തിരുവനന്തപുരം: രാഷ്ട്രീയ പ്രസംഗങ്ങളിൽ എതിരാളികൾക്കു നേരെ മർമ്മം നോക്കി പ്രയോഗിക്കാനറിയാവുന്ന നേതാവായിരുന്നു സീതാറാം യെച്ചൂരി. കത്തിക്കയറുന്ന പ്രസംഗ രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. പതിഞ്ഞ ശബ്ദത്തിൽ, നർമ്മത്തിന്റെ അകമ്പടിയോടെ കുറിക്കു കൊള്ളുന്ന പ്രസംഗം.
എന്നാൽ രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ അൽപ്പം പോലും പിശുക്കു കാട്ടിയതുമില്ല. കൊള്ളേണ്ടിടത്ത് കൊള്ളുന്ന മൂർച്ചയുള്ള വാക്കുകളായിരുന്നു യെച്ചൂരിയുടേത്. പ്രസംഗത്തിൽ വസ്തുതകളും ചരിത്രപരമായ ഓർമ്മപ്പെടുത്തലുകളുമുണ്ടാവും.
ബി.ജെ.പിയെ ആക്രമിക്കുന്ന പ്രസംഗങ്ങളിൽ 'സീതയും രാമനും' ചേർന്ന ആളാണെന്ന് താനെന്ന് സീതാറാം യെച്ചൂരി പതിവായി പറയാറുണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തകരോട് മറ്റ് നേതാക്കൾ ശത്രുതയും അകൽച്ചയും കാട്ടുമ്പോഴും എല്ലാവരുടെയും ചങ്ങാതിയായി തോളിൽ കൈയ്യിട്ട് സംസാരിക്കുന്ന നേതാവായിരുന്നു യെച്ചൂരി.
അദ്ദേഹത്തിന്റെ അസാമാന്യ നർമ്മബോധം രാഷ്‌ട്രീയ എതിരാളികൾ പോലും തലകുലുക്കി സമ്മതിക്കും. പതിഞ്ഞ ശബ്ദത്തിൽ നർമ്മം ചാലിച്ചുള്ള പ്രസംഗങ്ങൾ ആരെയും പിടിച്ചിരുത്തും. അവയ്ക്ക് രാഷ്ട്രീയ പ്രസംഗങ്ങളുടെ കാഠിന്യമുണ്ടായിരുന്നില്ല. പക്ഷേ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ കഴിയുമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പോലെ നേതാക്കളും കടുകട്ടിയായിരിക്കണമെന്ന നിലപാടൊന്നും യെച്ചൂരിക്കുണ്ടായിരുന്നില്ല.
ഹമ്പിള്‍ സിംബിള്‍ യെച്ചൂരി
ജീവിതം ആസ്വദിക്കുന്ന വ്യക്തിയായിരുന്നു. നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. ഭക്ഷണ പ്രിയനാണ്. മാദ്ധ്യമ പ്രവർത്തകരുടെ ഇഷ്‌ട നേതാവാണെങ്കിലും പാർട്ടി വിഷയങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഭാര്യ മുതിർന്ന മാദ്ധ്യമ പ്രവർത്തക സീമാ ചിത്‌സി, മക്കൾ അന്തരിച്ച മാദ്ധ്യമ പ്രവർത്തകൻ ആശിഷ് യെച്ചൂരി, പ്രഭാഷകയായ ഡോ. അഖിലാ യെച്ചൂരി, യു.എസിൽ സ്ഥിരതാമസമാക്കിയ ഡാനിഷ് എന്നിവര്‍.
ബി.ജെ.പിയെ നേരിടുന്ന മതേതര പാർട്ടികളുടെ കൂട്ടായ്മയിൽ കോൺഗ്രസിന് നിഷേധിക്കാനാവാത്ത സ്ഥാനമുണ്ടെന്ന നിലപാടായിരുന്നു തുടക്കം മുതൽ യെച്ചൂരിക്ക്. എന്നാൽ പാർട്ടിയുടെ ശക്തി കേന്ദ്രമായ കേരള ഘടകവുമായി ഇതേ ചൊല്ലി തർക്കം നിലനിന്നിരുന്നു. കണ്ണൂർ പാർട്ടി കോൺഗ്രസിൽ പോലും ഈ വിഷയം ചൂടേറിയ ചർച്ചയായി മാറിയിരുന്നു.
വിശ്വാസം വ്യക്തിപരമെന്ന് വിലയിരുത്തി
മദ്രാസിൽ 1992 ജനുവരിയിൽ നടന്ന 14-ാം പാർട്ടി കോൺഗ്രസിൽ അവതരിക്കപ്പെട്ട ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് എന്ന രേഖയുടെ കരട് തയ്യാറാക്കിയും അവതരിപ്പിച്ചതും യെച്ചൂരിയായിരുന്നു. മുൻ പിബി അംഗവും പ്യൂപ്പിൾസ് ഡെമോക്രസി എഡിറ്ററുമായിരുന്ന ബസവ പുന്നയ്യയാണ് ഈ ദൗത്യം യെച്ചൂരിയെ ഏൽപ്പിച്ചത്. രാഷ്‌ട്രീയ സമ്പദ്‌വ്യവസ്ഥ എന്ന തലത്തിൽ നിന്ന് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എങ്ങനെ നോക്കി കാണാമെന്നതായിരുന്നു അതിലെ പ്രധാന ചർച്ച.
മതവിശ്വാസം വ്യക്തിപരമായ കാര്യമായി പരിഗണിക്കപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഹിജാബിന്റെയും ഹലാലിന്റെയും പേരിലുള്ള വിവാദങ്ങൾ ജനങ്ങൾക്കിടയിൽ വിഭാഗീയത ലക്ഷ്യമിട്ടുള്ളതാണ്. അതിനാൽ ഹിന്ദുത്വ അജണ്ട ചെറുക്കപ്പെടണം. അതിനുള്ള ശ്രമങ്ങളായിരിക്കണം സി.പി.എം നടത്തേണ്ടത്. അതിനായി കരുത്താർജ്ജിക്കാനുള്ള ചർച്ചകളാണ് പാർട്ടി കോൺഗ്രസ് നടത്തിയത്.
എതിര്‍ക്കേണ്ടത് വര്‍ഗീയതയെ
അവ നടപ്പാക്കാനുള്ള ഉത്തരവാദിത്വം പാർട്ടി പ്രവർത്തകരും നേതാക്കളും ഏറ്റെടുക്കണം. ഹിന്ദുത്വ അജണ്ടയുടെ പേരിൽ ഹിന്ദു സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ ശക്തിയായി നിലനിൽക്കുന്നതിനൊപ്പം രാജ്യത്ത് ഫാസിസ്റ്റ് ചേരിക്കെതിരെ പ്രതിരോധം സംഘടിപ്പിക്കാനും സി.പി.എമ്മിനാകണം.
ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും സംരക്ഷണവും പാർട്ടി ഏറ്റെടുക്കണം. ഫെഡറൽ സംവിധാനത്തിന്റെ പ്രസക്തി നിലനിറുത്താനുള്ള ഉത്തരവാദിത്വവും പാർട്ടിക്കുണ്ട് യെച്ചൂരിയുടെ നിലപാട് ഇങ്ങനെയായിരുന്നു.