൾ അനധികൃതമായും നിയമവിരുദ്ധമായും സർക്കാറിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണെന്നും അതുകൊണ്ടുതന്നെ സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നും ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
അനധികൃതമായി ഫോൺചോർത്തുന്ന പൊലീസ്, ചോർത്തുന്ന വിവരങ്ങൾ വേണ്ടെപ്പട്ടവർക്ക് പങ്കുവയ്ക്കുന്നതും ഗുരുതര ആശങ്കയാവുകയാണ്. തനിക്കെതിരേ പരാതി നൽകിയവരുടെയും ജീവനക്കാരുടെയും ഫോൺചോർത്താൻ വ്യാജപുരാവസ്തു ഇടപാടുകാരൻ മോൻസൺ മാവുങ്കൽ ഐ.ജിയോട് പറയുന്ന വീഡിയോ പുറത്തായിരുന്നു.
ഇപ്പോൾ ഫോൺചോർത്തൽ ഉന്നയിക്കുന്നത് ഭരണകക്ഷി എം.എൽ.എയായ പി.വി അൻവറാണ്. പൊലീസ് രഹസ്യമായി ഫോൺചോർത്തുന്നതായി ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ഡി.ജി.പിയായിരുന്ന ജേക്കബ്തോമസും വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരത്ത് പേരൂർക്കടയിൽ വാടകവീടെടുത്ത് ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ പൊലീസ് സ്ഥാപിച്ചിരുന്നെന്നും താൻ ആഭ്യന്തരമന്ത്രിയായിരിക്കെ അത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നുമായിരുന്നു ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.
നിയമാനുസൃതം ഫോൺ ചോർത്താൻ നിലവിൽ കടമ്പകളേറെയുണ്ട്. രാജ്യദ്രോഹം, കള്ളനോട്ട് കേസുകളുമായി ബന്ധമുള്ളവരുടെ ഫോൺ നിയമാനുസൃതം ചോർത്താം. അനുമതി നൽകുന്നത് പരിശോധിക്കാൻ ചീഫ്സെക്രട്ടറി, നിയമ-പൊതുഭരണ സെക്രട്ടറിമാരടങ്ങിയ ഉന്നതസമിതിയുണ്ട്.
കാരണം വിശദീകരിച്ച് ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതി തേടാം. രണ്ടു മാസത്തേക്കാണ് ആദ്യഅനുമതി. പിന്നീട് ഒരു മാസം നീട്ടാം. ചോർത്തലിന് മാസംതോറും പൊലീസ് നൂറിലേറെ അപേക്ഷ നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല. അടിയന്തരസാഹചര്യത്തിൽ മുൻകൂർ അനുമതിയില്ലാതെയും ഏഴുദിവസം ഫോൺ ചോർത്താം. പിന്നീട് അംഗീകാരം നേടണം.
പക്ഷേ, കാരണം യഥാർത്ഥമായിരിക്കണം. ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ നൂറിൽതാഴെപ്പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്. മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഉന്നതഉദ്യോഗസ്ഥരുടെയുമൊക്കെ ഫോൺചോർത്തുന്നുണ്ട്.