/sathyam/media/media_files/7MvvZiml4QELIUcTOFHW.jpg)
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെതിരേ കടുത്ത വിമർശനമാണ് ഇപ്പോഴുണ്ടാവുന്നത്. ഐ ടി പ്രൊഫഷണലും പുണെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യയിലെ (ഇ.വൈ) ജീവനക്കാരിയുമായിരുന്ന അന്ന സെബാസ്റ്റ്യൻ്റെ നിര്യാണത്തിൽ നിർമ്മലയുടെ പ്രതികരണമാണ് ഇപ്പോൾ വിവാദമായത്.
ജോലി സമ്മർദ്ദം എങ്ങനെ നേരിടണമെന്ന് കുട്ടികളെ വീട്ടിൽ നിന്ന് പഠിപ്പിക്കണെന്നും ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദ്ദങ്ങൾ നേരിടാമെന്നുമാണ് ചെന്നൈയിലെ കോളേജിലെ പരിപാടിയിൽ നിർമ്മല പറഞ്ഞത്.
ഫോബ്‌സ് പട്ടികയിൽ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സംഗീതജ്ഞ ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർ ഉൾപ്പെട്ട പട്ടികയിൽ ഇടംപിടിച്ച വനിതയാണ് നിർമ്മല. മൂന്ന് കേന്ദ്രമന്ത്രിസഭകളിൽ ക്യാബിനറ്റ് റാങ്കും ആദ്യത്തെ മുഴുവൻ സമയ വനിതാ ധനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് നിർമ്മല.
ഇന്ദിരയ്ക്ക് ശേഷം ഇന്ത്യ കണ്ട രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രി. രാജ്യത്തെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയുമാണ്. എന്നാൽ ഇന്ന് വിമർശനങ്ങളുടെ മുൾമുനയിലാണ് നിർമ്മല.
നിർമ്മലയ്ക്ക് സ്ത്രീപ്രസ്ഥാനങ്ങളും സ്ത്രീകളും മാപ്പുനൽകില്ലെന്നാണ് മന്ത്രി ഡോ. ബിന്ദു കടുത്ത ഭാഷയിൽ വിമർശിച്ചത്.
സ്ത്രീരാഷ്ട്രീയത്തിൻ്റെ ലാഞ്ഛന പോലുമില്ലാത്ത കോർപ്പറേറ്റ് രാഷ്ട്രീയത്തിൻ്റെ പിണിയാളുകളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ഏറ്റവും ലജ്ജാകരവും ഹീനവുമാണ്.
ഐ ടി പ്രൊഫഷണൽ അന്ന സെബാസ്റ്റ്യൻ്റെ വേദനാകരമായ ജീവൻ വെടിയലിൻ്റെ ഉത്തരവാദിത്തം അവളിലും അവളുടെ കുടുംബത്തിലും ചാർത്തി കൈ കഴുകുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ വാക്കുകൾ കോർപ്പറേറ്റ് തമ്പ്രാക്കളെ സുഖിപ്പിക്കാൻ ഉതകിക്കാണും, സ്ത്രീജനത പക്ഷെ അതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നത് ആവേശത്തോടെ കാണുന്നു - മന്ത്രി ഡോ. ബിന്ദു ഫേസ് ബുക്കിൽ കുറിച്ചു.
കുടുംബത്തിലും തൊഴിലിടങ്ങളിലും അടക്കമുള്ള ബഹുമുഖമായ ഉത്തരവാദിത്തങ്ങൾ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടി വരുന്നവരാണ് സ്ത്രീകൾ പൊതുവിൽ.
അവയിലെല്ലാം ഒരിളവും കൂടാതെ മികവ് കാത്തുസൂക്ഷിക്കാനും പ്രതീക്ഷകൾക്കൊത്ത് ഉയരാനും അവ സാധിക്കാതെ വരുമ്പോൾ ഇപ്പറഞ്ഞ ഇടങ്ങളിൽ നിന്നെല്ലാം തുറുകണ്ണുകൾ നേരിടേണ്ടി വരുന്നതും ഓരോ സ്ത്രീയ്ക്കും അനുഭവമാണ്.
അവ വരുത്തി വെക്കുന്ന ഭാരവും സമ്മർദ്ദവും നേരിടുന്നതിൽ ഒരു കൂട്ടും അവർക്ക് താങ്ങാവാൻ പര്യാപ്തമാകാറുമില്ല. ഈ പൊതു അവസ്ഥയ്ക്ക് കൂടുതൽ ക്രൂരദംഷ്ട്ര കൈവന്നിരിക്കുകയാണ് കോർപ്പറേറ്റ് കാലത്ത്.
അതിൻ്റെ രക്തസാക്ഷിയാണ് അന്ന സെബാസ്റ്റ്യൻ. കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തിൻ്റെ സഹജമായ കുഴപ്പങ്ങൾ സ്ത്രീകളെ എത്ര നീതിരഹിതമായാണ് ബാധിക്കുന്നതെന്നത് കാണാൻ കഴിയാത്തത് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ രാഷ്ട്രീയം എത്ര മാത്രം സ്ത്രീവിരുദ്ധമാണെന്നതിന് അടിവരയിടുന്നതാണ് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
തൊഴിൽ സമ്മർദ്ദങ്ങൾ സ്ത്രീകൾ സ്വയം നേരിടണമെന്ന നിർമ്മലയുടെ വാക്കുകൾ ആരോഗ്യകരമായ തൊഴിലന്തരീക്ഷം അവർക്ക് സൃഷ്ടിച്ചു കൊടുക്കുന്നതിൽ കോർപ്പറേറ്റുകൾക്കുള്ള ഉത്തരവാദിത്തത്തിൽ നിന്ന് അവരെ നൈസായി ഒഴിവാക്കിക്കൊണ്ടുള്ള കുത്സിതത്വമാണ്.
ചൂഷണലക്ഷ്യം ഒളിച്ചു വെയ്ക്കാതെയുള്ള തൊഴിൽദാതാക്കളുടെ ലാഭക്കൊതിയ്ക്ക് ഇരയാക്കാൻ തൊഴിലിടങ്ങളെ പരിപൂർണ്ണമായി സ്ത്രീവിരുദ്ധമാക്കി മാറ്റുകയെന്ന വലതുപക്ഷ രാഷ്ട്രീയ ഉദ്ദേശമാണ് അവരുടെ വാക്കിൽ തെളിയുന്നത്.
നിർമ്മല സീതാരാമനെപ്പോലെ അഭ്യസ്തവിദ്യയെന്ന് കരുതപ്പെടുന്ന ഒരാളിൽ നിന്ന് മാപ്പോ പശ്ചാത്താപമോ അന്നയുടെ മരണത്തെച്ചൊല്ലി നടത്തിയ പരാമർശത്തിൽ പ്രതീക്ഷിക്കുക വയ്യ. എന്നാലത് ഈ നാട്ടിലെ വകതിരിവുള്ള സ്ത്രീകളും സ്ത്രീപ്രസ്ഥാനങ്ങളും മാപ്പാക്കി തരുമെന്ന് പ്രതീക്ഷിക്കണ്ട - മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അധിക സമ്മർദ്ദം, പ്രത്യേകിച്ചും ഐ ടി മേഖലയിലുള്ളത്, നിസ്സാരവല്കരിച്ചു കൊണ്ട് ഇനി മുന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ പിന്തുടരുന്ന ദുർനയങ്ങളാണ് അടുക്കള വിട്ട് അരങ്ങിലെത്തുന്ന സ്ത്രീജനതയെ അതിലും വലിയ തടങ്കൽ പാളയത്തിൽ കുരുക്കാൻ ഇടവരുത്തുന്നതെന്നത് സുവ്യക്തമായി വരികയാണ്.
തൊഴിലെടുക്കുന്ന ആത്മാഭിമാനമുള്ള ഓരോ സ്ത്രീയും അവരുടെ പ്രസ്ഥാനങ്ങളും അതിലെ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തെ വിചാരണ ചെയ്യുകതന്നെ ചെയ്യും.
അതിൻ്റെ തുടക്കമാണ് അന്നയ്ക്ക് നീതി കിട്ടാത്തതിനെതിരെയും നിർമ്മലയുടെ ഒളിയജണ്ടക്കെതിരെയും പൊതുസമൂഹത്തിൽ ഉയർന്നുപൊങ്ങുന്ന പ്രതിഷേധ സ്വരങ്ങൾ - മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അവയോട് നിരുപാധികം ഐക്യദാർഢ്യപ്പെടുകയാണെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.