കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ ചുരുക്കിയത് കേരളത്തിന് വീണ്ടും തിരിച്ചടിയാവുന്നു. അറുപത് പുതിയ മെഡിക്കൽ കോളേജുകൾ ഇക്കൊല്ലം അനുവദിച്ചിട്ടും കേരളത്തിന് ഒറ്റയെണ്ണം പോലുമില്ല. 10 ലക്ഷം ജനങ്ങൾക്ക് 100 എംബിബിഎസ് സീറ്റെന്ന കേന്ദ്രനയം കേരളത്തിന് വൻ തിരിച്ചടി. കേരളത്തിൽ ഇപ്പോഴുള്ളത് 4100 എംബിബിഎസ് സീറ്റുകൾ. അർഹത 3500 സീറ്റുകൾക്ക് മാത്രം. പുതിയ മെഡിക്കൽ കോളേജുകൾ ഇനി കേരളത്തിന് ഇല്ലെന്ന് കേന്ദ്രം

പത്ത് ലക്ഷം ജനങ്ങൾക്ക് 100 എം.ബി.ബി.എസ് സീറ്റെന്നതാണ് പുതിയ ദേശീയനയം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഈ നയം കൊണ്ടുവന്നതെങ്കിലും തിരിച്ചടിയായത് കേരളത്തിനാണ്.  

New Update
mbbs seates
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഇക്കൊല്ലം രാജ്യത്ത് അറുപത് പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയിട്ടും കേരളത്തിന് ഒന്നുപോലുമില്ല. മെഡിക്കൽ കോളേജുകൾ അനുവദിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡമാണ് കേരളത്തിന് തിരിച്ചടിയായത്. 

Advertisment

പത്ത് ലക്ഷം ജനങ്ങൾക്ക് 100 എം.ബി.ബി.എസ് സീറ്റെന്നതാണ് പുതിയ ദേശീയനയം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഈ നയം കൊണ്ടുവന്നതെങ്കിലും തിരിച്ചടിയായത് കേരളത്തിനാണ്.  

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിൽ 3500 എം.ബി.ബി.എസ് സീറ്റുകൾക്കേ അർഹതയുള്ളൂ. നിലവിൽ 4100 സീറ്റുകളുണ്ട്. അതിനാൽ പുതിയ മെഡിക്കൽ കോളേജുകളും കൂടുതൽ എം.ബി.ബി.എസ് സീറ്റുകളും കേരളത്തിന് അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. 

കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ ചുരുക്കിയത് കേരളത്തിന് തിരിച്ചടിയാവുകയാണ്. നേരത്തേ ജി.എസ്.ടി വിഹിതം, ആസൂത്രണ കമ്മീഷൻ വിഹിതം എന്നിവയുടെ കാര്യത്തിലും ജനസംഖ്യാ നിയന്ത്രണം കേരളത്തിന് തിരിച്ചടിയായിരുന്നു.


ഇക്കൊല്ലം പുതിയ അറുപത് മെഡിക്കൽ കോളേജുകൾ കൂടി വന്നതോടെ രാജ്യത്തെ ആകെ മെഡിക്കൽ കോളേജുകൾ 766 ആയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 അധിക മെഡിക്കല്‍ സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയില്‍ നിന്ന് നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. 


കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98% വർധനയുണ്ടായതായെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2013-14ൽ 387 ആയിരുന്നു മെഡിക്കൽ കോളജുകളുടെ എണ്ണമെങ്കിൽ 2024-25ൽ 766 ആയി.  

സർക്കാർ മെഡിക്കൽ കോളജുകൾ - 423, സ്വകാര്യ മെഡിക്കൽ കോളജുകൾ - 343. എംബിബിഎസ് സീറ്റുകളുടെ എണ്ണം 2023 - 24 ൽ 1,08,940 ആയിരുന്നു. 2024 - 25 ൽ 1,15,812 ആയി. അതായത് 6.30 ശതമാനം വർദ്ധന.


കേരളത്തിൽ ഏറ്റവും ഡിമാന്റുള്ളത് എം.ബി.ബി.എസ് പഠനത്തിനാണ്. റഷ്യയിലേക്കും ചൈനയിലേക്കും അടക്കം അമ്പതിലേറെ രാജ്യങ്ങളിൽ പോയി മലയാളികൾ എം.ബി.ബി.എസ് പഠിക്കുന്നു. യുക്രെയിനിൽ യുദ്ധം തുടങ്ങിയപ്പോൾ അവിടെ നിന്ന് എം.ബി.ബി.എസ് വിദ്യാ‌ർത്ഥികളെ ഒഴിപ്പിക്കുന്നതായിരുന്നു ഇന്ത്യ നേരിട്ട വലിയ വെല്ലുവിളി. 


യുദ്ധം തുടരുകയാണെങ്കിലും റഷ്യയിലേക്ക് ഇപ്പോഴും വൻതോതിൽ കുട്ടികൾ എം.ബി.ബി.എസ് പഠനത്തിന് പോവുന്നു. കോടിക്കണക്കിന് രൂപയാണ് പഠനച്ചെലവിനത്തിൽ ഇന്ത്യയ്ക്ക് പുറത്തേക്ക് ഒഴുകുന്നത്.

എം.ബി.ബി.എസ് കോഴ്സിന്റെ വൻ ഡിമാന്റ് മുന്നിൽ കണ്ട് സർക്കാർ തുടങ്ങാനിരുന്ന വയനാട്, കാസർകോട് ,തിരുവനന്തപുരം ജനറലാശുപത്രി മെഡിക്കൽ കോളേജുകൾക്കും പാലക്കാട്ടെ വാളയാർ, വർക്കല എന്നിവിടങ്ങളിലെ സ്വാശ്രയകോളേജുകൾക്കും കേന്ദ്രനയം തിരിച്ചടിയാണ്. 

ഇവയ്ക്ക് അനുമതി കിട്ടാൻ സാദ്ധ്യത കുറവാണ്. എല്ലാ ജില്ലകളിലും ഗവ.മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. കേരളത്തിൽ നിലവിൽ 10ലക്ഷംപേർക്ക് 131എം.ബി.ബി.എസ് സീറ്റുകളുണ്ട്. അതിനാൽ ഇനി കേരളത്തിലെ അപേക്ഷകൾ സ്വീകരിക്കേണ്ടെന്നാണ് കേന്ദ്ര തീരുമാനം.


ഇന്ത്യയിൽ നയം ഇതായിരിക്കെ, ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വാതിൽ തുറന്നിടുകയാണ് വിദേശ രാജ്യങ്ങൾ. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് പ്രവേശനം ലഭിക്കാൻ എളുപ്പമുള്ള റഷ്യ, ചൈന, ജോർജിയ, യുക്രൈൻ, കസാഖിസ്താൻ, ഫിലിപ്പീൻസ്, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ത്യൻ വിദ്യാർഥികൾ കൂടുതലായി പ്രവേശനം നേടുന്നത്. 


വിദേശത്ത് കോഴ്‌സ് പൂർത്തിയാക്കിയവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പാസാകേണ്ട എഫ്.എം.ജി.ഇ. (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് എക്സാമിനേഷൻ) പാസാകുന്നവരുടെ എണ്ണം 20 ശതമാനത്തിൽ താഴെയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിദേശ പഠനത്തിലെ നിലവാര തക‌ർച്ചയാണ് ഇത് വെളിവാക്കുന്നത് എന്ന വിലയിരുത്തലുമുണ്ട്.

Advertisment