/sathyam/media/media_files/gaT1wrVgHoxbY5sccfwZ.jpg)
തിരുവനന്തപുരം: ബാർക്ക് റേറ്റിങ്ങിനായി വാർത്താ ചാനലുകൾ തമ്മിലുളള മത്സരം കടുത്തതോടെ വാർത്താ വിഭാഗത്തിൻെറ തലപ്പത്ത് പുതിയ നിയമനം നടത്തി ഏഷ്യാനെറ്റ് ന്യൂസ്. വാർത്തകളുടെ ആസൂത്രണത്തിലും വിന്യാസത്തിലും പുതിയ ഭാവുകത്വം കൊണ്ടുവരിക ലക്ഷ്യമിട്ട് മുതിർന്ന മാധ്യമ പ്രവർത്തകനായ ബി. ശ്രീജനെയാണ് എഡിറ്റോറിയൽ തലപ്പത്ത് നിയമിച്ചത്.
കോ- ഓർഡിനേറ്റിങ്ങ് എഡിറ്ററായാണ് ശ്രീജന്‍റെ നിയമനം. ഉപഗ്രഹ ചാനലെന്ന ലക്ഷ്യവുമായി ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ പ്രവർത്തനം തുടങ്ങിയ ദി ഫോർത്തിൻെറ ന്യൂസ് ഡയറക്ടറായിരുന്നു. മലയാള മനോരമ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും പ്രവർത്തിച്ച ശ്രീജന് മാധ്യമ പ്രവർത്തനത്തിൽ 23 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്.
ഷീരൂർ, വയനാട് ദുരന്തം തുടങ്ങിയ വലിയ തോതിൽ പ്രേക്ഷക ശ്രദ്ധകിട്ടിയ സംഭവങ്ങൾ നടന്നയാഴ്ചകളിൽ റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടതാണ് എഡിറ്റോറിയൽ തലപ്പത്ത് പുതിയ നിയമനത്തിന് മാനേജ്മെന്റിന് പ്രേരണയായത്.
എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറും സീനിയർ കോ-ഓർഡിനേറ്റിങ്ങ് എഡിറ്റർമാരായ വിനു.വി. ജോണും പി.ജി. സുരേഷ് കുമാറും അടങ്ങുന്ന മൂവർ സംഘമാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ എഡിറ്റോറിയൽ വിഭാഗത്തെ നിലവില്‍ നയിക്കുന്നത്.
നിയമനം മൂവര്‍സംഘം അറിയാതെ
ചാനൽ തലപ്പത്തേക്ക് പുതിയ മുഖങ്ങളെ കൊണ്ടുവരാൻ അനുവദിക്കാതെ എതിർത്തു പോന്നിരുന്ന സിന്ധു - വിനു - സുരേഷ് ത്രയം അറിയാതെയാണ് ബി. ശ്രീജനെ കോ-ഓർഡിനേറ്റിങ്ങ് എഡിറ്ററായി നിയമിച്ചതെന്ന് പറയപ്പെടുന്നു.
നിയമനം നടന്ന ശേഷമാണ് മൂവർ സംഘം സംഭവത്തെപ്പറ്റി അറിയുന്നതത്രെ. എഡിറ്റോറിയൽ നേതൃത്വത്തിലേക്ക് പുതുതായി കടന്നുവരുന്നവർക്ക് അവസരം നൽകാതെയും തീരുമാനങ്ങളെടുക്കുന്ന ഫോറങ്ങളിലെടുക്കാതെയും ഒതുക്കി പായിപ്പിക്കുന്നു എന്നതാണ് മൂവർ സംഘത്തെപ്പറ്റി ചാനൽ മാനേജ്മെന്റിന് മുന്നിലുളള പരാതി. ഇതിൽ വസ്തുതയുണ്ടെന്ന വിലയിരുത്തലിലാണ് സിന്ധു-വിനു-സുരേഷ് ത്രയം അറിയാതെ ബി. ശ്രീജനെ തലപ്പത്ത് നിയമിച്ചത്.
നിയമനം നടത്തിയ ശേഷം മാത്രം എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധുവിനെ വിവരമറിയിച്ച മാനേജ്മെന്റ് പഴയ പ്രശ്നങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
മാതൃഭൂമി പത്രാധിപ സ്ഥാനത്ത് നിന്ന് ഏഷ്യാനെറ്റ് ന്യൂസ് മാനേജിങ്ങ് എഡിറ്ററായി വന്ന മനോജ്.കെ.ദാസിനെ നിലംതൊടാൻ അനുവദിക്കാതിരുന്ന അനുഭവമാണ് മാനേജ്മെന്റിനെ ഇത്തരം മുന്നറിയിപ്പ് നൽകാൻ പ്രേരിപ്പിച്ചത്.
നിലംതൊടാത്ത വമ്പന്മാര്‍
ചാനൽ ഉടമ രാജീവ് ചന്ദ്രശേഖറിൻെറ നോമിനിയായിരുന്നിട്ടും ചാനലിൻെറ വാർത്താ വിഭാഗത്തിൽ ഇടപെടാൻ സിന്ധു-വിനു-സുരേഷ് ത്രയം മനോജ് കെ.ദാസിനെ അനുവദിച്ചിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസിൻെറ എഡിറ്റർ പദവിയിലിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി.രാധാകൃഷ്ണനും സമാന അനുഭവം നേരിട്ടിരുന്നു. പത്രാധിപരായിരുന്നിട്ടും വാർത്താധിഷ്ഠിത പരിപാടികളുടെ ചുമതല മാത്രമേ എം.ജി. രാധാകൃഷ്ണന് ലഭിച്ചിരുന്നുളളു.
മൂവർ സംഘത്തോട് പൊരുതി നിൽക്കാനാവാതെയാണ് മനോജ് കെ.ദാസും എം.ജി.രാധാകൃഷ്ണനും സ്ഥാപനം വിട്ടത്. മൂവർ സംഘത്തിൻെറ പ്രീതി ലഭിക്കാത്ത റിപോർട്ടർമാർക്കും ഏഷ്യാനെറ്റ് ന്യൂസിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അനുഭവമുണ്ട്.
അന്വേഷണാത്മക റിപോർട്ടുകളിലൂടെ പേരെടുത്ത ബിജു പങ്കജ് ഏഷ്യാനെറ്റ് വിട്ട് മാതൃഭൂമിയിലേക്ക് പോയതാണ് ഒരു ഉദാഹരണം. 'ചിത്രം വിചിത്രം' പരിപാടിയുടെ അവതാരകരായിരുന്ന കെ.വി മധു, ജോർജ് പുളിക്കൻ എന്നിവർ പുറത്തുപോയതും സിന്ധു-വിനു-സുരേഷ് ത്രയത്തിൻെറ ഗുഡ് ബുക്കിൽ ഇടം നേടാനാവാത്തതിനാലായിരുന്നുപോലും.
വില്ലനായത് റേറ്റിങ് ?
കോ-ഓർഡിനേറ്റിങ്ങ് എഡിറ്റായി നിയമിതനായ ബി. ശ്രീജനും ഇതേ അനുഭവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന അടക്കം പറച്ചില്‍ സ്ഥാപനത്തിനുള്ളില്‍ തന്നെയുണ്ട്. ഇത് മനസിലാക്കിയാണ് സിന്ധു - വിനു - സുരേഷ് ത്രയം അറിയാതെ നിയമനം നടത്തിയതും അതിന് ശേഷം പഴയ രീതികൾ ആവർത്തിക്കരുതെന്ന് മുന്നറയിപ്പ് നൽകുകയും ചെയ്തത്. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ശ്രീജനുമായി ആശയവിനിമയം നടത്താനും മൂവർ സംഘത്തിന് നിർദ്ദേശം നൽകിയിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് വെല്ലുവിളികളില്ലാതെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കാലത്തെല്ലാം സിന്ധു - വിനു - സുരേഷ് ത്രയത്തെ പിണക്കാൻ മാനേജ്മെന്റ് തയാറായിരുന്നില്ല. പരാതികൾ ഉണ്ടായിട്ടും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടെന്ന കാരണത്താൽ അതെല്ലാം അവഗണിക്കുകയായിരുന്നു.
റേറ്റിങ്ങിൽ പിന്നിൽ പോകുകയും ഇപ്പോഴത്തെ ഒന്നാം സ്ഥാനം പോലും സുരക്ഷിതമല്ലെന്ന് വരികകൂടി ചെയ്തതോടെയാണ് മൂവർ സംഘത്തെ മറികടന്ന് തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെന്റ് തയാറായത്. പുതിയ ചാനലുകളുടെ ഊർജസ്വലമായ പ്രവർത്തനം ചലനങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടും പരമ്പരാഗത വാർത്താവതരണ ശൈലിയിൽ നിന്ന് വഴിമാറി നടക്കാൻ സിന്ധു-വിനു-സുരേഷ് ത്രയം തയാറായിരുന്നില്ല.
റേറ്റിങ്ങിൽ ചാഞ്ചാട്ടം ഉണ്ടായതോടെയാണ് ഒരേ റൂട്ടിലോടുന്ന ശൈലിയിൽ അൽപ്പം മാറ്റത്തിന് സന്നദ്ധമായത്. എന്നാൽ മനസില്ലാ മനസോടെയുളള ഈ മാറ്റങ്ങളൊന്നും ഫലം ഉണ്ടാക്കിയതുമില്ല. ഈ സാഹചര്യം മുതലാക്കിയാണ് ബി. ശ്രീജനെ മാനേജ്മെന്റ് എഡിറ്റോറിയിൽ തലപ്പത്തേക്ക് നിയമിച്ചത്.
ശ്രീജന് സര്‍വ്വത്ര വെല്ലുവിളി
പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി അധികാര ശ്രേണിയിൽ സിന്ധുവിൻെറയും വിനുവിൻെറയും സുരേഷിൻെറയും തൊട്ട് താഴെയായിട്ടാണ് ശ്രീജനെ നിലവില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മാനേജ്മെന്റ് പ്രതിനിധിയായെത്തിയ ശ്രീജൻ, സമീപഭാവിയിൽ തന്നെ എഡിറ്റോറിയൽ മേധാവിത്വത്തിലേക്ക് വന്നുകൂടായ്കയില്ല.
ഏഷ്യാനെറ്റ് ന്യൂസിൻെറ വാർത്താ വിഭാഗത്തിൽ വാർത്തകളുടെ ആസൂത്രണത്തിൻെറയും വിന്യാസത്തിൻെറയും ചുമതലയിലേക്കാണ് ബി. ശ്രീജൻ എത്തിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെയും ദ ന്യൂ ഇന്ത്യൻ എക്സപ്രസിൻെറയും കേരള ബ്യൂറോ ചീഫ് ആയിരുന്ന ശ്രീജന് വാർത്തകളുടെ ആസൂത്രണത്തിൽ നല്ല പ്രാവീണ്യമുണ്ട്.
വാർത്താവതരണത്തിലും കവറേജിലും ട്വന്റി ഫോർ , റിപോർട്ടർ തുടങ്ങിയ ചാനലുകളിൽ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ശ്രീജൻെറ അനുഭവ സമ്പത്ത് ഏഷ്യാനെറ്റ് ന്യൂസിന് ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. എന്നാൽ സിന്ധു-വിനു-സുരേഷ് ത്രയം പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കാതെ പ്രതിരോധിക്കാൻ ശ്രമിച്ചാൽ എല്ലാം പാഴാകും.
എന്നാൽ റേറ്റിങ്ങ് ഇടിഞ്ഞ സാഹചര്യത്തിൽ ചാനലിൽ പുതിയ ചിന്തയും ഭാവുകത്വവും വളർത്തി നിലവിലുളള അവസ്ഥക്ക് മാറ്റം ഉണ്ടാക്കേണ്ടത് മൂവർ സംഘത്തിൻെറ കൂടി നിലനിൽപ്പിൻെറ പ്രശ്നമാണ്. അതുകൊണ്ട് ബി.ശ്രീജൻെറ എഡിറ്റോറിയൽ തലപ്പത്തേക്കുളള കടന്നുവരവിനെ വലിയ തോതിൽ പ്രതിരോധിക്കാൻ സാധ്യതയില്ലെന്നാണ് വാർത്താ വിഭാഗം ജീവനക്കാർ നൽകുന്ന വിവരം.