അൻവർ - അജിത്ത് അടി മൂക്കുന്നതിനിടെ ഗുണ്ടാ, റിയൽ എസ്റ്റേറ്റ് മാഫിയാ ബന്ധത്തിന് സസ്പെൻഷനിലായ ഡിവൈഎസ്‌പിമാരെ തിരിച്ചെടുത്ത് സർക്കാർ. മാഫിയാ ബന്ധമുള്ളവരെ കാക്കിയിടീക്കില്ലെന്ന വാക്ക് വെറുംവാക്കായി. പോലീസിലെ ക്രിമിനലുകൾക്ക് വീണ്ടും സംരക്ഷണം

2023 ജനുവരിയിൽ സസ്പെൻഡ് ചെയ്തിരുന്ന തലസ്ഥാനത്തെ രണ്ട് ഡിവൈ.എസ്.പിമാരെ ആഭ്യന്തരവകുപ്പ് തിരിച്ചെടുത്തു. അൻവർ - അജിത്ത് കുമാർ വിവാദത്തിനിടെ അതീവ രഹസ്യമായാണ് മാഫിയാ ബന്ധമുള്ള പോലീസുദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തത്. 

New Update
pv anvar pinarai vijayan mr ajith kumar-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഗുണ്ടാ, റിയൽഎസ്റ്റേറ്റ് മാഫിയാ ബന്ധമുള്ള പോലീസുകാരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് ആവർത്തിക്കുന്ന സർക്കാർ ഗുണ്ടാ - റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനുകൾ റദ്ദാക്കി സർവീസിൽ തിരിച്ചെടുക്കുന്നു. 

Advertisment

2023 ജനുവരിയിൽ സസ്പെൻഡ് ചെയ്തിരുന്ന തലസ്ഥാനത്തെ രണ്ട് ഡിവൈ.എസ്.പിമാരെ ആഭ്യന്തരവകുപ്പ് തിരിച്ചെടുത്തു. അൻവർ - അജിത്ത് കുമാർ വിവാദത്തിനിടെ അതീവ രഹസ്യമായാണ് മാഫിയാ ബന്ധമുള്ള പോലീസുദ്യോഗസ്ഥരെ സർവീസിൽ തിരിച്ചെടുത്തത്. 


തിരുവനന്തപുരത്തെ ഗുണ്ടാ - റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ടിരുന്ന ഡിവൈഎസ്പിമാരായ കെ.ജെ. ജോണ്‍സണ്‍, എം. പ്രസാദ് എന്നിവരുടെ സസ്പെൻഷനാണ് ആഭ്യന്തര വകുപ്പ് റദ്ദാക്കിയത്. ഇവർക്ക് ഉടൻ നിയമനം നൽകും.


ഈ ഉദ്യോഗസ്ഥർ സാമൂഹ്യവിരുദ്ധരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി സേനയുടെയാകെ പ്രതിച്ഛായ നശിപ്പിച്ചതായി കണ്ടെത്തിയാണ് നടപടിയെടുത്തത്. 

ഗുണ്ടകൾ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തർക്കങ്ങൾ തീർക്കാൻ ഇവർ മദ്ധ്യസ്ഥരായിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു. 

പാറ്റൂരിൽ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ മുട്ടട സ്വദേശി നിതിനും കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ അനുയായി രഞ്ജിത്തും തമ്മിലുള്ള തർക്കത്തിൽ ഇവർ മദ്ധ്യസ്ഥത വഹിച്ചു. റിയൽ എസ്റ്റേറ്റ് ഏജന്റാണ് രഞ്ജിത്ത്. 


നിതിന്റെ മുട്ടടയിലെ വീട്ടിൽ നിതിനും രജ്ഞിത്തുമായ അനുനയ ചർച്ചയിൽ കെ.ജെ.ജോൺസൺ, എം.പ്രസാദ്, നേരത്തേ സസ്പെൻഡ് ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് എന്നിവരാണ് മദ്ധ്യസ്ഥരായത്. രണ്ട് ഡിവൈ.എസ്.പിമാരും നിതിന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു.


ഡിവൈ.എസ്.പി ജോൺസണിന്റെ മകളുടെ ജന്മദിനാഘോഷ പാർട്ടി നടത്താൻ ഗുണ്ടാനേതാവടക്കം പുറമെ നിന്നുള്ളവർ പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. 

ഗുണ്ടാനേതാവിന്റെ അനുയായി ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടിൽ ഉന്നത പൊലീസുദ്യോഗസ്ഥർ മദ്ധ്യസ്ഥരായതും റിയൽ എസ്റ്റേറ്റ് ഇടപാടുകാരന്റെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശനത്തിനു പോയതും തികച്ചും അനുചിതമാണെന്നും ഇരുവരെയും ഉടനടി സസ്പെൻഡ് ചെയ്യണമെന്നും ഡി.ജി.പി സർക്കാരിന് ശുപാർശ നൽകിയിരുന്നു. 

ആഭ്യന്തര വകുപ്പിന്റെ പരിശോധനയിൽ രണ്ട് ഡിവൈ.എസ്.പിമാരും ഗുരുതര പെരുമാറ്റദൂഷ്യവും അച്ചടക്കലംഘനവും കാട്ടിയതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യമായി. 


മുതിർന്ന പൊലീസുദ്യോഗസ്ഥരായ ഇവരുടെ പെരുമാറ്റം സേനയുടെയാകെ പ്രതിച്ഛായ ഇടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് സസ്പെൻഡ് ചെയ്ത് അണ്ടർ സെക്രട്ടറി വി.വി.ബിനിൽ ഉത്തരവിറക്കിയത്.


ക്രിമിനൽ കേസുകളിൽ പ്രതികളായതും ഗുണ്ടാ, മാഫിയാ ബന്ധമുള്ളതുമായ എല്ലാ പൊലീസുകാർക്കെതിരെയും കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. പിരിച്ചുവിടൽ, സസ്പെൻഷൻ, സ്ഥലംമാറ്റം എന്നിങ്ങനെ നടപടികൾ  നടപ്പാക്കാനായിരുന്നു നിർദ്ദേശം. 

കുഴപ്പക്കാരായ പൊലീസുകാരുടെ പട്ടികയുണ്ടാക്കി പീഡനം തുടങ്ങിയ ഗുരുതര കേസുകളിൽ പ്രതികളായവരെയും കേസുകൾ അട്ടിമറിച്ചവരെയും പിരിച്ചുവിടണം. ഗുണ്ടാ, മാഫിയാ ബന്ധമുള്ളവരെ ഉടനടി സസ്പെൻഡ് ചെയ്യണം. മാഫിയാ ബന്ധമുള്ളവരെയെല്ലാം ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കി സ്ഥലംമാറ്റണം- ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തുകയാണിപ്പോൾ.


സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പിമാ‌ർ റിയൽ എസ്റ്റേറ്റ്-ഗുണ്ടാ മാഫിയകൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയെന്നും റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ചെന്നും കണ്ടെത്തിയതിനു പിന്നാലെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. 


ഗുണ്ടകളുമായും ഗുണ്ടാനേതാക്കളുമായുള്ള അവിശുദ്ധ ബന്ധം, അച്ചടക്ക ലംഘനം, അധികാര ദുർവിനിയോഗം തുടങ്ങിയവ ഉണ്ടായതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 

ഇതിനു പിന്നാലെയാണ് തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ്പിയായിരുന്ന കെ.ജെ. ജോണ്‍സണെയും വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - ഒന്ന് ഡിവൈഎസ്പിയായിരുന്ന എം. പ്രസാദിനെയും സസ്പെൻഡ് ചെയ്തത്. 

തിരുവനന്തപുരം റൂറൽ പോലീസ് സ്റ്റേഷനുകളിൽ നടന്ന റിയൽ എസ്റ്റേറ്റ് തർക്കങ്ങളിലും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ ഭാഗമായി മംഗലപുരം പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കെതിരേയും സ്ഥലംമാറ്റം അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. 

ഇരുവർക്കുമെതിരേയുള്ള അന്വേഷണം പൂർത്തിയാക്കിയെന്നും പിആർ മിനിറ്റ്സ് തീർപ്പാക്കാൻ സർക്കാരിലേക്കു നൽകിയെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ പിൻവലിക്കുന്നതെന്നും ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു.

Advertisment